Big stories

എഎപി എംഎല്‍എയുടെ ബന്ധുക്കള്‍ക്കു നേരെ വിജയാഘോഷത്തിനിടെ യുപി പോലിസിന്റെ മര്‍ദ്ദനം

എഎപി എംഎല്‍എയുടെ ബന്ധുക്കള്‍ക്കു നേരെ വിജയാഘോഷത്തിനിടെ യുപി പോലിസിന്റെ മര്‍ദ്ദനം
X

ലഖ്‌നോ: ഡല്‍ഹിയില്‍ ഉജ്ജ്വല വിജയം നേടിയതില്‍ ആഘോഷിക്കുകകയായിരുന്ന എഎപി എംഎല്‍എയുടെ ബന്ധുക്കള്‍ക്കു നേരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ പോലിസിന്റെ ക്രൂരമര്‍ദ്ദനം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐതിഹാസിക സമരം തുടരുന്ന ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലെ എംഎല്‍എയായ അമാനത്തുല്ല ഖാന്റെ ബന്ധുക്കള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ബിജെപിയുടെ ബ്രഹാം സിങിനെ 71,827 വോട്ടുകള്‍ക്കാണ് അമാനത്തുല്ല ഖാന്‍ പരാജയപ്പെടുത്തിയത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ ശാഹീന്‍ ബാഗും ജാമിഅ നഗറും ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തില്‍ നിന്നാണ് അമാനത്തുല്ല ഖാന്‍ ഉജ്ജ്വല വിജയം നേടിയത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഖാന്റെ പിതാമഹന്റെ ഗ്രാമമായ അഗ്‌വാന്‍പൂരിലെ ബന്ധുക്കള്‍ ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് പോലിസുകാരെത്തി എംഎല്‍എയുടെ ബന്ധുക്കളെയും ഗ്രാമീണരെയും ആക്രമിച്ചത്.

ചില പോലിസുകാര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും വലിച്ചിഴച്ചതായും ഒരാളുടെ തലമുടി വലിച്ചതായും തെരുവിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചതായും എംഎല്‍എയുടെ ബന്ധുക്കളെ ആരോപിച്ചു. എന്നാല്‍, ഐപിസി സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ ഉള്ളതിനാലാണ് ആഘോഷങ്ങള്‍ വിലക്കിയതെന്നാണ് പോലിസ് പറയുന്നത്. നിരോധനാജ്ഞ ലംഘിച്ചതിന് 13 പേര്‍ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരേ കേസെടുത്തതായും പോലിസ് പറഞ്ഞു. എഎപി എംഎല്‍എ അമാനത്തുല്ല ഖാന്റെ ബന്ധു നൂറുല്ലയെയാണ് എഫ് ഐആറില്‍ പ്രധാന പ്രശ്‌നക്കാരനായി പോലിസ് പരാമര്‍ശിച്ചിട്ടുള്ളത്. അതേസമയം, പോലിസ് നടപടി വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണെന്നും ഗ്രാമത്തില്‍ തന്റെ വിജയം ബന്ധുക്കള്‍ ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it