Big stories

വംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?

വംശഹത്യക്ക് വഴിയൊരുക്കാനോ  അസമിൽ തോക്ക് ലൈസൻസ്?
X

സംഗീത ബറൂഹ് പിഷാരടി

ബംഗ്ലാദേശ് അതിര്‍ത്തിയിലെ നിയമവിരുദ്ധ ഭീഷണികള്‍ തടയാന്‍ ആദിമ നിവാസികള്‍ക്കും തദ്ദേശീയര്‍ക്കും ആയുധ ലൈസന്‍സ് നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചു. മെയ് 28ന് നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം ശര്‍മ നടത്തിയ പ്രഖ്യാപനം പലരിലും ആശ്ചര്യവും ഞെട്ടലുമുണ്ടാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നുവന്നു. ആളുകള്‍ക്ക് ആയുധലൈസന്‍സ് നല്‍കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കുമെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാവുമെന്നും പലരും ആശങ്ക പ്രകടിപ്പിച്ചു. ഇത് പോലിസിനെ ദുര്‍ബലമാക്കുന്ന നടപടിയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഹിമന്ത ബിശ്വ ശര്‍മയ്ക്ക് പോലിസിലെ നിയന്ത്രണം നഷ്ടപ്പെടുകയാണോ? , പൗരന്‍മാര്‍ ഇനി മുതല്‍ സുരക്ഷക്കായി ആയുധം ധരിക്കേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.

അടുത്ത തിരഞ്ഞെടുപ്പില്‍ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നു. നാഗോണ്‍, മോറിഗാവ്, ബാര്‍പേട്ട, ഗോള്‍പാറ, ദുബ്രി, സൗത്ത് സല്‍മാര എന്നീ ജില്ലകളിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. ഹിമന്ത ബിശ്വ ശര്‍മയുടെ ഈ പ്രഖ്യാപനത്തിന്റെ വര്‍ഗീയ സ്വഭാവം ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെയാണ് പ്രതിപക്ഷ കക്ഷികള്‍ തെളിവാക്കുന്നത്.

വര്‍ഗീയ വികാരങ്ങളെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ പത്തുവര്‍ഷവും ശര്‍മ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്. മുമ്പ് ശര്‍മ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. കോണ്‍ഗ്രസ് നേതാവായിരിക്കെ 2014ലെ തിരഞ്ഞെടുപ്പില്‍ അസമിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശര്‍മ തീക്ഷ്ണമായ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. നരേന്ദ്രമോദിയുടെ കീഴില്‍ ഗുജറാത്തിലെ പൈപ്പുകളില്‍ മുസ്‌ലിംകളുടെ രക്തം ഒഴുകിയെന്നാണ് അന്ന് ശര്‍മ പ്രസംഗിച്ചത്. 2002ലെ ഗുജറാത്ത് വംശഹത്യ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗങ്ങള്‍. 2015 ആഗസ്റ്റില്‍ ബിജെപിയില്‍ ചേര്‍ന്ന ശര്‍മ പിന്നെ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങി.

അസമിലെ കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകളുടെ വോട്ടുകള്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലേക്ക് (എഐയുഡിഎഫ്) പോവാതിരിക്കാനാണ് 2014ല്‍ ശര്‍മ അത്തരം പ്രസംഗങ്ങള്‍ നടത്തിയത്. എന്നാല്‍, ബിജെപിയില്‍ ചേര്‍ന്ന ശേഷം അസമിലെ ജനറല്‍ വോട്ടുകളും ഗോത്ര വോട്ടുകളും കോണ്‍ഗ്രസിലേക്ക് തിരികെ പോകാതിരിക്കാന്‍ അദ്ദേഹം മുസ്‌ലിം സമുദായത്തെ തന്നെ വേട്ടയാടുന്നു.

ശര്‍മ ബിജെപിയില്‍ എത്തിയ ശേഷം ശക്തരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കടക്കുന്നുണ്ട്. ഇതിപ്പോള്‍ വളരെ സാധാരണ സംഭവമാണ്. ഇന്നത്തെ ബിജെപി എംഎല്‍എമാരിലും മന്ത്രിമാരിലും വലിയൊരു വിഭാഗം മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്.

2026ലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോവാതിരിക്കാനായി ഭൂരിപക്ഷ സമുദായത്തിനുള്ളിലെ പച്ചയായ ബംഗ്ലാദേശി വിരുദ്ധതയാണ് ബിജെപി സര്‍ക്കാരും ശര്‍മയും ഉണര്‍ത്തുന്നത്.

2016ല്‍ ബിജെപി കൊണ്ടുവന്ന 'ജാതി മട്ടി ബേട്ടി' (ജാതി, മണ്ണ്, മകള്‍) എന്ന പ്രചാരണത്തിന്റെ ഒരു പതിപ്പ് വീണ്ടും പ്രയോഗിക്കപ്പെടുകയാണ്. അസമീസ്, ഗോത്ര സ്വത്വ രാഷ്ട്രീയം പൊതുശത്രുവിനെതിരേ അതായത് കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് അവര്‍ക്കറിയാം.

അസമിലെ വോട്ടര്‍മാരുടെ നാഡീമിടിപ്പ് അളക്കാനുള്ള ശര്‍മയുടെ കഴിവിനെ അംഗീകരിച്ചേ പറ്റൂ. സമര്‍ഥനായ രാഷ്ട്രീയക്കാരനാണ് ശര്‍മ. തന്റെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വര്‍ധിച്ചുവരുന്നത് അദ്ദേഹത്തിന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. അതിനാല്‍, അധികാരത്തില്‍ തുടരാന്‍ ആ 'ബംഗ്ലാദേശ് വിരുദ്ധ' വികാരത്തില്‍ ഉറച്ചുനില്‍ക്കണം.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തിന്റെ തന്ത്രപരമായ ദുര്‍ബലതയെ കുറിച്ച് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് നടത്തിയ പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ശര്‍മ പ്രതികരിക്കുകയുണ്ടായി. വിദേശകാര്യവും വിദേശനയവും കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെങ്കിലും വിഷയത്തില്‍ ശര്‍മ ഇടപെട്ടു.

കിഴക്കന്‍ ബംഗാള്‍ വംശജനായ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ഒരു പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതില്‍ അതിശയിക്കാനില്ല. ശര്‍മയാണ് അതിന് നേതൃത്വം നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായ ശേഷം ഗുവാഹത്തിയില്‍ ശര്‍മ വാര്‍ത്താസമ്മേളനം നടത്തി. ഭൂമി കൈയ്യേറ്റക്കാരുടെ കുടുംബത്തില്‍ പെട്ടയാളാണ് പത്രപ്രവര്‍ത്തകനെന്നാണ് ശര്‍മ പറഞ്ഞത്. ബ്രിട്ടീഷ് കാലം മുതല്‍ മുസ്‌ലിംകളെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണത്.

കിഴക്കന്‍ ബംഗാള്‍ വംശജര്‍ ധാരാളമുള്ള അഞ്ച് ജില്ലകളിലെ 'തദ്ദേശീയര്‍ക്ക്' തോക്ക് ലൈസന്‍സ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ശര്‍മ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 'വിദേശികളെ' ചവിട്ടി പുറത്താക്കണമെന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് അനുസൃതമായ 'ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍' എന്ന പ്രയോഗവും അദ്ദേഹം ഉപയോഗിച്ചു.

ശര്‍മയുടെ ഇത്തരം നടപടികളും പ്രയോഗങ്ങളും സ്വജനപക്ഷപാതം, ഭൂമി കൈയ്യേറ്റം തുടങ്ങി അദ്ദേഹത്തിനും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങള്‍ മായ്ച്ചുകളയാന്‍ സഹായിക്കും. ബിജെപി സര്‍ക്കാരിലെ മന്ത്രിമാരുടെ കഴിവുകേടും കോണ്‍ഗ്രസ് മേധാവിയായി ഉയര്‍ത്തപ്പെട്ട ഗൗരവ് ഗൊഗോയുടെ ജനപ്രതീയും ഈ വര്‍ഗീയ കളിയില്‍ മുങ്ങിപ്പോവുമെന്നാണ് ശര്‍മ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോളും ഈ സംഭവവികാസങ്ങളെ കുറിച്ചുള്ള ചരിത്രം അവഗണിക്കാന്‍ പാടില്ല.

1965ലെ ഇന്ത്യ-പാക് യുദ്ധം

പ്രശ്‌നത്തിന്റെ വിശാലമായ ചിത്രം മനസിലാക്കാന്‍ മറ്റു പലകാര്യങ്ങളും കൂടെ കാണണം. ബംഗ്ലാദേശ് അതിര്‍ത്തിയിലെ 'തദ്ദേശീയര്‍ക്ക്' തോക്ക് ലൈസന്‍സ് നല്‍കുന്നതിനെയും ആളുകളെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്ന ശര്‍മയുടെ പ്രസ്താവനയെയും ഒരുമിച്ച് കാണണം.

1965ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധകാലത്തും അതിനു തൊട്ടുപിന്നാലെയും കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി അസമിലെ ഈ രണ്ട് സംഭവവികാസങ്ങളെയും ബന്ധിപ്പിക്കേണ്ടതുണ്ട്.

1965ലെ ഇന്ത്യാ-പാക് യുദ്ധം 1971ലെ യുദ്ധത്തെ പോലെ അസമിനെ നേരിട്ട് ബാധിച്ചില്ല. പെഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്താനുമായുണ്ടായ സംഘര്‍ഷവും അസമിനെ നേരിട്ട് ബാധിച്ചില്ല. എന്നിട്ടും ഈ സംഘര്‍ഷത്തിന്റെ സ്വാധീനം അസം രാഷ്ട്രീയത്തിലും അസം സര്‍ക്കാരിന്റെ നടപടിയിലും കാണാം. 1965ലും അങ്ങനെ തന്നെയായിരുന്നു.

1965ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധം അസമിനെ നേരിട്ട് ബാധിച്ചില്ലെങ്കിലും നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിച്ച് നിരവധി മുസ്‌ലിംകളെ കിഴക്കന്‍ പാകിസ്താനിലേക്ക് അയച്ചതായി പ്രശസ്ത അസമീസ് അക്കാദമിക് വിദഗ്ധന്‍ മുനീറുല്‍ ഹുസൈന്‍ 'ദി അസം മൂവ്‌മെന്റ് ക്ലാസസ്, ഐഡിയോളജി, ഐഡന്റിറ്റി' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 1965ലെ യുദ്ധത്തെ തുടര്‍ന്ന് അസമിലെ പ്രശസ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ള മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ ഹിന്ദു-മുസ് ലിം ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയെന്നും മുനീറുല്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ബംഗ്ലാദേശികള്‍ എന്ന് പറഞ്ഞ് ആളുകളെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നത് പോലെ അന്നും ആളുകളെ തള്ളിവിട്ടത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അത് അക്കാലത്ത് അസം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഹുസൈന്‍ ഇങ്ങനെ വിവരിക്കുന്നു. ''അസമിലെ മുസ്‌ലിംകള്‍ രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്ന തങ്ങളുടെ ഉള്ളിലെ ഭയം സത്യമാണെന്ന് പല അസമി ഹിന്ദുക്കള്‍ക്കും തോന്നിത്തുടങ്ങി. മുസ്‌ലിംകള്‍ക്ക് ഇന്ത്യയോട് കൂറുണ്ട് എന്നറിഞ്ഞിട്ടും അയല്‍ക്കാരായ ഹിന്ദുക്കള്‍ തങ്ങളെ അനാവശ്യ അറസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചില്ല എന്ന അസ്വസ്ഥത മുസ്‌ലിംകള്‍ക്കിടയിലും രൂപപ്പെട്ടു.''

1965ലെ സംഭവവികാസങ്ങളുമായി നിലവിലെ സംഭവവികാസങ്ങളെ താരതമ്യം ചെയ്താല്‍ അസമില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് നമുക്ക് അനുമാനിക്കാം. 1965ല്‍ പാകിസ്താനുമായുള്ള യുദ്ധസമാനമായ സാഹചര്യത്തെ കുറിച്ച് അപായമണി മുഴക്കിയത് അസമിയ ബൂര്‍ഷ്വാ മാധ്യമങ്ങളാണെന്നാണ് ഹുസൈന്‍ കണ്ടെത്തിയിരുന്നത്. ഇത് നിയമസഭയിലും വിഷയമായി. അസമില്‍ നിന്ന് ലക്ഷക്കണക്കിന് പാകിസ്താനി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്ന് ചില അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

അസമീസ് മാധ്യമങ്ങളിലെ പ്രചാരണത്തെ അടിസ്ഥാനമാക്കിയുള്ള ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയല്‍ (പിഐപി) പദ്ധതി ആരംഭിക്കുന്നതിലേക്ക് നയിച്ചുവെന്ന് ഹുസൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാഗോണ്‍ ജില്ലയിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 1965ല്‍ 20,189 പേരെ കിഴക്കന്‍ പാകിസ്താനിലേക്ക് നിര്‍ബന്ധിതമായി നാടുകടത്തുകയോ തള്ളിവിടുകയോ ചെയ്തു. ഇത്തവണ സുപ്രിംകോടതി ഉത്തരവിനെയാണ് തള്ളിവിടലിനെ നിയമപരമായി സാധൂകരിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരായ ഭയം 'വസ്തുനിഷ്ഠമല്ല' എന്നാണ് 1965ലെ യുദ്ധത്തിന് ശേഷം കണ്ടെത്തിയത്. അതിനാല്‍ തന്നെ പിഐപി പദ്ധതി ഉപേക്ഷിക്കുകയുമുണ്ടായി. അസമില്‍ ഒരു നുഴഞ്ഞുകയറ്റുക്കാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയായിരുന്ന ബിപി ചാലിഹ 1969ല്‍ നിയമസഭയെ അറിയിച്ചത്.

1971ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ വീണ്ടും 'പുറന്തള്ളല്‍' തിരികെ എത്തി. പാകിസ്താന്റെ ചാരന്‍മാരെന്ന് സംശയിക്കുന്നവരെ പുറത്താക്കാന്‍ മാത്രമേ അത് ഉപയോഗിച്ചുള്ളൂ. അന്ന് ഭയത്തിന് അടിസ്ഥാനമുണ്ടായിരുന്നു.

1961ലെ ഇന്ത്യ-ചൈന യുദ്ധം

1965ലെ പുറന്തള്ളല്‍ നടപടിക്ക് മുമ്പ്, സംശയത്തിന്റെ പേരില്‍ സമാനമായ ഒരു നാടുകടത്തല്‍ അസമില്‍ നടന്നിരുന്നു. 1962ല്‍, അപ്പര്‍ അസമില്‍, പ്രത്യേകിച്ച് മകം പട്ടണത്തിലും പരിസരത്തും താമസിച്ചിരുന്ന ചൈനീസ് വംശജരെയാണ് അത്തരത്തില്‍ നാടുകടത്തിയത്. പ്രശസ്ത അസമീസ് എഴുത്തുകാരി റീത്ത ചൗധരിയുടെ 'മകം' എന്ന പുസ്തകം ആ പ്രക്ഷുബ്ധമായ കാലഘട്ടത്തെ കുറിച്ച് പറയുന്നുണ്ട്.

വടക്കുകിഴക്കന്‍ മേഖല ചൈനക്കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്ന ഒരു ധാരണ അക്കാലത്ത് കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നു. ചൈനീസ് ആക്രമണസമയത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) ഡയറക്ടറായിരുന്ന ബിഎന്‍ മുള്ളിക് തന്റെ ശ്രദ്ധേയമായ 'ദി ചൈനീസ് ബിട്രേയല്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. ''അസമില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള പദ്ധതി സൈനിക ആസ്ഥാനം തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിസഭയ്ക്ക് മുന്നില്‍ വയ്ക്കുമെന്നും ഞാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോട് പറഞ്ഞിരുന്നു.'' ആ പദ്ധതിയെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. എന്നിരുന്നാലും, അത് മന്ത്രിസഭയുടെ മുമ്പാകെ വയ്ക്കപ്പെടും. അസ്വസ്ഥനായ മുള്ളിക്ക് ഉടന്‍ തന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ അടുത്തേക്കു പോയി, സൈന്യത്തിന്റെ പദ്ധതിയെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞു. കാരണം, അനുമതി ലഭിച്ചാല്‍ ചൈനക്കാര്‍ വടക്കന്‍ ബംഗാളിലും വരുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

ചൈനീസ് ആക്രമണസമയത്ത് അസമിനെ ഉപേക്ഷിച്ചതിന് നെഹ്‌റുവിനെ ബിജെപി-ആര്‍എസ്എസ് പലപ്പോഴും കുറ്റപ്പെടുത്താറുണ്ടെങ്കിലും അത് സൈനിക ആസ്ഥാനത്തുനിന്ന് ഉയര്‍ന്നുവന്ന ഒരു ചിന്തയാണെന്നും നെഹ്‌റു നിര്‍ദേശിച്ചതല്ലെന്നും മുള്ളിക്കിന്റെ പുസ്തകം ചൂണ്ടിക്കാട്ടുന്നു.

'തദ്ദേശീയര്‍ക്ക്' ആയുധ ലൈസന്‍സ് നല്‍കാനുള്ള മെയ് 28ന്റെ തീരുമാനത്തില്‍ 1962 മുതലുള്ള സംഭവവികാസങ്ങള്‍ക്ക് സ്വാധീനമുണ്ട്. ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങള്‍ കാരണമാണ് ഈ തീരുമാനം എടുത്തതെന്ന് ശര്‍മ വ്യക്തമായി പറഞ്ഞെങ്കിലും അത് കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞില്ല.

പണ്ട് കരസേന ആസ്ഥാനം തയ്യാറാക്കിയ പദ്ധതി നെഹ്‌റു മന്ത്രിസഭ അംഗീകരിക്കുകയാണെങ്കില്‍ താന്‍ ഐബി ഡയറക്ടര്‍ സ്ഥാനം രാജിവച്ച് അസമില്‍ പോവുമെന്നും ചൈനക്കെതിരേ ജനകീയ പ്രതിരോധ പ്രസ്ഥാനം സംഘടിപ്പിക്കുമെന്നും അസം തിരിച്ചുപിടിക്കുന്നതുവരെ തിരികെ വരില്ലെന്നും തീരുമാനിച്ചിരുന്നതായി മുള്ളിക്കിന്റെ പുസ്തകം പറയുന്നു.

1965 നവംബര്‍ 20ന് സംസാരിച്ചപ്പോള്‍ നെഹ്‌റു ആ ആശയം അംഗീകരിച്ചിരുന്നുവെന്ന് മുള്ളിക് പറഞ്ഞു. സമാനമായ ഒരു ജനകീയ പ്രതിരോധം സംഘടിപ്പിക്കാന്‍ അസമിലേക്കു പോകാന്‍ ബിജു പട്‌നായിക് തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞു. പട്‌നായിക്കിനെ ഈ പദ്ധതിയില്‍ പങ്കെടുപ്പിക്കാന്‍ മുള്ളിക് സമ്മതിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി അടുത്ത ദിവസം രാവിലെ രണ്ടുപേരും വ്യോമസേനാ വിമാനത്തില്‍ അസമിലേക്ക് പോയി. പദ്ധതിയിട്ടതുപോലെ അടുത്ത ദിവസം രാവിലെ ഇരുവരും അസമില്‍ എത്തിയെങ്കിലും നവംബര്‍ 21ന് പുലര്‍ച്ചെ ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ പദ്ധതി നടപ്പായില്ല.



കടപ്പാട്: ദി വയര്‍

Next Story

RELATED STORIES

Share it