Big stories

ഭീമ കൊറാഗവ്: പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നരകയാതന, കാന്‍സര്‍ പരിശോധന നിഷേധിച്ചു

അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ജയില്‍ അധികൃതര്‍ അടിയന്തിര ചികില്‍സ സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീമ കൊറാഗവ്:  പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നരകയാതന, കാന്‍സര്‍ പരിശോധന നിഷേധിച്ചു
X

ന്യൂഡല്‍ഹി: ഭീമാ കൊറാഗവ് സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലിസ് അനധികൃതമായി അറസ്റ്റ് ചെയ്ത പൗരവാകാശ പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നരകയാതന. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ജയില്‍ അധികൃതര്‍ അടിയന്തിര ചികില്‍സ സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ റൂറല്‍ ഡവലപ്‌മെന്റ് ഫെല്ലോയും വനാവകാശ പ്രവര്‍ത്തകനുമായ മഹേഷ് റൗവുത്തിനാണ് ചികില്‍സ നിഷേധിച്ച് പീഡിപ്പിക്കുന്നത്. ജൂണ്‍ മാസത്തിലാണ് റൗവുത്ത് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തപ്പോള്‍ രക്ത സ്രാവത്തെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധന നടത്തിയിരുന്നു. മൂത്രാശയത്തില്‍ കാന്‍സര്‍ ഉണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍ ബയോപ്‌സി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ പരിശോധനക്ക് തയ്യാറായില്ല. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. റൗവുത്തിനെ പരിശോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും പലപ്പോഴും അദ്ദേഹത്തെ ചികില്‍സിപ്പിക്കാനോ മതിയായ പരിശോധന നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്ന് അഭിഭാഷകന്‍ നിഹാല്‍ സിംങ് റാത്തോഡ് പറഞ്ഞു. ഡോക്ടര്‍ ലീവുള്ള ദിവസങ്ങളില്‍ പരിശോധനക്കെത്തിച്ച് ജയില്‍ അധികൃതര്‍ കോടതി കബളിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കവിയും ആക്ടിവിസ്്റ്റുമായ 80 കരാന്‍ വരവരറാവു അടക്കമുള്ളവരും ജയില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് scroll.in റിപ്പോര്‍ട്ട് ചെയ്തു. പ്രായധിക്യത്തെ തുടര്‍ന്നുള്ള അസ്വസ്തകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വരവരറാവു ജയിലില്‍ കിടക്ക ആവശ്യപ്പെട്ടെങ്കിലും കമ്പളി മാത്രമാണ് നല്‍കിയത്. റാവുവിന്റെ അഭിഭാഷകന്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന് നേരത്തെ അനുവദിച്ച കമ്പളി പോലും പിന്‍വലിച്ചുകൊണ്ടാണ് ജയില്‍ അധികൃതര്‍ പ്രതികാരം തീര്‍ത്തത്.

നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഷോമാ സെന്നിന് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ജയില്‍ അധികൃതര്‍ പീഡിപ്പിക്കുന്നത്. വാതത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഷോമാ സെന്നിന് പ്രത്യേക തരം ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തി തരണമെന്നും അതിന്റെ ചെലവ് കുടുംബം വഹിക്കാമെന്നും പറഞ്ഞെങ്കിലും ജയില്‍ അധികൃതര്‍ നിഷേധിച്ചതായി ഷോമാ സെന്നിന്റെ മകള്‍ കോയല്‍ സെന്നിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം കോടതി തന്നെ പിന്നീട് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ ആദ്യം നടപ്പിലാക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായത്.

അഭിഭാഷകനായ സുരേന്ദ്ര ഗഡ്‌ലിംങിനും ചികില്‍സയും മരുന്നു നിഷേധിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂണ്‍ മാസത്തില്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു. തുടര്‍ന്ന് 15000 രൂപയുടെ മരുന്ന് ഭാര്യ വാങ്ങി നല്‍കിയെങ്കിലും കൃത്യ സമയത്ത് ഗഡ്‌ലിംങിന് മരുന്ന്് നല്‍കാതെ പീഡിപ്പിച്ചു.




Next Story

RELATED STORIES

Share it