- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശഹീദ് ആലി മുസ്‌ല്യാരുടെ ഓര്‍മകള്‍ക്ക് 103 വയസ്സ്

കെ പി ഒ റഹ്മത്തുല്ല
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യയില്‍ ആറുമാസം അവധി നല്‍കിയ മലബാറിലെ 1921ലെ മഹത്തായ സ്വാതന്ത്യ സമരത്തിന്റെ ആത്മീയ നായകന്‍ ആലി മുസ്‌ല്യാര്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് നൂറ്റിമൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 'മുസ്‌ല്യാര്‍ കിങ്, ഖിലാഫത്ത് കിങ് ' എന്നൊക്കെയായിരുന്നു ബ്രിട്ടിഷുകാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മലബാറിലെ നാട്ടുകാര്‍ മൊയ്‌ല്യാരുപ്പാപ്പ എന്ന് വിളിച്ചപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ കേരളത്തിലെ ബഹദൂര്‍ഷാ സഫര്‍ എന്നും വിളിച്ചു പോന്നു. 1922 ജനുവരി 17 ന് അദ്ദേഹത്തെയും പന്ത്രണ്ട് പേരേയും തൂക്കിക്കൊന്നുവെന്നാണ് ഇംഗ്ലീഷുകാര്‍ എഴുതിവച്ചിരിക്കുന്നത്. എന്നാല്‍ സത്യം അതായിരുന്നില്ലെന്ന് അന്ന് ജയിലില്‍ ജോലിയിലുണ്ടായിരുന്നവര്‍ വരെ രേഖപ്പെടുത്തിയിട്ടുണ്ട് കോയമ്പത്തൂരിലെ സെന്‍ട്രല്‍ ജയിലിലാണ് ആലി മുസ്‌ല്യാരെ പാര്‍പ്പിച്ചിരുന്നത്.
വധശിക്ഷ നടപ്പാക്കേണ്ട ദിവസം രാവിലെ വിളിച്ചുണര്‍ത്തി അവസാനത്തെ ആഗ്രഹം ജയില്‍ അധികൃതര്‍ ചോദിച്ചു. ഞങ്ങള്‍ക്ക് ഒരുമിച്ച് നമസ്‌കരിക്കണമെന്നായിരുന്നു ആലി മുസ്‌ല്യാര്‍ പറഞ്ഞത്. അത് അനുവദിക്കുകയും ചെയ്തു. ആലി മുസ്‌ല്യാരും സഹപ്രവര്‍ത്തകരും നമസ്‌കാരം തുടങ്ങി. കുറേനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതെയായപ്പോള്‍ ജയില്‍ വാര്‍ഡന്‍മാര്‍ ചെന്ന് നോക്കി. അപ്പോള്‍ ആലി മുസ്‌ല്യാര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കൂടെയുള്ളവര്‍ ചുറ്റുമിരുന്ന് കരയുന്നുമുണ്ട്. എന്നാല്‍ ബ്രിട്ടിഷുകാര്‍ ആ മയ്യിത്ത് വലിച്ചിഴച്ച് കൊണ്ടുവന്ന് തൂക്കിലേറ്റുകയായിരുന്നു. അല്ലാഹു തന്റെ ദാസനെ ശത്രുക്കളുടെ കൈയില്‍നിന്നും തിരിച്ചുവിളിച്ചുവെന്നര്‍ഥം.
ആലി മുസ്‌ല്യാരുടെ മയ്യിത്ത് കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ വിട്ടുകൊടുത്തു. കോയമ്പത്തൂര്‍ മലബാര്‍ മുസ്‌ലിം അസോഷിയേഷന്‍ ആണ് ഇതിനായി മുന്നിട്ടിറങ്ങിയത്. കോയമ്പത്തൂര്‍ ശുക്രം പേട്ടയിലെ പളളി ഖബര്‍സ്ഥാനിലാണ് ആ രക്തസാക്ഷിയെ അടക്കം ചെയ്തിരിക്കുന്നത്.
അതിനടുത്ത ഹക്കീം റോഡില്‍ ആലി മുസ്‌ല്യാര്‍ക്ക് ഒരു സ്മാരകവും നിര്‍മിച്ചിട്ടുണ്ട്. അതിന്റെ ശിലാഫലകത്തില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
''നമ്മുടെ രാജ്യത്തെ അടിമത്തത്തില്‍നിന്നും കരകയറ്റാന്‍ 1921 ലെ സമരകാലത്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ തൂക്കുമരത്തെ ധീരതയോടെ നേരിട്ട ഇസ്‌ലാമിലെ രക്തസാക്ഷികളായ ആലി മുസ്‌ല്യാരുടെയും അനുയായികളുടെയും പാവന സ്മരണയ്ക്കായി ഇത് സമര്‍പ്പിച്ചിരിക്കുന്നു. അവരുടെ ആത്മാക്കള്‍ ശാന്തി പൂകട്ടെ. അവരുടെ നിത്യ ചൈതന്യം ഇസ്‌ലാമിക ആദര്‍ശങ്ങള്‍ക്കൊത്തുയരുവാന്‍ നമ്മെ പ്രചോദിപ്പിക്കട്ടെ''.
ആലി മുസ്‌ല്യാരെ ബ്രിട്ടിഷ് അധികാരികള്‍ ഏറെ ഭയപ്പെട്ടിരുന്നു. അവരുടെ പേടിസ്വപ്‌നം തന്നെയായിരുന്നു ധീരനും സാത്വികനുമായിരുന്നു ആ വിപ്ലവ നായകന്‍. ഹിച്ച്‌കോക്കിന്റെ ഭാഷയില്‍ ഹാലിളക്കങ്ങളുടെ നേതാവും മതഭ്രാന്തരായ മാപ്പിളമാരുടെ നായകനുമായിരുന്നു അദ്ദേഹം. ടോട്ടണ്‍ ഹാം പറഞ്ഞതാവട്ടെ പരാജയം തിരഞ്ഞെടുത്ത വിഢ്ഢി എന്നായിരുന്നു. എന്നാല്‍ അക്കാലത്ത് മലബാറില്‍നിന്നും ലണ്ടനിലേക്കയച്ച പട്ടാള റിപോര്‍ട്ടുകളില്‍ മലബാര്‍ കിങ് എന്നാണ് ആലി മുസ്‌ല്യാരെ അടയാളപ്പെടുത്തിയിരുന്നത്. അത് തന്നെയായിരുന്നു സത്യവും.
ലോക വന്‍ ശക്തിയായിരുന്ന ബ്രിട്ടന് മറ്റെവിടെയും നേരിടേണ്ടി വന്നിട്ടില്ലാത്ത ചെറുത്തുനില്‍പ്പാണ് മലബാറിലെ മാപ്പിളമാരില്‍നിന്നും ഏല്‍ക്കേണ്ടി വന്നത്. അതിന്റെ ആത്മീയ നേതൃത്വം എന്ന നിലയില്‍ ആലി മുസ്‌ല്യാര്‍ എല്ലാകാലത്തും ചരിത്രത്തില്‍ തങ്കലിപികളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നാട്ടുകാരിലുണ്ടായിരുന്ന വലിയ സ്വാധീനവും അദ്ദേഹത്തിന്റെ ആദര്‍ശ ദൃഢതയും കനത്ത വെല്ലുവിളിയാകുമെന്ന് ഇംഗ്ലീഷുകാര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് മലബാര്‍ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു പ്രാദേശിക നേതാവ് മാത്രമായിരുന്ന ആലി മുസ്‌ല്യാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ആലി മുസ്‌ല്യാരുടെയും മലബാര്‍ സമരത്തിന്റെയും പുതിയ കണ്ടെത്തലുകള്‍ അടങ്ങിയ ഏററവും പുതിയ ഗ്രന്ഥമാണ് 'മലബാര്‍ കിങ്'. മലയാളിയായ ഡോ. അബ്ബാസ് പനക്കലാണ് ഇതിന്റെ രചയിതാവ്. 1921ലെ രേഖകളുടെ അടിസ്ഥാനത്തില്‍ ആ സമരത്തെ പുനര്‍ നിര്‍ണയിക്കുകയാണ് ഇംഗ്ലീഷിലുളള ഈ ചരിത്ര ഗ്രന്ഥം. ബ്രിട്ടിഷുകാരും സവര്‍ണ ചരിത്രകാരന്‍മാരും ഇത്രയും കാലം ഈ സമരത്തെ കുറിച്ച് പരത്തിയിരുന്ന എല്ലാ തെറ്റിദ്ധാരണകള്‍ക്കും ശക്തമായ മറുപടിയാണ് വേങ്ങരക്കാരന്റെ 'മുസ്‌ല്യാര്‍ കിങ്'.
നാലുഭൂഖണ്ഡങ്ങളില്‍നിന്ന് ഒരേ സമയം പ്രകാശനം ചെയ്ത ഈ ഗ്രന്ഥമിപ്പോള്‍ അക്കാദമി തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അന്നത്തെ സമരത്തെ ഇകഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ മറുപടി എന്നതിലപ്പുറം പുതിയ പല കണ്ടെത്തെലുകളും ഈ കൃതിയിലുണ്ട്. വലിയ വിവാദങ്ങള്‍ക്കും ഈ പുതിയ പുസ്തകം കാരണമായിട്ടുണ്ട്. നീണ്ട മൂന്നുവര്‍ഷം ലോകത്തിലെ വിവിധ ലൈബ്രറികളിലെ പഴയ ശേഖരങ്ങള്‍ പരിശോധിച്ചാണ് പുസ്തകം തയ്യാറാക്കിയതെന്ന് അബ്ബാസ് പനക്കല്‍ പറയുന്നു.
1853 ല്‍ മഞ്ചേരിക്കടുത്ത നെല്ലിക്കുത്തിലാണ് ആലി മുസ്‌ല്യാര്‍ ജനിക്കുന്നത്. എരിക്കുന്നന്‍ കുഞ്ഞിമൊയ്തീന്‍ ഉപ്പയും പൊന്നാനി മഖ്ദും കുടുംബത്തിലെ ഓടക്കല്‍ ആമിന ഉമ്മയുമായിരുന്നു. വലിയ സമരപാരമ്പര്യമുള്ള കുടുംബമായിരുന്നു എരിക്കുന്നന്‍. പാലത്തും മൂലിയില്‍ കുടുംബം സാമൂതിരിക്കുവേണ്ടിയും മൈസൂരിലെ ഹൈദരാലിക്കുവേണ്ടിയും നടന്ന സമരങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. മൈസൂര്‍ ഭരണത്തിലെ ഉദ്യോഗസ്ഥരുടെ നികുതി പിരിവിലെ ചൂഷണത്തിനെതിരേ രംഗത്തു വന്നവരിലും ആലി മുസ്‌ല്യാരുടെ പിതാമഹന്‍ ആലിമൊല്ല മുന്നിലുണ്ടായിരുന്നു.
കാരക്കാടന്‍ കുഞ്ഞിക്കമ്മു മൊല്ലയുടെ ഓത്തു പള്ളിയിലായിരുന്നു മതപഠനം. പിന്നീട് ഒറ്റകത്ത് നൂറുദ്ദീന്‍ മുസ്‌ല്യാരില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു. ഉപരി പഠനത്തിനായി പൊന്നാനിയിലെ സൈനുദ്ദീന്‍ മഖ്ദൂം അഞ്ചാമന്റെ കീഴില്‍ പത്തുവര്‍ഷത്തോളം കിത്താബോതി. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന ആലി മുസ്‌ല്യാര്‍ പിന്നീട് ഉന്നത പഠനത്തിനായി മക്കയിലേക്ക് പോയി. പ്രമുഖരില്‍ നിന്നും ഏഴുവര്‍ഷത്തോളം ഇസ്‌ലാമിക വിജ്ഞാന ശാഖകള്‍ മസ്ജിദുല്‍ ഹറമില്‍നിന്നും സ്വായത്തമാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ഹുസൈന്‍ അഹമ്മദ്, മഹ്മൂദുല്‍ ഹസന്‍ എന്നിവര്‍ സഹപാഠികളായിരുന്നു. മക്കയിലെ പുണ്യ നഗരം ആലി മുസ്‌ല്യാരെ ആത്മീയ ചൈതന്യവും പോരാട്ട വീര്യവുമുള്ള നേതാവാക്കി മാറ്റി എടുക്കുകയായിരുന്നു. ഇസ്‌ലാമിന്റെ മര്‍ദ്ദിത വിമോചന സന്ദേശങ്ങള്‍ ആ മനസ്സില്‍ ആഴത്തില്‍ ഊട്ടിയുറപ്പിച്ചത് മക്കയിലെ വിദ്യഭ്യാസമായിരുന്നു. തികഞ്ഞ മത പണ്ഡിതനായാണ് അദ്ദേഹം നാട്ടില്‍ മടങ്ങി എത്തിയത്.
ലക്ഷദ്വീപിലെ കവരത്തിയില്‍ ഏഴുവര്‍ഷത്തോളം മുദരിസ്സായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ ജന്‍മിമാര്‍ക്കെതിരായ പടനീക്കം ഉണ്ടാകുന്നത്. പിന്നീട് ഈ സമരം ബ്രിട്ടനെതിരായ സമരമായി മാറി. മണ്ണാര്‍ക്കാട് പട എന്നാണ് ഇതറിയപ്പെടുന്നത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ നെല്ലിക്കുത്ത്‌നിന്ന് ചക്കിപ്പറമ്പന്‍മാരും എരിക്കുന്നന്‍മാരും പുന്നക്കോടന്‍മാരും നേതൃത്വം നല്‍കിയ സമരത്തില്‍ മുപ്പത്തിഒന്ന് പേര്‍ രക്തസാക്ഷികളായി. ആലി മുസ്‌ല്യാരുടെ ജ്യേഷ്ഠന്‍ മമ്മദ്കുട്ടിയും ഈ രക്തസാക്ഷികളില്‍ ഉള്‍പ്പെട്ടിരുന്നു. ഇരുപത്തി എട്ട് വയസ്സ് മാത്രം ഉണ്ടായിരുന്ന യുവാവായിരുന്നു അദ്ദേഹം. ഈ സമരത്തിന്റെ പേരിലാണ് വാരിയന്‍ കുന്നന്റെ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയെ ബ്രിട്ടിഷുകാര്‍ ജീവപര്യന്തം അന്തമാനിലേക്ക് നാടുകടത്തിയത്. ജ്യേഷ്ഠന്‍ മമ്മദ്കുട്ടിയുടെ രക്തസാക്ഷിത്വം അറിഞ്ഞപ്പോഴാണ് ലക്ഷദ്വീപില്‍നിന്നും ആലി മുസ്‌ല്യാര്‍ നാട്ടിലേക്ക് മടങ്ങിയത്. കവരത്തിയില്‍ സഹോദരന്‍ അഹമ്മദ് മുസ്‌ല്യാരെ ഖാദിയായി നിര്‍ത്തുകയും ചെയ്തിരുന്നു.
നാട്ടില്‍ എത്തിയ ഉടനെ അദ്ദേഹം വാണിയമ്പലത്തിനടുത്ത തൊടിക്കപ്പുരം ജുമാമസ്ജിദില്‍ ഇമാമായി. പിന്നീട് പൊടിയാട്ട്, ആലത്തൂര്‍ മേല്‍മുറി, നെല്ലിക്കുത്ത് എന്നിവിടങ്ങളില്‍ ഇമാമായി. നല്ല പ്രഭാഷകന്‍ കൂടിയായിരുന്ന ആലി മുസ്‌ല്യാര്‍ പെട്ടെന്നു തന്നെ നാട്ടുകാരില്‍ വലിയ സ്വാധീനം നേടി. അദ്ദേഹത്തിന്റെ സംസാരവും പ്രഭാഷണങ്ങളുമെല്ലാം നാട്ടുകാരെ ആകര്‍ഷിക്കുന്നതായിരുന്നു. 1907ലാണ് ആലി മുസ്‌ല്യാര്‍ തിരൂരങ്ങാടിയിലെ മുഖ്യ ഇമാമായി എത്തുന്നത്. അവരാണ് മൊയ്‌ല്യാരുപ്പാപ്പ എന്ന വിളിപ്പേര് നല്‍കുന്നത്. പതിനാല് തവണ ആലി മുസ്‌ല്യാര്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ട്. വിദേശ പഠനവും കിത്താബുകളിലെ ആഴത്തിലുള്ള അറിവുകളും അദ്ദേഹത്തെ വലിയ ആത്മീയ തേജസ്സിനുടമയാക്കി. ഇമാമായി ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടുകയും മധ്യസ്ഥം വഹിക്കുകയും ചെയ്തിരുന്നു. നല്ല നീതിമാനായ മധ്യസ്ഥന്‍ എന്ന സ്ഥാനം വളരെ പെട്ടെന്നു തന്നെ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ആലി മുസ്‌ലിയാര്‍ കോണ്‍ഗ്രസ്, ഖിലാഫത്ത് പ്രസ്ഥാനങ്ങളുമായി പതുക്കെ അടുത്ത് തുടങ്ങി. എം പി നാരാണ മേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരും അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരായിരുന്നു. നിസ്സഹകരണ പ്രസ്ഥാനവുമായാണ് അദ്ദേഹം ആദ്യമായി ബന്ധം സ്ഥാപിക്കുന്നത്. കോഴിക്കോട്ട് ഗാന്ധിയും അലിസഹോദരന്‍മാരും പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആലി മുസ്‌ല്യാര്‍ ആദ്യാവസാനം പങ്കെടുത്തിരുന്നു. ഖാദിയുടെ നീളന്‍ കുപ്പായമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. തിരൂരങ്ങാടിയിലെ പ്രവര്‍ത്തന മേഖല ആലി മുസ്‌ല്യാരിലെ നേതാവിനെയും പോരാളിയെയും നന്നായി തേച്ചുമിനുക്കിയിരുന്നു. മതപ്രസംഗം, മദ്‌റസ, ദര്‍സ് സംവിധാനം എന്നിവയെല്ലാം വിദേശ ഭരണത്തിനെതിരായ പ്രവര്‍ത്തനമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മമ്പുറം തങ്ങളുടെയും സയ്യിദ് ഫസലിന്റെയും പ്രദേശമായിരുന്നതിനാല്‍ അത് നല്ല ഫലം ചെയ്തു. മത പണ്ഡിതരായ ചാലിലകത്ത് അഹമ്മദ് മുസ്‌ല്യാര്‍, തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ല്യാര്‍ എന്നിവരുടെ പിന്തുണയും വലിയ സഹായമായി. മമ്പുറം തങ്ങന്‍മാരുടെ പിന്തുടര്‍ച്ചയായി നിന്നുകൊണ്ട് കീഴാള ജനതയ്ക്ക് ആത്മവിശ്വാസം പകരാനും പ്രിതീക്ഷ നല്‍കാനും അദ്ദേഹത്തിനായി.
മേലാളരെ കണ്ടാല്‍ വഴി മാറി നടക്കരുതെന്നും ഭയപ്പെടരുതെന്നും പെരുമാറ്റത്തില്‍ കീഴൊതുങ്ങരുതെന്നും ആഹ്വാനം ചെയ്തു. മമ്പുറം തങ്ങള്‍ക്കുശേഷം തങ്ങള്‍ക്കൊരു നേതാവുണ്ടായതായി കീഴാള സമൂഹത്തിന് ബോധ്യം വന്നു. നേതൃപരമായ ആലി മുസ്‌ല്യാരുടെ കടന്നുവരവ് പെട്ടെന്നായിരുന്നു. രാജ കക്ഷിക്കാരും ബ്രിട്ടിഷ് അനുകൂലികളും സ്വീകരിച്ചിരുന്ന ചൂഷണ വ്യവസ്ഥകളെ ആലി മുസ്‌ല്യാര്‍ തുറന്നെതിര്‍ത്തു. അധികാരികളുടെ അനീതികളെ എതിര്‍ക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. ഇംഗ്ലീഷുകാര്‍ക്കെതിരായ ന്യായം പറച്ചിലില്‍ തിരൂരങ്ങാടിയില്‍ നേതൃസ്ഥാനം വഹിച്ചത് അദ്ദേഹം തന്നെയായിരുന്നു. കേരളത്തിലെ ആദ്യ ഖിലാഫത്ത് കമ്മിറ്റി തിരൂരങ്ങാടിയില്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ നേതൃ നിരയിലേക്ക് ആലി മുസ്‌ല്യാര്‍ കടന്നുവന്നു. അതോടെ ബ്രിട്ടിഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്തു.
തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റി നിലവില്‍ വന്നതോടെ നാട്ടുകാര്‍ക്കിടയില്‍ വലിയ ആവേശവും സജീവതയുമാണ് ഉണ്ടായത്. സമീപ പ്രദേശങ്ങളായ, പൂക്കോട്ടൂര്‍, വലിയോറ, താനൂര്‍, ക്ലാരി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലെത്തി പ്രവര്‍ത്തനങ്ങളും യോഗങ്ങളും നടത്തിയിരുന്നു. സമര പോരാളികളും രണ ശൂരരുമായിരുന്ന ലവക്കുട്ടി, കുഞ്ഞലവി, കാരാടന്‍ മൊയ്തീന്‍ എന്നിങ്ങനെ എന്തിനും തയ്യാറായിരുന്ന ഒരു സംഘം എല്ലാ സമയത്തും ആലി മുസ്‌ല്യാരോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവര്‍ തയ്യാറുമായിരുന്നു. നിരന്തരം തിരൂരങ്ങാടിയില്‍ ഖിലാഫത്ത് കമ്മിറ്റിയുടെ പൊതുയോഗങ്ങളും യൂണിഫോം അണിഞ്ഞുള്ള വളണ്ടിയര്‍ മാര്‍ച്ചും നടന്നിരുന്നു. ആലി മുസ്‌ല്യാരുടെ സാന്നിധ്യവും അദ്ദേഹത്തോടൊപ്പമുള്ള സാഹസികരായ അനുയായികളുടെ പോരാട്ടവീര്യവും ഏതുസമയവും തങ്ങള്‍ക്കെതിരായ സമരമായി മാറുമെന്ന് ബ്രിട്ടിഷ് അധികാരികള്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ചാരന്‍മാരെയും രാജ കക്ഷിക്കാരെയും രഹസ്യ പോലിസുകാരെയും എല്ലാം അവര്‍ സജ്ജീകരിച്ചിരുന്നു. തിരൂരങ്ങാടിയില്‍ മാപ്പിളമാര്‍ ലഹളക്കൊരുങ്ങുന്നു എന്ന് പോലീസുകാര്‍ തന്നെ പ്രചരിപ്പിച്ചിരുന്നു.
1921 ജൂണ്‍ 15ന് ആലി മുസ്‌ല്യാരെയും സുഹൃത്തുക്കളെയും ഡിവൈഎസ്പി ആമു, ചേക്കുട്ടി, അധികാരി മൂസ്സക്കുട്ടി എന്നിവര്‍ വിളിപ്പിച്ച് സമരത്തിനൊരുങ്ങുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു ആലി മുസ്‌ല്യാരുടെ മറുപടി. ഇതൊക്കെ ബ്രിട്ടിഷ് പൊടിക്കൈകളായിരുന്നു. തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും അക്രമമുണ്ടാക്കി പട്ടാള നടപടിയിലൂടെ വലിയ അടിച്ചമര്‍ത്തല്‍ നടത്താനായിരുന്നു അവരുടെ പരിപാടി. ഇതിനുവേണ്ടി നാട്ടിലെ അനുകൂലികളെയും വ്യാജ ഖിലാഫത്ത് വളണ്ടിയാര്‍മാരെയും സാമൂഹികദ്രോഹികളെയും അവര്‍ ഇളക്കി വിട്ടിരുന്നു. തിരൂരങ്ങാടിയില്‍ പട്ടാളനടപടി വേണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ തോമസ് മദ്രാസിലേക്ക് സന്ദേശമയച്ചിരുന്നു. അതനുസരിച്ചാണ് ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ പട്ടാളമെത്തുന്നത്. കലക്ടര്‍ തോമസ്, ജില്ലാ പോലിസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു എന്നിവരോടൊപ്പം നൂറ് സ്‌പെഷ്യല്‍ പോലിസ്, എഴുപത് ഇംഗ്ലീഷ് പട്ടാളം തീവണ്ടി വഴി പരപ്പനങ്ങാടിയില്‍ ഇറങ്ങി തിരൂരങ്ങാടിയിലെത്തി. അവര്‍ പ്രകോപനപരമായ പട്ടാള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുകൂലികളുടെ സഹായത്തോടെ ഖിലാഫത്ത് ഓഫിസുകളില്‍ കയറി കൊടിയും ബോര്‍ഡും നശിപ്പിച്ചു. ശഹാദത്ത് കലിമ ആലേഖനം ചെയ്ത ഖിലാഫത്ത് പതാകകള്‍ പട്ടാളം ചവിട്ടി അരക്കുന്നതിനെതിരേ ആലി മുസ്ലിയാര്‍ രംഗത്ത് വന്നപ്പോള്‍ അദ്ദേഹത്തെ അവഹേളിച്ചു. പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേ പള്ളിയില്‍ പട്ടാളം കയറി പേക്കൂത്തുകള്‍ നടത്തി. പള്ളിക്കകത്തുനിന്നും ആയുധങ്ങളോ മറ്റെന്തെങ്കിലുമോ കിട്ടുകയും ചെയ്തില്ല. ആലി മുസ്ലിയാരുടെ വീട് ബലമായി തുറന്ന് പരിശോധന നടത്തി. അവര്‍ സാധാരണ ഖിലാഫത്ത് വളണ്ടിയര്‍മാരായിരുന്ന മൂന്ന്‌പേരെ അറസ്റ്റ് ചെയ്തു. ഭരണാധികാരി നാപ്പിന്റെ നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു പട്ടാള നടപടികള്‍. പള്ളിയില്‍ കയറരുത്, വെടിവയ്ക്കരുത്, ഖിലാഫത്ത് ഓഫിസുകളില്‍ കയറരുത് എന്നെല്ലാമായിരുന്നു നിര്‍ദേശങ്ങള്‍. എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു പട്ടാള നടപടികള്‍.

ഹിച്ച് കോക്ക്
അടുത്ത ദിവസം ആഗസ്റ്റ് 20ന് തിരൂരങ്ങാടി പള്ളി തകര്‍ക്കാന്‍ പട്ടാളമെത്തി എന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. അതോടെ നാടിന്റെ നാനാ ഭാഗത്തുനിന്നും വിശ്വാസികള്‍ അങ്ങോട്ടെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ ആലി മുസ്‌ല്യാര്‍ റോഡിലെത്തി. ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ചുറ്റും ഓടിക്കൂടി. ബ്രിട്ടിഷ് ഗവണ്‍മെന്റിനോട് ബലം പ്രയോഗിക്കരുതെന്നും അക്രമം പ്രവര്‍ത്തിക്കരുതെന്നും പിടിച്ചുകൊണ്ടുപോയ ഖിലാഫത്ത് പ്രവര്‍ത്തകരെ വിട്ടയക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടാല്‍ മതിയെന്നും ആലി മുസ്‌ല്യാര്‍ ജനക്കൂട്ടത്തെ ബോധ്യപ്പെടുത്തി. അതിന്‍ പ്രകാരം ആലി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ആളുകള്‍ തിരൂരങ്ങാടി പോലിസ് സ്‌റ്റേഷന്റെ മുന്നിലെത്തി. പോലിസ് ക്യാപ്റ്റന്‍ റൗളിയോട് ആലി മുസ്‌ല്യാര്‍ അറസ്റ്റ് ചെയ്ത മൂന്ന് ഖിലാഫത്ത് വളണ്ടിയര്‍മാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. വിട്ടുതരാമെന്നും എല്ലാവരും ഇരിക്കണമെന്നും റൗളി മറുപടി പറഞ്ഞു. അതനുസരിച്ച് ആലി മുസ്‌ല്യാരും കൂടെയുണ്ടായിരുന്നവരും താഴെ ഇരുന്നു. ഈ സമയം അവിടെ എത്തിയ കലക്ടര്‍ തോമസ് ഫയര്‍ എന്ന് ഉത്തരവിട്ടു. പട്ടാളം ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കാന്‍ തുടങ്ങി. തുടക്കത്തില്‍ അന്ധാളിച്ച പോരാളികളിലെ ഒരു കൂട്ടം യുവാക്കള്‍ മുമ്പോട്ട് കുതിച്ച് പട്ടാളത്തെ നേരിട്ടു. അവരുടെ ശക്തമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പട്ടാളക്കാര്‍ പിന്നോട്ടോടി. പതിനേഴ് മാപ്പിളമാര്‍ രക്തസാക്ഷികളായി, അഞ്ച് ഇംഗ്ലീഷുകാരും മരിച്ചു. എസിപി റൗളിയും അതിലുണ്ടായിരുന്നു. അതിനു മുമ്പേ പന്താരങ്ങാടി, വേങ്ങര എന്നിവിടങ്ങളിലും പട്ടാളവും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തോടെ ഇംഗ്ലീഷ് സേന മലബാറില്‍നിന്നും തോറ്റോടുകയായിരുന്നു. അടുത്ത ദിവസത്തെ ലണ്ടന്‍ ടൈംസ് പത്രത്തില്‍ മലബാറില്‍ ബ്രിട്ടിഷ് ഭരണം അവസാനിച്ചു എന്നാണ് വാര്‍ത്ത വന്നത്.
ആലി മുസ്‌ല്യാര്‍ അവിടെ കൂടിയ ആളുകളോട് ഇങ്ങനെ പറഞ്ഞു: ബ്രിട്ടിഷ് പട്ടാളവും കലക്ടറും ഓടിപ്പോയിരിക്കുന്നു. അവര്‍ തിരിച്ചുവരുകയോ വരാതിരിക്കുകയോ രണ്ടായാലും നമ്മുടെ നാട് കള്ളന്‍മാര്‍ക്കും കൊളളക്കാര്‍ക്കും എറിഞ്ഞുകൊടുക്കാന്‍ അനുവദിക്കുകയില്ലെന്ന് ഖിലാഫത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ അതിനോട് സഹകരിക്കണം. അവിടെകൂടിയവര്‍ അതിന് തയ്യാറാണെന്ന് പ്രഖ്യപിക്കുകയും ചെയ്തു.
ആലി മുസ്‌ല്യാര്‍ തിരൂരങ്ങാടിയിലെ സംഭവങ്ങള്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ ടെലിഗ്രാം വഴി അറിയിച്ചു. ആഗസ്റ്റ് 26ന് കെ പി കേശവമേനോന്റെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ കോണ്‍ഗ്രസ് നേതാക്കള്‍ തിരൂരങ്ങാടിയിലെത്തി. ആലി മുസ്‌ല്യാര്‍ അവരെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഉണ്ടായ സംഗതികള്‍ വിശദീകരിച്ചു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഇനിയും പട്ടാളം വരും, അതിനാല്‍ ആവശ്യപ്പെടുന്നവര്‍ കീഴടങ്ങണം എന്ന് നേതാക്കള്‍ മറുപടി പറഞ്ഞു. മറ്റുള്ളവരോട് കൂടി ആലോചിച്ച് മറുപടി പറയാമെന്നായി മുസ്‌ല്യാര്‍. ആലി മുസ്‌ല്യാര്‍ കീഴടങ്ങിയാല്‍ തീരാവുന്ന പ്രശ്‌നമെന്ന നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരൂരങ്ങാടി സംഭവത്തെ വിലയിരുത്തിയത്. ഇക്കാര്യം ഒരിക്കല്‍ കോഴിക്കോട് ജയിലില്‍ വച്ച് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ആലി മുസ്‌ല്യാരോട് ദേഷ്യത്തോടെ ചോദിച്ചുവെന്നും മുസ്‌ല്യാര്‍ മറുപടി പറയാതെ പുഞ്ചിരിക്കുക മാത്രം ചെയ്തുവെന്നും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് 'ഖിലാഫത്ത് സ്മരണകള്‍ 'എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ആലി മുസ്‌ല്യാരോട് കീഴടങ്ങാന്‍ മാധവന്‍ നായരും മൊയ്തു മൗലവിയും എല്ലാം ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് 28ന് വലിയ ഒരു സംഘം പട്ടാളക്കാര്‍ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. പട്ടാള നിയമവും മലബാറില്‍ പാസാക്കിയിരുന്നു. ബാംഗ്ലൂരില്‍നിന്നും പീരങ്കിപ്പടയെ എത്തിച്ചു പട്ടാളത്തിന് തടസ്സമുണ്ടാക്കരുതെന്നും പള്ളികളില്‍നിന്ന് എതിര്‍പ്പുണ്ടായാല്‍ പള്ളികള്‍ തകര്‍ക്കാന്‍ അനുമതിയും പട്ടാളത്തിന് നല്‍കിയിരുന്നു. മലബാറിലെ അഞ്ച് താലൂക്കുകളില്‍ പട്ടാള നിയമം പാസാക്കി.
1921 ആഗസ്റ്റ് 30ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മുമ്പായി ആലി മുസ്‌ല്യാര്‍ ഒരു വെളുത്ത തുണി വീശിക്കൊണ്ട് തിരൂരങ്ങാടിക്കും വേങ്ങരക്കും ഇടയിലുള്ള പുഴവക്കത്തുവന്ന് ബ്രിട്ടിഷ് സൈന്യത്തിന് കീഴടങ്ങി നേരിട്ട് ഹാജരാകാത്ത പക്ഷം തിരൂരങ്ങാടി നഗരം വലിയ തോക്കുകള്‍കൊണ്ട് വെടിവച്ച് പൊളിക്കുന്നതാണ്. ആലി മുസ്‌ല്യാരുടെ കൂടെ പത്തില്‍കൂടുതല്‍ ആളുകള്‍ വരാന്‍ പാടില്ല. ബാക്കിയുള്ളവര്‍ അവരവരുടെ വീട്ടില്‍തന്നെ ഇരിക്കേണ്ടതാണ്. കൈവശമുള്ള ആയുധങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിക്കൊടുക്കുകയും വേണം. ഇതായിരുന്നു പട്ടാളത്തിന്റെ പ്രഖ്യാപനം. ഇംഗ്ലീഷ് പട്ടാളം ആഗസ്റ്റ് 30ന് തിരൂരങ്ങടായില്‍ കേന്ദ്രീകരിച്ചു. അന്നുവൈകുന്നേരം തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ ആലി മുസ്‌ല്യാരും നൂറിലധികം പേരുമുണ്ടായിരുന്നു. ആമു സൂപ്രണ്ട് വന്ന് കീഴടങ്ങാനാവശ്യപ്പെട്ടപ്പോള്‍ കഞ്ഞികുടി കഴിഞ്ഞ് രാവിലെ പുറത്തിറങ്ങി വരാമെന്ന് ആലി മുസ്‌ല്യാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ ഇശാഅ് നമസ്‌കാരം കഴിഞ്ഞ് ഹദ്ദാദ് റാത്തീബ് ചെല്ലുന്ന സമയം പട്ടാളം പള്ളിക്ക് വെടിവച്ചു. പിറ്റേന്ന് രാവിലെ കീഴടങ്ങാന്‍ വീണ്ടും അറിയിപ്പ് വരുകയും പുറത്തിറങ്ങിയ ഒന്നുരണ്ടുപേരെ പട്ടാളം വെടിവച്ചുകൊല്ലുകയും ചെയ്തു. സ്വയ രക്ഷയ്ക്കുവേണ്ടി പൊരുതി മരിക്കാനാണ് ലവക്കുട്ടിയും കുഞ്ഞലവിയും അബ്ദുല്ലക്കുട്ടിയും ആലി മുസ്‌ല്യാരോട് സമ്മതം ചോദിച്ചത്. അവര്‍ക്ക് സമ്മതം നല്‍കുകയും ചെയ്തു. വെടി തുടങ്ങിയപ്പോള്‍ പള്ളി തകരുമോ എന്ന ആശങ്കയുയര്‍ന്നു. ആലി മുസ്‌ല്യാര്‍ വെള്ളക്കൊടി കാണിച്ചതോടെ പട്ടാളം വെടിനിര്‍ത്തി.
ആലി മുസ്‌ല്യാരും മറ്റും തെക്ക് ഭാഗത്തുള്ള പടിപ്പുരയിലൂടെ പുറത്തിറങ്ങി. അദ്ദേഹമടക്കം മുപ്പത്തിയേഴ് പേരെ ഇംഗ്ലീഷ് പട്ടാളം അറസ്റ്റ് ചെയ്തു. പതിനാറ് തോക്കുകളും വെടിമരുന്നും ഏതാനും വാളുകളും പിടികൂടുകയും ചെയ്തു. ആഗസ്റ്റ് മുപ്പതിലെ സംഭവം ഏകപക്ഷീയമായ കീഴടങ്ങലായിരുന്നില്ല. പള്ളിയില്‍നിന്ന് പട്ടാളത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു. പള്ളിയുടെ മുകളില്‍നിന്നും പോരാളികള്‍ പട്ടാളത്തിനിടയിലേക്ക് എടുത്തു ചാടുകയും ശക്തമായി പോരാടുകയും ചെയ്തു. പള്ളിക്കാട് കേന്ദ്രീകരിച്ചും ഒളിപ്പോരാട്ടം നടന്നു. ലവക്കുട്ടിയും കുഞ്ഞലവിയും കാരാടന്‍ മൊയ്തീനും അസാധാരണമായ രണശൂരതയാണ് പ്രകടിപ്പിച്ചത്. പള്ളിക്കകത്തും ധാരാളം ആയുധങ്ങള്‍ ഉണ്ടായിരുന്നു. പള്ളിയുടെയും അനുയായികളുടെയും നാശം ഭയന്നാണ് ആലി മുസ്‌ല്യാര്‍ കീഴടങ്ങാന്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥനയും അതിന് പിന്നിലുണ്ടായിരുന്നു. ലവക്കുട്ടിയും കുഞ്ഞലവിയും പള്ളിക്കാട്ടിലൂടെ ഇംഗ്ലീഷ് പട്ടാളക്കാര്‍ക്ക് കനത്ത നാശമേല്‍പ്പിച്ചുകൊണ്ട് രക്ഷപ്പെട്ടു. കാരാടന്‍ മൊയ്തീന്‍ രക്തസാക്ഷിയാവുകയും ചെയ്തു. ആലി മുസ്‌ല്യാരെയും കീഴടങ്ങിയവരെയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. അവരില്‍ പതിമൂന്ന് പേരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ബാക്കിയുള്ളവരില്‍ ചിലരെ അന്തമാനിലേക്ക് നാട് കടത്താനും മറ്റുള്ളവരെ ജീവപര്യന്തം തടവിലിടാനുമാണ് ശിക്ഷവിധിച്ചത്.
രാജാവിനെതിരേ യുദ്ധം ചെയ്തുവെന്നതും സ്വയം രാജാവായി പ്രഖ്യാപിച്ചു എന്നതും കൊലപാതകങ്ങള്‍ നടത്തി എന്നതുമായിരുന്നു ആലി മുസ്‌ല്യാര്‍ക്കെതിരേ ' കോടതി കുറ്റമായി കണ്ടത്. എന്നാല്‍ കള്ള സാക്ഷികള്‍ക്കുപോലും ഇക്കാര്യം കൃത്യമായി കോടതിയില്‍ പറയാന്‍ കഴിഞ്ഞില്ല. വിധിന്യായത്തിലെ ഒരു പരാമര്‍ശം ഇങ്ങനെയായിരുന്നു. 'ആലി മുസ്‌ല്യാരുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും മനസ്സില്‍ അങ്കുരിച്ചിരുന്ന ഉല്‍ക്കടമായ വികാരം മതഭ്രാന്തിന്റെയോ കാര്‍ഷിക സങ്കടങ്ങളുടെയോ അതുമല്ലെങ്കില്‍ നൈരാശ്യത്തിന്റെയോ ആയിരുന്നില്ല. തെളിവുകള്‍ സ്പഷ്ടമാക്കുന്നത് ഖിലാഫത്തിന്റെയും നിസ്സഹകരണത്തിന്റെയും സ്വാധീനം മാത്രമായിരുന്നു അവരെ ഈ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നാണ്. അനീതിക്കെതിരേ ഒരുപിടി മണ്ണുവാരിയിടാന്‍ സാധിക്കുമെങ്കില്‍ അതെങ്കിലും ചെയ്യണമെന്ന് നിര്‍ദേശിച്ച ആലി മുസ്‌ല്യാര്‍ തന്റെ ജീവിതവും ജീവനും അനീതിക്കെതിരായ സമര വഴിയില്‍ സമര്‍പ്പിച്ചതിലൂടെ വരും കാല സമര പോരാട്ടങ്ങള്‍ക്കെല്ലാം പ്രചോദനമായി നിലകൊള്ളുകയാണ്. ഗാന്ധിജിയെയും മറ്റ് ദേശീയ നേതാക്കളെയും അടിയുറച്ച് പിന്‍പറ്റിയ അദ്ദേഹത്തെ ദേശീയ പ്രസ്ഥാനം സന്ദര്‍ഭത്തിനൊത്ത് സഹായിച്ചില്ലെന്ന് മാത്രമല്ല, സാഹചര്യം മനസ്സിലാക്കാതെ കുറ്റപ്പെടുത്തുകയും കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ലോക ശക്തിയായ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ലോകത്ത് തന്നെ ഒരു സ്വതന്ത്ര ഭരണം കാഴ്ചവച്ച ആദ്യനേതാവെന്ന നിലക്ക് അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തില്‍ അദ്ദേഹത്തിന്റെ നാമം തങ്കലിപിയില്‍തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആലി മുസ്‌ല്യാര്‍ക്ക് ഒരു മകളടക്കം മൂന്ന് മക്കളാണുള്ളത്. മകള്‍ ആമിന. ഒരു മകന്‍ ചെറുപ്രായത്തിലേ മരണപ്പെട്ടു. മൂത്തമകന്‍ എ പി അബ്ദുല്ലക്കുട്ടി മുസ്‌ല്യാര്‍ മതപണ്ഡിതനായിരുന്നു. മതപണ്ഡിതന്‍ തന്നെയായ എ പി മുഹമ്മദ് മൗലവി അദ്ദേഹത്തിന്റെ മകനാണ്. ഒരു സ്വതന്ത്രരാജ്യം യാഥാര്‍ഥ്യമാക്കി മണ്‍മറഞ്ഞുപോയ ശഹീദ് ആലി മുസ്‌ല്യാരുടെ രക്തസാക്ഷി ദിനം സ്വാതന്ത്ര്യ പോരാളികള്‍ക്ക് എന്നും പ്രചോദനമേകുന്നതായിരിക്കും.
RELATED STORIES
രാമനവമി ഘോഷയാത്രാ സംഘര്‍ഷം; ബംഗാളിലെ മോത്തബാരിയില്‍ നിരോധനാജ്ഞ
28 March 2025 4:35 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്‍ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMTഎസ്റ്റേറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...
28 March 2025 3:36 PM GMTമലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍
28 March 2025 3:25 PM GMTക്രിസ്ത്യന്‍ ദേവാലയത്തില്‍ നിന്ന് നല്‍കിയ അപ്പത്തില്‍ ചുവപ്പ് നിറം;...
28 March 2025 3:17 PM GMTനവരാത്രി ആഘോഷത്തിന് മാംസ വില്‍പ്പന കടകള്‍ പൂട്ടണമെന്ന് ബിജെപി എംഎല്‍എ; ...
28 March 2025 3:01 PM GMT