Top

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത വെടിയണം; കരുതല്‍ വേണം, പ്രവാസികളെ കൈവിടരുത്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത വെടിയണം; കരുതല്‍ വേണം, പ്രവാസികളെ കൈവിടരുത്

വി എം സുലൈമാന്‍ മൗലവി

കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിലപാടുകള്‍ തിരുത്തേണ്ടതുണ്ട്.

2018 ലെ സര്‍വ്വേ പ്രകാരം 110 രാജ്യങ്ങളിലായി 40 ലക്ഷത്തിലധികം പ്രവാസികളായ ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ 21,21,887 പ്രവാസി മലയാളികള്‍ ഉണ്ടന്ന് സിഡിഎസ് പഠനം വ്യക്തമാക്കുന്നു.

ജിസിസി രാജ്യങ്ങളില്‍18,93,752, അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളിലായി 99,881, ആഫ്രിക്ക, സിങ്കപ്പൂര്‍, മലേഷ്യ, മാലദ്വീപ്, ആസ്‌ത്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലായി 1,28,254 ഇങ്ങനെ പോകുന്നു കണക്കുകള്‍. പ്രവാസി പണം വരവിലും ഏറ്റവും മുന്നില്‍ ഇന്ത്യ തന്നെ. ലോകബാങ്കിന്റെ 2017ലെ കണക്കു പ്രകാരം പ്രതിവര്‍ഷം 6900 കോടി ഡോളര്‍ നാലര ലക്ഷം കോടി രൂപ പ്രവാസികളുടെതായി ഇന്ത്യയിലേക്കു വരുന്നുണ്ട്. ലോക ജനസംഖ്യയല്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയെ രണ്ടാം സ്ഥാനത്തേക്കു തള്ളിക്കൊണ്ടാണ് ഈ വിഷയത്തില്‍ ഇന്ത്യയുടെ മുന്നേറ്റം. ചൈന 6400 കോടി ഡോളര്‍, ഫിലിപ്പൈന്‍സ് 3300 കോടി ഡോളര്‍, മെക്‌സിക്കോ 3100 കോടി ഡോളര്‍, നൈജീരിയ 2200 കോടി ഡോളര്‍, ഈജിപ്ത് 2000 കോടി ഡോളര്‍ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിഹിതം.


ചുരുക്കത്തില്‍ ഇന്ത്യാ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മുഖ്യമായും പ്രവാസികളെ ആശ്രയിച്ചാണന്ന് സംശയലേശമന്യേ പറയാനാകും. എന്നാല്‍ അതിനനുസരിച്ചുള്ള ഒരു പരിഗണനയോ കരുതലോ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്ന് പ്രവാസികള്‍ക്കുണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ഷം തോറും പൊതുമാപ്പിലും നിതാഖാത്തിലുമൊക്കെയായി ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെട്ടും മറ്റു പല കാരണങ്ങളാലും നാട്ടിലേക്ക് മടങ്ങി വരാറുണ്ട്. വാക്കുകളിലൊതുങ്ങുന്ന ഒട്ടനവധി പ്രഖ്യാപനങ്ങളല്ലാതെ ഇവര്‍ക്ക് വേണ്ടതായ പുനരധിവാസ പദ്ധതികളൊന്നും പ്രായോഗികമായി നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്കാവുന്നില്ല.ഈ കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടുത്ത കാലം വരെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 'വന്ദേ ഭാരത് മിഷന്‍' എന്ന ഓമനപ്പേരില്‍ പ്രവാസികളെ നാട്ടിലെത്തിക്കുവാന്‍ എയര്‍ ഇന്ത്യയുടെ ഒറ്റപ്പെട്ട വിമാനങ്ങളില്‍ ഇരട്ടി ചാര്‍ജ് ഈടാക്കി സര്‍വീസ് ആരംഭിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകളാരംഭിക്കാത്തതിനാലും മറ്റു വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കാത്തതിനാലും എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രവാസികള്‍.

കുവൈറ്റ്, യുഎഇ, ഖത്തര്‍ അടക്കമുള്ള ഗള്‍ഫു രാജ്യങ്ങള്‍ അവരുടെ വിമാനങ്ങളുപയോഗിച്ച് ഇന്ത്യക്കാരായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന സന്നദ്ധത അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലന്നു മാത്രമല്ല എയര്‍ ഇന്ത്യ വിമാനങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുകയും ചെയ്യുന്നു. അതിഗുരുതരമായ അത്യാഹിത ഘട്ടങ്ങളില്‍ യുദ്ധക്കപ്പലുകള്‍ പോലും പ്രവാസികളില്‍ നിന്നും വലിയ നിരക്കീടാക്കി സര്‍വീസിനുപയോഗിച്ചത് ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ആദ്യത്തെ അനുഭവമായിരിക്കാം.

നോര്‍ക്ക റൂട്‌സ് മുഖേന 4 ലക്ഷത്തിലധികം പ്രവാസികള്‍ പേര് റജിസ്റ്റര്‍ ചെയ്ത് ഊഴവും കാത്തിരിക്കുമ്പോഴും നാളിതുവരെ 30000ത്തോളം പ്രവാസികളെയാണ് നാട്ടിലെത്തിക്കാനായത്.

2009 ല്‍ രൂപീകരിച്ച് ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സുരക്ഷാ ഫണ്ട് (ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് - ഐസിഡബ്യൂഎഫ്) ഇന്ത്യന്‍ പൗരന്മാരെ അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുവാന്‍ രൂപീകരിച്ചതും സംഘര്‍ഷ മേഖലകള്‍, പ്രകൃതിദുരന്തം ബാധിച്ച രാജ്യങ്ങള്‍, മറ്റു വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ എന്നിവയില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ അടിയന്തിരമായി മാറ്റുന്നതിനും ഉള്ളതാണ്. ഇത് ഏതാണ്ട് 100 കോടിയോളം വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രവാസികളില്‍ നിന്ന് പലപ്പോഴായി പിരിച്ച ഈ തുക പ്രവാസികള്‍ക്കുവേണ്ടി ചെലവാക്കാതെ പലപ്പോഴും വകമാറ്റി ചെലവഴിക്കപ്പെടുന്നു. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ സ്വദേശത്തേക്കു മടങ്ങാനാഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ എയര്‍ ടിക്കറ്റിനും മാറ്റു ചിലവുകള്‍ക്കും ഈ തുക വിനിയോഗിക്കാവുന്നതാണ് .

ഗള്‍ഫില്‍ നിന്ന് വിവിധ സന്നദ്ധ സംഘടനകള്‍ ഏതാണ്ട് 40 ഓളം വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും കാത്തിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും അനുമതി നല്‍കാതെ വാഗ്‌വാദങ്ങളില്‍ മുഴുകിക്കഴിയുകയാണ്. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം നിയന്ത്രണം വേണമെന്ന് കേരളം കേന്ദ്രത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന മുഴുവന്‍ പ്രവാസികളെയും വരവേല്‍ക്കാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പുതിയ വാദഗതികളുമായി രംഗത്തു വന്നിരിക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികള്‍ക്കുള്ള സൗജന്യ ക്വാറന്റീന്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും അതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും എല്ലാ ദിവസവും പതിവ് തെറ്റിക്കാതെ ചാനലുകളിലൂടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുകയും എന്നാല്‍ അത്തരം സംവിധാനങ്ങള്‍ വിഐപികള്‍ക്ക് വേണ്ടി മാത്രം പരിമിതപ്പെടുത്തിക്കൊണ്ട് സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് അതിന്റെ ചെലവ് ഈടാക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കിയതായും അറിയാന്‍ കഴിയുന്നു.

പാലക്കാട് ഒരു മാസം ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും അനുശോചന പ്രവാഹങ്ങളും ഇപ്പോഴും നിലച്ചട്ടില്ല. രാജ്യത്തെ മുഴുവന്‍ ടിവി ചാനലുകളിലും പ്രധാന ചര്‍ച്ചയും കുറെ ദിവസങ്ങളായി ഇതു തന്നെ. കേന്ദ്രത്തില്‍ നിന്നും മനേക ഗാന്ധിയടക്കമുള്ളവരുടെ ഇടപെടല്‍, രാഷ്ട്രീയ, വംശീയ, വര്‍ഗീയ പ്രാദേശിക പരാമര്‍ശങ്ങള്‍ എന്നു വേണ്ട എങ്ങും എവിടെയും ചര്‍ച്ചാ വിഷയം ആന തന്നെ. ഇതിനിടയില്‍ ചരിഞ്ഞ ആനയെ മഹത്വവത്കരിച്ചു കൊണ്ട് ദേവിയാക്കി ഒരു വിഭാഗം ഗണപതിഹോമവും ദീപാരാധനയും നടത്തുന്നു.

200 ലധികം പ്രവാസികള്‍ കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഇതിനകം മരിച്ചു വീഴുകയും ദൈനം ദിനം മരിച്ചു കൊണ്ടിരിക്കുമ്പോഴും കാര്യമായ ഒരു ചര്‍ച്ചയും എവിടെയും നടക്കുന്നില്ലന്നു മാത്രമല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത തുടരുകയും ചെയ്യുന്നു. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു സംസാരിച്ചതിന്റെ പേരില്‍ 3 മാസം ഗര്‍ഭിണിയായ സഫൂറാ സര്‍ഗാര്‍ യുഎപിഎ ചുമത്തപ്പെട്ട് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലറക്കുള്ളിലാണ്. എവിടെയും ഒരു ചര്‍ച്ചയും നടക്കുന്നില്ല. ചുരുക്കത്തില്‍ ആനയ്ക്കും നാല്‍ക്കാലികള്‍ക്കും തെരുവുനായ്ക്കള്‍ക്കുമുള്ള പരിഗണനപോലും മനുഷ്യജീവനില്ലാത്ത ദാരുണമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നു. കൊവിഡിന്റെ പിടിയിലകപ്പെട്ട് ആയിരങ്ങള്‍ ദൈനംദിനം മരിച്ചു കൊണ്ടിരിക്കുമ്പോഴും പലരും രാഷ്ട്രീയലാഭത്തിനു വേണ്ടിയുള്ള മനുഷ്യത്വരഹിതമായ വര്‍ഗീയത നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് മടങ്ങി വരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും യുദ്ധകാലാടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കന്നതിനുള്ള അടിയന്തിര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും കൂടാതെ:-

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സൗജന്യ മടക്കയാത്രയും ക്വാറന്റീന്‍ സംവിധാനവും മതിയായ ചികില്‍സയും ഉറപ്പുവരുത്തു

പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കക

മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുക.

മടങ്ങിയെത്തിയ പ്രവാസി കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 6 മാസം സൗജന്യ റേഷന്‍ അനുവദിക്കുക.

മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കുക.

പ്രവാസി ക്ഷേമപെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കക.

പ്രവാസികള്‍ക്കു നല്‍കി വരുന്ന വായ്പാ പദ്ധതികള്‍ കാലതാമസം ഒഴിവാക്കി അനുവദിക്കുക.

എയര്‍ ഇന്ത്യയുടെ വര്‍ദ്ധിപ്പിച്ച നിരക്കു പിന്‍വലിച്ചുകൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക.

മറ്റുവിമാന കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി കൊടുക്കുക

വിദേശ ജയിലുകളില്‍ പല കാരണങ്ങളാല്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് വേണ്ട നിയമപരിരക്ഷ ഉറപ്പാക്കുക.

പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുക

(പ്രവാസി ഫോറം കേരള ഘടകം സംസ്ഥാന പ്രസിഡന്റാണ് വി എം സുലൈമാന്‍ മൗലവി)

Next Story

RELATED STORIES

Share it