Big stories

'ലൗ ജിഹാദ്' ഇല്ലാത്ത വിഷയം; ഇടതുപക്ഷം പോലും സമരസപ്പെടുന്നു: ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്

തിരഞ്ഞെടുപ്പ് സമയത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമങ്ങള്‍ മതേതര കേരളത്തിന് ആശാവഹമല്ല.

ലൗ ജിഹാദ് ഇല്ലാത്ത വിഷയം; ഇടതുപക്ഷം പോലും സമരസപ്പെടുന്നു: ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്
X

കോഴിക്കോട്: 'ലൗ ജിഹാദ്' ഇല്ലാത്ത വിഷയമാണെന്നും ഇടതുപക്ഷം പോലും അതിനോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് വളരെ ഖേദകരമായ വസ്തുതയാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. 'ലൗ ജിഹാദ്' വിഷയം പരിശോധിക്കപ്പെടണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവന വിവാദമായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഇരകളെ ഭിന്നിപ്പിക്കാന്‍ ഫാഷിസ്റ്റുകള്‍ വര്‍ഗീയ ബോംബ് പ്രയോഗിക്കുകയാണ്. മുന്നാക്ക വിഭാഗം എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇത് നടപ്പാക്കാന്‍ എളുപ്പമാണെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് അത് സമര്‍ത്ഥമായിട്ട് നടപ്പാവുന്നു. ഈ ഫാഷിസ്റ്റ് കാലത്ത് ഇരകളുടെ സ്ഥാനത്ത് നില്‍ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് സമയത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമങ്ങള്‍ മതേതര കേരളത്തിന് ആശാവഹമല്ല. എന്ന് മാത്രമല്ല വളരെ അപകടം പിടിച്ചൊരു പ്രവണതയാണ്. ന്യൂനപക്ഷങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിത്. ഫാഷിസം ശക്തി പ്രാപിച്ച് വരുന്ന, ന്യൂനപക്ഷവിരുദ്ധമായ നയങ്ങള്‍ ദേശീയ തലത്തില്‍ പ്രചാരം നേടുന്ന ഒരു കാലത്ത് ഇരകളുടെ സ്ഥാനത്ത് നില്‍ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളും എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നിന്ന് ഫാഷിസത്തോട് പോരാടേണ്ട ഒരു കാലത്ത് ഇരകളെ ഭിന്നിപ്പിച്ച്, അതൊരു സാമ്രാജ്യത്വ അജണ്ടയാണ്, ഭിന്നിച്ച് ഭരിക്കുക എന്ന നയമാണ്. ന്യൂനപക്ഷങ്ങളെല്ലാം ശത്രുപക്ഷത്ത് നില്‍ക്കുമ്പോള്‍ അവരില്‍ ഭിന്നതയുണ്ടാക്കി ഒരു വിഭാഗത്തെ അടര്‍ത്തി മാറ്റിയാല്‍ അതുവഴിയുണ്ടാകാവുന്ന നേട്ടം ആലോചിക്കാവുന്നതാണ്. അത് പക്ഷേ തിരിച്ചറിയാന്‍ വളരെ വൈകുമെന്നാണ് എനിക്ക് എല്ലാ ന്യൂനപക്ഷങ്ങളോടും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Bishop Gee verghese Curillos about Love Jihad

Next Story

RELATED STORIES

Share it