Big stories

ബാബരി വിധി: നീതിനിഷേധത്തിനെതിരായ പ്രതിഷേധം തുടരും- പോപുലര്‍ ഫ്രണ്ട്

സംസ്ഥാന വ്യാപകമായി പ്രതിഷേധ വിളംബരം സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും ജില്ലയിലെ പ്രധാനയിടങ്ങളിലുമാണ് പ്രതിഷേധ വിളംബരം സംഘടിപ്പിച്ചത്‌

ബാബരി വിധി: നീതിനിഷേധത്തിനെതിരായ പ്രതിഷേധം തുടരും- പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധിയിലെ നീതിനിഷേധത്തിനെതിരേ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ വിളംബരം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശത്തിന്റെ തിരിച്ചുപിടിക്കലാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബാബരി കേസിലെ സുപ്രിം കോടതിവിധി അന്യായവും പക്ഷപാതപരവുമാണ്. എന്നാല്‍ രാജ്യത്ത് അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യം സൃഷ്ടിച്ച് വിധിക്കെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. ഭയാനകരമായ ഈ മൗനം ഭേദിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ പ്രതിഷേധ ആഹ്വാനത്തെ കേരള ജനത ആവേശത്തോടെ സ്വീകരിച്ചതിന് തെളിവാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ വിളംബരവും അതിലെ പങ്കാളിത്തവും. ഭയം വിതച്ച് പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ ജനകീയ താക്കീതുകൂടിയാണ് ഈ പ്രതിഷേധം. അതേസമയം പ്രതിഷേധിക്കാനുള്ള ജനകീയാവകാശത്തെ പോലിസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും കേസെടുത്തും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അനീതിക്കെതിരേ പ്രതികരിക്കുക എന്നത് പൗരന്റെ ജനാധിപത്യപരമായ അവകാശങ്ങളില്‍പ്പെട്ടതാണ്. എന്നാല്‍, ഭയം ജനിപ്പിച്ച് ഒരു സമൂഹത്തെ നിശബ്ദമാക്കാനുള്ള നീക്കമാണ് കഴിഞ്ഞദിവസങ്ങളില്‍ രാജ്യം കണ്ടത്. ആ നിശബ്ദതയാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സമൂഹത്തിന്റെ വായമൂടിക്കെട്ടാനുള്ള ഭരണകൂട നീക്കത്തിനെതിരേ ഉള്ള ആര്‍ജ്ജവത്തിന്റെ ശബ്ദമാണ് തെരുവില്‍ ഉയര്‍ന്നത്. അറസ്റ്റ് ചെയ്തും കേസെടുത്തും പ്രതിഷേധങ്ങളെ തടുത്തുനിര്‍ത്താനാവില്ല. സുപ്രീംകോടതിയുടെ അന്യായവിധിക്കെതിരേ നിയമപരമായും ജനാധിപത്യപരമായുമുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് നടന്ന പ്രതിഷേധ വിളംബരത്തില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും പോപുലര്‍ ഫ്രണ്ട് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ആസ്ഥാനങ്ങളിലും ജില്ലയിലെ പ്രധാനയിടങ്ങളിലും പ്രതിഷേധ വിളംബരം സംഘടിപ്പിച്ചു.




Next Story

RELATED STORIES

Share it