Big stories

നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കാന്‍ വീണ്ടും അനുമതി; ഊരാളുങ്കലിലെ നിക്ഷേപങ്ങള്‍ കൂടുതലും ഉന്നത രാഷ്ട്രീയ നേതാക്കളുടേത്

കാലാവധി കഴിഞ്ഞപ്പോള്‍ 2021 ല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 31-3-22 ന് ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഊരാളുങ്കലിന്റെ അപേക്ഷ പ്രകാരം 1.04.2022 മുതല്‍ 31.3.2023 വരെ വീണ്ടുംകാലാവധി നീട്ടി നല്‍കിയത്.

നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കാന്‍ വീണ്ടും അനുമതി; ഊരാളുങ്കലിലെ നിക്ഷേപങ്ങള്‍ കൂടുതലും ഉന്നത രാഷ്ട്രീയ നേതാക്കളുടേത്
X

കോഴിക്കോട്: സ്ഥിര നിക്ഷേപങ്ങള്‍ക്ക് ട്രഷറിയേക്കാള്‍ ഉയര്‍ന്ന പലിശനല്‍കുന്നത് തുടരാന്‍ ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിന് അനുമതി. സ്ഥിരനിക്ഷേപത്തിന് ഒരു ശതമാനം അധികം പലിശ നല്‍കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു ശതമാനം അധിക പലിശ നിരക്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ 2020 ല്‍ ഒരു വര്‍ഷത്തേക്ക് ഊരാളുങ്കലിന് അനുമതി നല്‍കിയിരുന്നു.

കാലാവധി കഴിഞ്ഞപ്പോള്‍ 2021 ല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 31-3-22 ന് ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഊരാളുങ്കലിന്റെ അപേക്ഷ പ്രകാരം 1.04.2022 മുതല്‍ 31.3.2023 വരെ വീണ്ടുംകാലാവധി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ ഇല്ലാതെ ഒട്ടേറെ കരാറുകള്‍ നല്‍കിയ ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിന് പ്രവര്‍ത്തനമൂലധനം കണ്ടെത്താനാണ് അധികപലിശ നിരക്കില്‍ സ്ഥിര നിക്ഷേപം സ്വികരിക്കാന്‍ അനുവദിച്ചത്. ഇതോടെ ഉയര്‍ന്ന പലിശ നല്‍കുന്ന സര്‍ക്കാര്‍ ട്രഷറിയേക്കാള്‍ പലിശ നല്‍കാന്‍ ഊരാളുങ്കലിനുള്ള അനുമതി തുടരും.

ട്രഷറിയില്‍ നിലവില്‍ സ്ഥിരനിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. ഊരാളുങ്കലില്‍ 8.5 ശതമാനം പലിശ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഉത്തരവ് നീട്ടിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. 8.5 ശതമാനമായ ട്രഷറി പലിശനിരക്ക് 1.2.2021 മുതല്‍ 7.5 ശതമാനം ആയി കുറഞ്ഞപ്പോഴാണ് ഊരാളുങ്കലിന്റെ ആനുകൂല്യം നിലനിര്‍ത്തുന്നത്. ഒരു ശതമാനം അധികപലിശ നല്‍കി നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം ഊരാളുങ്കലിന് ഉണ്ടായ നിക്ഷേപ വര്‍ധന 342.28 കോടി രൂപയാണ്.

ഉത്തരവ് നീട്ടുന്നതോടെ ട്രഷറി നിക്ഷേപം കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 6.4 ശതമാനം ആണ് . അതിന് താഴെ 5.9 ശതമാനവും. സ്വാഭാവികമായി പലിശ കൂടുതല്‍ കിട്ടുന്ന ഊരാളുങ്കലില്‍ നിക്ഷേപിക്കാനായിരിക്കും ജനങ്ങള്‍ താല്‍പര്യപ്പെടുക. സിപിഎം ഉന്നതരുടെ ഡിപ്പോസിറ്റുകള്‍ പലതും ഊരാളുങ്കലിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.

3752 കോടിയുടെ പ്രവൃത്തികളാണ് സംസ്ഥാനത്ത് ഊരാളുങ്കല്‍ ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭൂരിഭാഗവും. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 150 കോടി രൂപയുടെ കാഷ് ക്രഡിറ്റ് സൗകര്യത്തെ മാത്രം ആശ്രയിച്ചാല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്നും പൊതുജനങ്ങളില്‍ നിന്നും ഡെപ്പോസിറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കു എന്നാണ് ഊരാളുങ്കലിന്റെ വാദം.

ട്രഷറിയെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഊരാളുങ്കലിന് തുടര്‍ച്ചയായി അനുമതി ലഭിരിക്കുന്നത് ഈ വാദം മുന്‍ നിര്‍ത്തിയാണ്. സിപിഎം നേതാക്കളുടെ ബന്ധുക്കളില്‍ പലരും ജോലി ചെയ്യുന്നത് ഊരാളുങ്കലില്‍ ആണ്. മുന്‍ സ്പീക്കറായ ശ്രീരാമകൃഷ്ണന്റെ മകള്‍ ഊരാളുങ്കലിലെ എച്ച്ആർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥയാണ്. 75 കോടി രൂപയുടെ പ്രവൃത്തികളാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയ കാലയളവില്‍ നിയമസഭയില്‍ യാതൊരു ടെണ്ടറുമില്ലാതെ ഊരാളുങ്കലിന് നല്‍കിയത്. പിണറായി മുഖ്യമന്ത്രിയായതോടെ ഭൂരിഭാഗം പ്രവൃത്തികളും ഊരാളുങ്കലിന്റെ കയ്യില്‍ ആയി. പലിശ ഉയര്‍ത്താനുള്ള സഹകരണ വകുപ്പിന്റെ ഉത്തരവില്‍ 3752 കോടിയുടെ പ്രവൃത്തികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കുന്നുണ്ട്.

കള്ളപ്പണ ഇടപാട് ഊരാളുങ്കലുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് നേരത്തെ ഇഡി പരിശോധന ഊരാളുങ്കലിന്റെ ആസ്ഥാനത്ത് നടന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ ഊരാളുങ്കലിലെ സ്ഥിര നിക്ഷേപകരുടെ ലിസ്റ്റ് പരിശോധിക്കുന്നുണ്ടെന്ന പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it