Big stories

BIG BREAKING: മരം കൊള്ള: കാനം രാജേന്ദ്രന്റെ അറിവോടെ; സിപിഐ ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്

പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24 നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കുന്നത്. സെപ്തംബർ 11 നാണ് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് കത്തെഴുതുന്നത്.

BIG BREAKING: മരം കൊള്ള: കാനം രാജേന്ദ്രന്റെ അറിവോടെ; സിപിഐ ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്
X

സ്വന്തം പ്രതിനിധി

കോഴിക്കോട്: വിവാദ മരംകൊള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്നതിന്റെ തെളിവ് പുറത്ത്. ടിമ്പർ വ്യവസായികൾക്ക് വേണ്ടി മരംമുറിയിൽ അനുകൂല ഉത്തരവുണ്ടാവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. ഇതോടെ കർഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയതെന്ന സിപിഐയുടേയും സർക്കാരിന്റെയും വാദം കള്ളമാണെന്ന് തെളിഞ്ഞു.

പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24 നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കുന്നത്. സെപ്തംബർ 11 നാണ് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് കത്തെഴുതുന്നത്. വിവിധ കർഷക സംഘടനകൾ നേരത്തെ സർക്കാരിനെ ബന്ധപ്പെട്ടെങ്കിലും അപ്പോഴൊന്നും തന്നെ ഉത്തരവിറങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്.


കർഷകരുടെ ഭൂമിയിൽ നിന്നും ചന്ദനമല്ലാത്ത തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിയെടുക്കാൻ അനുമതിയുണ്ടാക്കണമെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര ടിമ്പർ മർച്ചന്റ് അസോസിയേഷൻ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നൽകിയ നിവേദനത്തോടൊപ്പമാണ് ജില്ലാ സെക്രട്ടറി കൃഷ്ണദാസ് കത്തയച്ചിരിക്കുന്നത്. ഈ കാര്യത്തിൽ അനുകൂല ഉത്തരവ് ഉണ്ടാകാൻ ഇടപെടണമെന്നും കത്തിൽ കൃഷ്ണദാസ് കാനം രാജേന്ദ്രനോട് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. കത്തയച്ച് ഒന്നരമാസത്തിനുള്ളിൽ മരംമുറിക്ക് അനുകൂല ഉത്തരവിറക്കുകയും ചെയ്തു.

സ്വതന്ത്ര ടിമ്പർ മർച്ചന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ജോസ് അ​ഗസ്റ്റിൻ സിപിഐ അനുഭാവിയുമാണ്. മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിനെ ഫോണിലേക്ക് വിളിച്ച വിവരവും നേരത്തേ പുറത്തുവന്നതാണ്.

ഇത് തെളിയിക്കുന്നത് മരംകൊള്ളയിൽ നടന്നിട്ടുള്ള ഉന്നതതല രാഷ്ട്രീയ ​ഗൂഡാലോചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് അതീവ രഹസ്യമായി മരംമുറി ഉത്തരവിറക്കിയതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം സാധൂകരിക്കുന്നതാണ് കത്തിലെ പരാമർശങ്ങൾ.

നിലവിൽ മുട്ടിൽ മരംകൊള്ള കേസിൽ ടിമ്പർ വ്യവസായികളായ ആന്റോ അ​ഗസ്റ്റിൻ, ജോസ് അ​ഗസ്റ്റിൻ തുടങ്ങിയവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കാനത്തിന്റെ അറിവോടെയാണ് മരംകൊള്ളയെന്ന കത്ത് പുറത്തായതോടെ വരും ദിവസങ്ങളിൽ മുന്നണിയിൽ സിപിഐ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച മരംകൊള്ളയിൽ സിപിഐയുടെ സംസ്ഥാനത്തെ ഉന്നത നേതാവ് തന്നെ പ്രതിക്കൂട്ടിലായത് പാർട്ടിയിലും വിമർശനങ്ങൾക്ക് ഇടയാക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it