Big stories

കര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്‍ത്ഥമെന്ത് ?

കര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ കോളി ഫ്ളവറിന്റെ അര്‍ത്ഥമെന്ത് ?
X

അലി ഷാന്‍ ജഫ്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ഐപി നക്‌സലിസം എന്നെഴുതിയ ഒരു ശവകുടീരത്തിന് മുകളില്‍ ഒരു കോളി ഫ്ളവറും പിടിച്ചു നില്‍ക്കുന്ന ചിത്രം മേയ് 23ന് കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പോസ്റ്റ് ചെയ്തു.

കമ്മ്യൂണിസ്റ്റുകളുടെ ലാല്‍സലാം സഖാവേ എന്ന പ്രയോഗത്തെ 'ലോല്‍ സലാം, കോമ്രേഡ്' എന്ന് മാറ്റിയാണ് കാപ്ഷന്‍ നല്‍കിയത്. തെലങ്കാന- ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ കൊടുംവനത്തില്‍ 27 മാവോവാദികളെ ഓപ്പറേഷന്‍ കഗാറിലൂടെ കൊലപ്പെടുത്തിയതിനെ അപലപിച്ച് സിപിഐ (എംഎല്‍) ലിബറേഷന്‍ പുറത്തിറക്കിയ പ്രസ്താവനക്ക് പ്രതികരണമായാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

നാരായണ്‍പൂരിലും ബീജാപ്പൂരിലും മാവോവാദികളെയും ആദിവാസികളെയും ക്രൂരമായി കൊലപ്പെടുത്തിയതിനെ സിപിഐ (എംഎല്‍) ലിബറേഷന്‍ അപലപിച്ചിരുന്നു.

ഓപ്പറേഷന്‍ കാഗറിനെ നിയമവിരുദ്ധ വിരുദ്ധ ഉന്‍മൂലന കാംപയിന്‍ എന്ന രീതിയില്‍ ഭരണകൂടം നയിക്കുന്നുവെന്നും മാവോവാദികളെ നേരിടാനെന്ന പേരില്‍ കോര്‍പറേറ്റ് കൊള്ളക്കും സൈനികവല്‍ക്കരണത്തിനും എതിരെ പ്രതിഷേധിക്കുന്ന ആദിവാസികളെ അടിച്ചമര്‍ത്തുകയും കൊല്ലുകയും ചെയ്ത് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതുമാണ് അമിത് ഷായുടെ ആഘോഷ പോസ്‌റ്റെന്നും സിപിഐ (എംഎല്‍) ലിബറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോളി ഫ്ളവറിന്റെ അര്‍ത്ഥതലങ്ങള്‍


തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ സംഭവങ്ങളെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആഘോഷപൂര്‍വ്വം ആയിരുന്നെങ്കിലും, ബിജെപിയുടെ പോസ്റ്റില്‍ കോളിഫ്ളവറിന്റെ സാന്നിധ്യം വിവാദത്തിന് കാരണമായി. മുസ്‌ലിം വംശഹത്യക്കുള്ള അഹ്വാനമായാണ് കോളിഫ്ളവര്‍ ചിത്രം ഉപയോഗിക്കപ്പെടുന്നത്.

അടുത്തിടെ നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ബിജെപി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്ന നിയമങ്ങളെ മറികടക്കാന്‍ ഇത്തരം പ്രതീകങ്ങള്‍ സഹായിക്കുന്നു.

900ലധികം പേര്‍ കൊല്ലപ്പെട്ട 1989ലെ ഭഗല്‍പൂര്‍ മുസ്‌ലിം വിരുദ്ധ കലാപത്തെയാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. ലോഗെയ്ന്‍ ഗ്രാമത്തില്‍ 110 മുസ്‌ലിംകളെ കൊന്ന് ഒരു തോട്ടത്തില്‍ കുഴിച്ചിട്ടു. മൃതദേഹങ്ങള്‍ക്ക് മുകളില്‍ കോളിഫ്ളവര്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. സമീപകാലത്ത് വലതുപക്ഷ ഗ്രൂപ്പുകള്‍, പ്രത്യേകിച്ച് ഹിന്ദുത്വ ദേശീയവാദ ഗ്രൂപ്പുകള്‍ (trads) ഈ പരാമര്‍ശത്തിന് വീണ്ടും ജീവന്‍ നല്‍കി. ഹിജാബ് ധരിച്ച സ്ത്രീകളെ കോളിഫ്ളവറായി ചിത്രീകരിക്കുന്ന ചില പതിപ്പുകളും മുമ്പ് ഉണ്ടായിട്ടുണ്ട്.

ഹിന്ദുത്വ ദേശീയവാദികളായ പല സോഷ്യല്‍ മീഡിയ യൂസര്‍മാരും തങ്ങള്‍ കോളിഫ്ളവര്‍ കൃഷിക്കാരാണെന്നാണ് ബയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഹിന്ദുത്വ ലോകത്തിലെ അങ്ങേയറ്റമാണ് ഇക്കൂട്ടര്‍, ഹിന്ദു നാഗരികതയുടെ പോരാളികളായും അവര്‍ സ്വയം വിശേഷിപ്പിക്കുന്നു. ഹിന്ദുത്വ അജണ്ഡ തന്നെയുള്ള മറ്റുള്ളവരെ അവര്‍ ലിബറലുകളെന്നും ജാതി വ്യവസ്ഥയോട് കൂറില്ലാത്തവരെന്നും (raitas) എന്നും വിളിക്കുന്നു. ദലിതരെ പ്രീണിപ്പിക്കുകയും മുസ്‌ലിംകളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാന്‍ കഴിയാത്തതും കാരണം യഥാര്‍ത്ഥ ഹിന്ദുത്വ അജണ്ഡ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ദുര്‍ബലനാണെന്നും അവര്‍ കരുതുന്നു.

2022ല്‍, ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകളെ ഒരു ആപ്പില്‍ 'ലേലം' ചെയ്ത 'സുള്ളി ഡീല്‍സ്' കേസിനെത്തുടര്‍ന്ന് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ 'പ്രകോപിപ്പിക്കാന്‍ ട്രാഡുകള്‍' അക്രമാസക്തമായ 'നര്‍മ്മം' ഉപയോഗിക്കുന്നതിനെ കുറിച്ച് അക്കാലത്ത് തന്നെ റിപോര്‍ട്ട് ചെയ്തു.


മുസ്‌ലിംകളെ തലയറുത്ത് കൊല്ലുന്നത്, മുസ്‌ലിംകളെ കാര്‍ കയറ്റിക്കൊല്ലുന്നത്, ദലിതരെ പാറ്റകളാക്കി ചിത്രീകരിക്കുന്നത്, വിഷവാതകം ഉപയോഗിച്ച് കൊല്ലുന്നത്, ബലാല്‍സംഗ ഇരകളുടെ(മുസ്‌ലിംകളും ദലിതരും) മേല്‍ കാവി നിറത്തിലുള്ള 'പെപ്പെ ദി ഫ്രോഗ്' മൂത്രമൊഴിക്കുന്നത് തുടങ്ങിയ മീമുകളും അതില്‍ ഉള്‍പ്പെടുന്നു.

പാശ്ചാത്യ നവനാസികളില്‍ നിന്ന് പകര്‍ത്തുന്നതും വലതുപക്ഷ 4ചാന്‍ അക്കൗണ്ടുകളെ അനുകരിക്കുന്നതുമാണ് ഇത്തരം ഉള്ളടക്കങ്ങള്‍. കോളിഫ്ളവര്‍ മീം, ദലിത് വിരുദ്ധ നിരോധിത സായുധസംഘടനയായ രണ്‍വീര്‍ സേനയുടെ ആശയങ്ങള്‍ എന്നിവ പ്രാദേശികമായി ചേര്‍ക്കപ്പെടുന്നു.


ബിജെപി ഇതുവരെ ഇത്തരം വ്യവഹാരങ്ങളില്‍ നിന്നും നേരിട്ടുള്ള ട്രാഡ് ചിത്രങ്ങളില്‍ നിന്നും അകന്നു നിന്നിരുന്നെങ്കിലും സമീപകാലത്തായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അതിനോട് അവര്‍ക്കുള്ള താല്‍പര്യം കാണിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി മുഖ്യധാരാ ഹിന്ദുത്വ നിഘണ്ടുവില്‍ ട്രാഡ് ഐക്കണോഗ്രഫി കൂടുതല്‍ സ്വീകാര്യമായി മാറിയിരിക്കുന്നു, മുസ്‌ലിംകളെ കുറിച്ച് പറയുമ്പോള്‍ പ്രത്യേകിച്ചും. 2024 ജനുവരി മുതല്‍ ബിജെപി പോസ്റ്റ് ചെയ്ത നിരവധി കാരിക്കേച്ചറുകളില്‍, പ്രത്യേകിച്ച് 2024 ലോക്‌സഭാ പ്രചാരണ വേളയില്‍, അവര്‍ പെപ്പെ ദി ഫ്രോഗ്, കാവിവസ്ത്രം ധരിച്ച പ്രധാനമന്ത്രി മോദി പച്ചവസ്ത്രം ധരിച്ച മുസ്‌ലിംകളെ നേരിടുന്നത്,മുസ്‌ലിംകള്‍ ദലിതരുടെ സ്വത്തും വസ്തുവകകളും അപഹരിക്കുന്നത് തുടങ്ങിയവ ചിത്രീകരിച്ചു.

തല മൂടിയവരും വെളുത്ത കുര്‍ത്ത ധരിച്ചവരുമായ താടിയുള്ള ഒരു ഡസനോളം പേരെ തൂക്കിക്കൊല്ലുന്ന കാരിക്കേച്ചര്‍ 2022ല്‍ ഗുജറാത്ത് ബിജെപി പോസ്റ്റ് ചെയ്തിരുന്നു. സത്യമേവ ജയതേ (സത്യം മാത്രം ജയിക്കുന്നു) എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത് പോസ്റ്റ് ചെയ്തത്. ഇതിന് നാസി കാരിക്കേച്ചറുകളുമായി സാമ്യമുണ്ടെന്ന് വിമര്‍ശനം വന്നതോടെ ഈ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു (അന്ന് എക്‌സ് അല്ല, ട്വിറ്റര്‍ ആണ്). എന്നാല്‍, തങ്ങള്‍ ഒരു മതത്തേയും ലക്ഷ്യം വച്ചില്ലെന്നും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ചുള്ള കാരിക്കേച്ചറാണെന്നുമാണ് ബിജെപി അവകാശപ്പെട്ടത്- 2006ലെ അഹമദാബാദ് സ്‌ഫോടനത്തില്‍ 'തീവ്രവാദികളെ' ഗുജറാത്ത് കോടതി ശിക്ഷിച്ചിരുന്നുവെന്ന്.

കടപ്പാട്: ദി വയര്‍

നാഗ്പൂര്‍ സംഘര്‍ഷ സമയത്ത് തേജസ് പബ്ലിഷ് ചെയ്ത റിപോര്‍ട്ട് ഇവിടെ വായിക്കാം

Next Story

RELATED STORIES

Share it