Top

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കമായി; അറഫാ സംഗമം നാളെ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരം പേര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കമായി;   അറഫാ സംഗമം നാളെ

മക്ക: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മയില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ഇബ്രാഹീം നബിയുടെയും പത്‌നി ഹാജറ ബീവിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ഓര്‍മകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മങ്ങളില്‍ മുഴുകുന്നത്. എന്നാല്‍, മുന്‍ വര്‍ഷങ്ങളിളില്‍ നിന്നു വ്യത്യസ്തമായി മിനാ താഴ് വര ഇക്കുറി വളരെ ശാന്തമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരം പേര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. 20 ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന ആഗോളതീര്‍ത്ഥാടനമാണ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആയിരം പേരിലൊതുക്കിയത്.

മിനയിലേക്കു മടങ്ങുന്നതിനു മുമ്പ് ഹാജിമാര്‍ ത്വവാഫ് ചെയ്യുന്നു

ഇന്ന് ഉച്ചയ്ക്കു തന്നെ മക്കയുടെ അതിര്‍ത്തി പ്രദേശമായ കര്‍നുല്‍ മനാസില്‍ എന്ന മീകാത്തി(അതിര്‍ത്തി)ല്‍നിന്നു ഇഹ്‌റാം ചെയ്ത് ഹാജിമാര്‍ മിനയിലേക്ക് നീങ്ങിത്തുടങ്ങി. മക്കയിലെയും പരിസര പ്രദേശമായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി ഇന്ന് തുടങ്ങിയ ഹജ്ജ് കര്‍മങ്ങള്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ആരാധനാകര്‍മങ്ങളിലൂടെയാണ് പൂര്‍ത്തിയാവുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശാരീരിക അകലം പാലിക്കുന്നതുള്‍പ്പെടെയുടെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പുണ്യ സ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയിരത്തോളം വരുന്ന ആഭ്യന്തര തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ 70 ശതമാനവും വിദേശികളാണ്.


ദുല്‍ഹിജ്ജ മാസം എട്ടിന് മിനായില്‍ രാപാര്‍ക്കലാണ് ഹജ്ജിന്റെ ആദ്യകര്‍മം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മിനായില്‍ തമ്പുകള്‍ക്കു പകരം ഇക്കുറി ബഹുനില കെട്ടിടങ്ങളാണ് ഹാജിമാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 29ന് ബുധനാഴ്ച അഞ്ചുനേരത്തെ നമസ്‌കാരവും പ്രാര്‍ഥനയുമായി ഹാജിമാര്‍ മിനായില്‍ തങ്ങും. വ്യാഴാഴ്ച പ്രഭാതത്തില്‍ മിനായില്‍നിന്ന് ഹാജിമാര്‍ അറഫയിലേക്ക് പോവും. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ തിരക്കില്ലാതെയായിരിക്കും ഹാജിമാര്‍ മക്കയില്‍നിന്ന് മിനായിലെ കൂടാരങ്ങളിലെ താമസസ്ഥലത്തെത്തുക. അറഫയിലെ നമിറ പള്ളിയില്‍ നടക്കുന്ന വാര്‍ഷിക ഖുതുബയിലും നമസ്‌കാരത്തിലും പങ്കെടുക്കുന്ന ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ പങ്കെടുത്ത് സൂര്യാസ്തമയം വരെ അവിടെ തങ്ങും. സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് പോവും. 31ന് വെള്ളിയാഴ്ച പ്രഭാതത്തില്‍ മിനായില്‍ തിരികെയെത്തി മൂന്നുദിവസത്തെ കല്ലേറിന്റെ ആദ്യദിന കല്ലേറുകര്‍മം നടത്തും. ഇന്ന് മിനായില്‍ രാപാര്‍ത്ത് നാളെ ളുഹര്‍ നമസ്‌കാരത്തിനു മുമ്പ് അറഫാ സംഗമത്തിനായി ഹാജിമാര്‍ അറഫയിലേക്കു പുറപ്പെടും. ഇത്തവണ അറഫ പ്രസംഗം നടത്തുന്നത് സൗദി ഉന്നത സഭ പണ്ഡിത അംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ട്ടാവുമായ ശൈഖ് അബ്ദുല്ല അല്‍ മനീഅ് ആയിരിക്കുമെന്നു ഹറം കാര്യവിഭാഗാം അറിയിച്ചിട്ടുണ്ട്. പത്തു ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്ന അറഫാ പ്രസംഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി കേള്‍ക്കാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.


ഹറം കാര്യാലയം, ഹജ്ജ് മന്ത്രാലയം, സുരക്ഷാവിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് സൗകര്യങ്ങള്‍. ഹാജിമാര്‍ക്ക് അണുവിമുക്തമാക്കിയ ബോട്ടിലുകളിലാണ് സംസം വെള്ളം നല്‍കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളായിരിക്കും ഇത്. മക്കയിലെത്തി കഅബ പ്രദക്ഷിണം, തലമുണ്ഡനം, മിനായില്‍ മൃഗബലി തുടങ്ങിയ കര്‍മങ്ങള്‍ നിര്‍വഹിക്കും. ഇതിനു ശേഷം ഇഹ്‌റാം വേഷംമാറി സാധാരണവേഷം ധരിക്കുന്ന ഹാജിമാര്‍ തൊട്ടടുത്ത രണ്ടുദിവസംകൂടി മിനായില്‍ താമസിച്ച് കല്ലേറു കര്‍മം പൂര്‍ത്തിയാക്കി മിനായില്‍നിന്ന് വിടവാങ്ങുന്നതോടെയാണ് ഹജ്ജ് പൂര്‍ത്തിയാവുക.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജ് കര്‍മം ചെയ്യാന്‍ ഭാഗ്യം ലഭിച്ച മലയാളി മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ ഹസീബാണ്. ജിദ്ദയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഹസീബ് ഇന്നലെയാണ് മുതവ്വഫുമായി ബന്ധപ്പെട്ടത്. അതിനിടെ, ഹജ്ജ് സേവനത്തിനു ചരിത്രത്തില്‍ ആദ്യമായി രണ്ട് വനിതാ പോലിസുകാരെ നിയോഗിച്ചിട്ടുണ്ട്. സമീപകാലത്ത് പോലിസില്‍ ചേര്‍ന്ന അഫ്‌നാനും ഹാരീജുമാണ് ഹജ്ജ് സേവനത്തിനു നിയോഗിക്കപ്പെട്ട വനിതകള്‍.

റിപോര്‍ട്ട്:

മക്കയില്‍ നിന്ന് മുസ്തഫ പള്ളിക്കല്‍/ആഷിക് ഒറ്റപ്പാലം

Next Story

RELATED STORIES

Share it