Big stories

അസമിലെ തടങ്കല്‍പാളയത്തില്‍ ഒരു മരണം കൂടി; പഠിക്കാന്‍ പ്രത്യേക സമിതി

മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

അസമിലെ തടങ്കല്‍പാളയത്തില്‍ ഒരു മരണം കൂടി; പഠിക്കാന്‍ പ്രത്യേക സമിതി
X

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വപട്ടിക(എന്‍ആര്‍സി) നടപ്പാക്കിയതിനെ തുടര്‍ന്ന് തുറന്ന തടങ്കല്‍പ്പാളയത്തിലെ ഒരു അന്തേവാസി കൂടി മരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നാല്‍ബാരി ജില്ലയിലെ മുകള്‍മുവയ്ക്കു സമീപത്തെ സത്തേമാരി സ്വദേശി ഫലു ദാസ്(70) മരണപ്പെട്ടത്. എന്നാല്‍, ഫലു ദാസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് യാതൊരു വിവരവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. 2017 ജൂലൈ മുതല്‍ ലോവര്‍ അസമിലെ ഗോല്‍പാറയിലെ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ ഒക്ടോബര്‍ 11നു ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രി(ജിഎംസിഎച്ച്)യിലേക്ക് മാറ്റുകയായിരുന്നു. എല്ലാ രേഖകളുമുണ്ടായിട്ടും വിദേശിയായി മുദ്ര കുത്തുകയായിരുന്നുവെന്നും ഫലു ദാസിന്റെ കുടുംബം ആരോപിച്ചു. സോണിത്പൂര്‍ ജില്ലയിലെ അലിസിംഗ വില്ലേജിലെ 65കാരനായ ദുലാല്‍ ചന്ദ്രപോള്‍ എന്നയാളും ഒക്ടോബര്‍ 13നു സമാനരീതിയില്‍ മരണപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രി(ജിഎംസിഎച്ച്)യില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ദുലാല്‍ ചന്ദ്രപോളിന്റെ കുടുംബവും മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു.

ഇത്തരത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബങ്ങള്‍ വിസമ്മതിക്കുകയും ചെയ്യുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ആറ് തടങ്കല്‍ കേന്ദ്രങ്ങളിലെ അവസ്ഥകള്‍ വിലയിരുത്താന്‍ വേണ്ടി അസം സര്‍ക്കാര്‍ പ്രത്യേക അവലോകന സമിതി രൂപീകരിച്ചു. ജയില്‍ ഐജി, റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് സിങ്, ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ഡിഐജി(ബോര്‍ഡര്‍) നയിക്കുന്ന സമിതിയെന്ന് മുഖ്യമന്ത്രി ഓഫിസ് അറിയിച്ചു. സമിതി എല്ലാ തടങ്കല്‍ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നിയമ വശങ്ങളെയും ആരോഗ്യസ്ഥിതിയെയും ഓരോ അന്തേവാസിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് വിശദമായ പഠനം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തടങ്കല്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉറപ്പുവരുത്തുകയാണ് സമിതിയുടെ അവലോകനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാല്‍, തടങ്കല്‍ കേന്ദ്രങ്ങളിലെ മരണസംഖ്യ കൂടുകയും കുടുംബാംഗങ്ങള്‍ മൃതദേഹം നിരസിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നതോടെ പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചതെന്നും ആക്ഷേപമുണ്ട്. മൂന്നുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ആഗസ്ത് 31നു അസമില്‍ ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി)യുടെ അന്തിമ ലിസ്റ്റ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 19 ലക്ഷം പേരാണ് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായത്.




Next Story

RELATED STORIES

Share it