Big stories

വെസ്റ്റ്ബാങ്ക് ഇസ്രായേലില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍

വെസ്റ്റ്ബാങ്ക് ഇസ്രായേലില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍
X

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിനെ ഇസ്രായേലില്‍ ചേര്‍ക്കാന്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതായി റിപോര്‍ട്ട്. ബൈബിള്‍ പ്രകാരം വെസ്റ്റ്ബാങ്കിന്റെ ഉടമസ്ഥാവകാശം ഇസ്രായേലിന് അവകാശപ്പെടാമെന്ന് പ്രചരിപ്പിക്കുന്ന ഈ വിഭാഗങ്ങള്‍ കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വോട്ട് ചെയ്യുകയും വോട്ടുകള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്തിരുന്നു.


യൂറോപ്പില്‍ നിന്നെത്തിയ ജൂതകുടിയേറ്റക്കാര്‍ തദ്ദേശീയരായ ഫലസ്തീനികളെ അടിച്ചോടിച്ച് 1948ല്‍ ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാജ്യം രൂപീകരിച്ചതിന് ശേഷം അല്‍പ്പം പ്രദേശങ്ങള്‍ മാത്രമാണ് ഫലസ്തീനികള്‍ക്ക് ബാക്കിയായത്. 1967ല്‍ ജോര്‍ദാന്‍, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയ ശേഷമാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്ക് നിയന്ത്രണത്തിലാക്കിയത്. 1993ലെ ഓസ്‌ലോ കരാറിലെ ദ്വിരാഷ്ട്ര ഫോര്‍മുല പ്രകാരം രൂപീകരിക്കാനുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമാണെന്ന് ലോകരാജ്യങ്ങള്‍ പറയുന്ന പ്രദേശം ഇസ്രായേലിന്റെ കൈയ്യില്‍ എത്തിക്കാനുള്ള ശ്രമമാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റിപോര്‍ട്ട് പറയുന്നു. 1967ന് ശേഷം നിരവധി ജൂതന്‍മാരെ പ്രദേശത്ത് കുടിയിരുത്തിയിരുന്നു. ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ എത്തിയശേഷം ജൂതന്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. 30 ലക്ഷം ഫലസ്തീനികള്‍ ജീവിക്കുന്ന വെസ്റ്റ്ബാങ്കില്‍ ഇപ്പോള്‍ അഞ്ച് ലക്ഷത്തില്‍ അധികം ജൂത കുടിയേറ്റക്കാരുമുണ്ട്.


ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കിലേക്ക് വരുന്നു

തങ്ങളുടെ കുടില പദ്ധതികള്‍ നടപ്പാക്കാന്‍ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ നടത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റിപോര്‍ട്ട് പറയുന്നു. വൈറ്റ്ഹൗസില്‍ നിവേദനങ്ങള്‍ നല്‍കല്‍, ഇസ്രായേലില്‍ പോവല്‍, വിഷയം സുവിശേഷ സമ്മേളനങ്ങളില്‍ പ്രമേയം ആക്കല്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ നേടല്‍ തുടങ്ങിയ രീതികളാണ് സ്വീകരിച്ചിരിക്കുന്നത്.

യുഎസിലെ പ്രമുഖ സുവിശേഷകരായ റാല്‍ഫ് റീഡ്, ടോണി പെര്‍കിന്‍സ്, മാരിയോ ബ്രാംനിക് എന്നിവരുള്‍പ്പെടെയുള്ള സംഘം ചൊവ്വാഴ്ച്ച ജറുസലേം സന്ദര്‍ശിച്ച് വെസ്റ്റ് ബാങ്ക് ഇസ്രായേലിന്റേതാണ് എന്ന് പ്രഖ്യാപിച്ചു.

''ദൈവം ഇസ്രായേലിന് ഒരു ബ്ലാങ്ക് ചെക്ക് നല്‍കിയതായി എനിക്ക് തോന്നുന്നു'' എന്നാണ് 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ അട്ടിമറി നടന്നു എന്നു പറഞ്ഞ് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തിയ ഫ്‌ളോറിഡയിലെ ഒരു പള്ളിയിലെ പാസ്റ്ററും ലാറ്റിനോ കോയലിഷന്‍ ഫോര്‍ ഇസ്രായേലിന്റെ പ്രസിഡന്റുമായ മാരിയോ ബ്രാംനിക് പറഞ്ഞത്. ഈ ക്രിസ്ത്യന്‍ പാതിരിമാരെല്ലാം 'ക്രിസ്ത്യന്‍ സയണിസം' എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ബൈബിള്‍, ജൂതന്‍മാര്‍ക്ക് ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ബൈബിളില്‍ പരാമര്‍ശമുള്ള 'ജൂദിയ, സമരിയ' എന്നീ പ്രദേശങ്ങളാണ് വെസ്റ്റ്ബാങ്ക് എന്നും പറയുന്നു. ബൈബിള്‍ പ്രകാരമുള്ള ഈ 'വാഗ്ദാനം' നിറവേറ്റുന്നതില്‍ സഹായിക്കുന്ന ക്രിസ്ത്യാനികള്‍ അനുഗ്രഹീതരാണെന്നും ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സ്ഥാപനം ബൈബിളിലെ മറ്റു പ്രവചനങ്ങള്‍ നടപ്പാവാന്‍ കാരണമാവുമെന്നും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

'ജൂദിയയും സമരിയയും' ഉള്‍പ്പെടുന്ന പ്രദേശം കൈവശം വയ്ക്കാന്‍ ഇസ്രായേലിനുള്ള തടസങ്ങളെ ബലം പ്രയോഗിച്ച് ഇല്ലാതാക്കണമെന്നാണ് ടെലി ഇവാഞ്ചലിസ്റ്റായ ടെറി കോപ്‌ലാന്‍ഡ് പിയേഴ്‌സണ്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ടെക്‌സസില്‍ നടന്ന നാഷണല്‍ റിലീജിയസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനിലാണ് ടെറി ഇക്കാര്യം പറഞ്ഞത്. ഇസ്രായേലിന് വേണ്ടി നിലകൊള്ളുന്ന 'അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോര്‍ ഇസ്രായേല്‍' എന്ന സംഘടന ഈ പരിപാടിയില്‍ ഒരു പ്രമേയവും കൊണ്ടുവന്നു. വെസ്റ്റ്ബാങ്ക് ഇസ്രായേലിന് നല്‍കണമെന്ന നിവേദനം യുഎസ് പ്രസിഡന്റിന് നല്‍കാനും തീരുമാനിച്ചു.

ഫലസ്തീന്‍ പ്രശ്‌നത്തെ തൂഫാനുല്‍ അഖ്‌സ വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നതോടെ ഇസ്രായേല്‍ അനുകൂല നിലപാട് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ ശക്തമാക്കിയിരിക്കുകയാണ്. വെസ്റ്റ്ബാങ്കിനെ ഇസ്രായേലില്‍ ചേര്‍ക്കണമെന്ന തങ്ങളുടെ നിലപാട് യുഎസ് സര്‍ക്കാര്‍, നയമായി അംഗീകരിക്കുകയാണെങ്കില്‍ ഫലസ്തീന്‍ രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആരും തയ്യാറാവില്ലെന്നാണ് ഇവാഞ്ചലിസ്റ്റുകള്‍ കരുതുന്നത്. യുഎസില്‍ ഈ സമ്മര്‍ദ്ദം നടക്കുന്നതിനൊപ്പം തന്നെ ഇസ്രായേലി സൈന്യവും ജൂതകുടിയേറ്റക്കാരും വെസ്റ്റ്ബാങ്കില്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ അരലക്ഷത്തില്‍ അധികം ഫലസ്തീനികളെയാണ് ഇസ്രായേലി സൈന്യം വീടുകളില്‍ നിന്ന് പുറത്താക്കിയത്.


ന്യൂയോര്‍ക്കിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയും 'ഫ്രണ്ട്‌സ് ഓഫ് ജൂദിയ ആന്‍ഡ് സമരിയ കോക്കസ്' എന്ന സംഘടനയുടെ നേതാവുമായ ക്ലോഡിയ ടെന്നിയും ട്രംപിന് കത്തയച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കില്‍ അവകാശം ഉന്നയിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കണമെന്നാണ് കത്ത് ആവശ്യപ്പെടുന്നത്. ''ജൂത-ക്രിസ്ത്യന്‍'' പൈതൃകം സംരക്ഷിക്കുന്നതില്‍ ഇതോടെ യുഎസ് പങ്കാളിയാവുമെന്നാണ് ക്ലോഡിയ പറഞ്ഞത്. വെസ്റ്റ്ബാങ്കിനെ 'ജൂദിയ, സമരിയ' എന്ന് വിളിക്കണമെന്ന ഒരു ബില്ല് അടുത്തിടെ ക്ലോഡിയ ടെന്നി അവതരിപ്പിക്കുകയുമുണ്ടായി.

വെസ്റ്റ്ബാങ്ക് ഇസ്രായേലിന്റേത് ആവുന്നത് ആളുകള്‍ക്ക് ഇഷ്ടമാണെന്നാണ് ഫെബ്രുവരിയില്‍ നെതന്യാഹുവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്. ഇതോടെ കഴിഞ്ഞ മാസം തന്നെ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ വെസ്റ്റ്ബാങ്ക് ഇസ്രായേലിന്റേതാണെന്ന പ്രമേയവും പാസാക്കി.

ഇസ്രായേലിലെ സയണിസ്റ്റുകളുടെ പദ്ധതികളെ പിന്തുണക്കുന്നയാളാണ് ട്രംപ്. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ നിലപാട് അതിന്റെ തുടര്‍ച്ചയാണ്. വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജനുവരിയില്‍ ട്രംപ് റദ്ദാക്കിയിരുന്നു.

കൂടാതെ, ഇസ്രായേല്‍ അനുകൂലികളായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ അനുയായികളെ ഭരണത്തിലെ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി സൃഷ്ടിച്ച വൈറ്റ്ഹൗസ് ഫെയ്ത്ത് ഓഫിസിലെ സീനിയര്‍ ഉപദേഷ്ടാവായി ടെലി ഇവാഞ്ചലിസ്റ്റ് പോള വൈറ്റ്‌കെയ്‌നെ നിയമിച്ചു.


പോള വൈറ്റ്‌

ജൂതകുടിയേറ്റക്കാരുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന അര്‍ക്കന്‍സാസിലെ മുന്‍ ഗവര്‍ണറായ മൈക്ക് ഹക്കബിയെ ഇസ്രായേലിലെ അംബാസഡറാക്കാനും തീരുമാനിച്ചു.


മൈക്ക് ഹക്കബി

'ജൂദിയയിലും സമരിയയിലും' ഇസ്രായേലിന് ഉടമസ്ഥാവകാശമുണ്ടെന്ന് 2017ല്‍ മൈക്ക് ഹക്കബി പ്രഖ്യാപിച്ചിരുന്നു. താന്‍ ഇസ്രായേല്‍ അംബാസഡര്‍ ആയാല്‍ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇയാള്‍ ഇസ്രായേലി ആര്‍മി റേഡിയോയോട് പറയുകയുമുണ്ടായി.

വെസ്റ്റ്ബാങ്കിനെ 'ജൂദിയ സമരിയ' എന്ന് വിളിക്കണമെന്ന് യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റിയുടെ അധ്യക്ഷനായ ഫ്‌ളോറിഡ റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രയാന്‍ മാസ്റ്റ്, ജീവനക്കാരോട് ആവശ്യപ്പെട്ടതായി യുഎസ് മാധ്യമമായ ആക്‌സിയോസില്‍ വന്ന റിപോര്‍ട്ട് പറയുന്നു.


ബ്രയാന്‍ മാസ്റ്റ്

എന്നിരുന്നാലും ഫലസ്തീന്‍ വിഷയത്തില്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഒരേ നിലപാടല്ല. ദ്വിരാഷ്ട്ര ഫോര്‍മുല നടപ്പാക്കിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂയെന്ന അഭിപ്രായത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. ഗസയില്‍ നടത്തിയ അധിനിവേശം ഇസ്രായേലിന്റെ പിന്തുണ വന്‍തോതില്‍ കുറയാന്‍ കാരണമായി. ഫലസ്തീനികള്‍ക്ക് അനുകൂലമായ ഈ നിലപാടാണ് കാംപസുകളില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ ശബ്ദം കവരുകയാണെന്നാണ് യുഎസില്‍ താമസിക്കുന്ന ഫലസ്തീന്‍ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസിലെ റിപോര്‍ട്ട് പറയുന്നു. സുവിശേഷ ക്രിസ്ത്യാനികള്‍ ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ ശബ്ദം കവരുന്നതായി 'Across the Divide' എന്ന പേരില്‍ വിശ്വാസത്തെയും സാമൂഹിക നീതിയെയും കുറിച്ചുള്ള പോഡ്കാസ്റ്റ് നടത്തുന്ന നോട്രെ ഡാമിലെ ദൈവശാസ്ത്ര ഡോക്ടറല്‍ വിദ്യാര്‍ഥിയായ ഡാനിയേല്‍ ബന്നൂറ പറഞ്ഞു.


ഡാനിയേല്‍ ബന്നൂറ

അതേസമയം, 1993ലൈ ഓസ്‌ലോ കരാറില്‍ നിന്നും ഹെബ്രോണ്‍ കീഴ്‌വഴക്കത്തില്‍ നിന്നും വെയ് റിവര്‍ മെമ്മോറാണ്ടത്തില്‍ നിന്നും ഇസ്രായേല്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ബില്ല് മുന്‍ പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ കഴിഞ്ഞ ദിവസം നെസെറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്.


ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രായേലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും(പിഎല്‍ഒ)ഒപ്പിട്ട കരാറുകളാണ് ഓസ്‌ലോ കരാറുകള്‍. 1993ല്‍ യുഎസിലെ വൈറ്റ്ഹൗസില്‍ ഒപ്പിട്ട കരാര്‍ ഇസ്രായേലിനെ അംഗീകരിക്കുകയും വെസ്റ്റ്ബാങ്കില്‍ ഫലസ്തീനി സ്വയംഭരണം അംഗീകരിക്കുകയും ചെയ്യുന്നു. 1995ല്‍ ഓസ്‌ലോ കരാര്‍ വിപുലീകരിച്ചു. വെസ്റ്റ്ബാങ്കിനെ എ, ബി, സി എന്നിങ്ങനെ മൂന്നു സോണുകളാക്കി തിരിച്ചു. ചില പ്രദേശങ്ങള്‍ ഭരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയെ അനുവദിക്കുകയും ചെയ്തു.

ഫലസ്തീനിയന്‍ നേതാവായിരുന്ന യാസര്‍ അറഫാത്തും ഇസ്രായേലും 1997ല്‍ ഒപ്പിട്ട ഹെബ്രോണ്‍ ഉടമ്പടി അല്‍ ഖലീലിനെ (ഹെബ്രോണ്‍) രണ്ടു സെക്ടറുകളായി വേര്‍തിരിക്കുകയാണ് ചെയ്തത്. അല്‍ ഖലീലിന്റെ 80 ശതമാനം ഫലസ്തീനികളുടെ നിയന്ത്രണത്തിലും 20 ശതമാനം ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലും ആക്കണമെന്നാണ് ഈ കരാര്‍ പറയുന്നത്. പക്ഷേ, സിവില്‍ അധികാരം ഫലസ്തീന്‍ അതോറിറ്റിക്കായിരിക്കും.

യുഎസിലെ മേരിലാന്‍ഡിലെ വെയ് പ്ലാന്റേഷനില്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ 1998ല്‍ നെതന്യാഹുവും യാസര്‍ അറഫാത്തും വൈ റിവര്‍ മെമോറാണ്ടത്തില്‍ ഒപ്പിട്ടിരുന്നു. ഓസ്‌ലോ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടമാണിത്. വെസ്റ്റ്ബാങ്കിലെ 13 ശതമാനം പ്രദേശത്ത് നിന്ന് കൂടി ഇസ്രായേല്‍ സൈന്യം പിന്‍മാറണമെന്നും ഇസ്രായേലും ഫലസ്തീന്‍ അതോറിറ്റിയും സൈനികമായി സഹകരിക്കണമെന്നുമാണ് ഈ മെമ്മോറാണ്ടേം പറയുന്നത്. പക്ഷേ, ഇത് നടപ്പാക്കുന്നതില്‍ നിന്നും ഇസ്രായേല്‍ പിന്‍മാറി.

Next Story

RELATED STORIES

Share it