Big stories

എംഎസ്പിയുടെ നൂറാം വാര്‍ഷികം: മലബാര്‍ സ്‌പെഷല്‍ പോലിസിന്റെ കൈകളില്‍ ഇപ്പോഴുമുണ്ട് സ്വാതന്ത്ര്യ പോരാളികളുടെ രക്തക്കറ

ബ്രിട്ടീഷ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഏറ്റവുമധികം പോലീസിനെ നിയോഗിച്ചത് മലപ്പുറത്തായിരുന്നു

എംഎസ്പിയുടെ നൂറാം വാര്‍ഷികം: മലബാര്‍ സ്‌പെഷല്‍ പോലിസിന്റെ കൈകളില്‍ ഇപ്പോഴുമുണ്ട് സ്വാതന്ത്ര്യ പോരാളികളുടെ രക്തക്കറ
X

കെ എന്‍ നവാസ് അലി


മലപ്പുറം: രാജ്യത്തെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ചരിത്രത്തില്‍ ഒരു പ്രദേശത്തെ ജനങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രം രൂപം നല്‍കിയ പോലീസ് വിഭാഗത്തിന് നൂറു വയസ്സ്. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സ്വാതന്ത്ര്യ സമര പോരാളികളെ കൊന്നൊടുക്കിയ നരാധമനായ ദക്ഷിണ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ട് റിച്ചാര്‍ഡ് ഹിച്ച്‌കോക്ക് 1921 സെപ്റ്റംബര്‍ 30 ന് ആണ് ഇന്ത്യന്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ മാതൃകയില്‍ പ്രത്യേക പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതിനെ തുടര്‍ന്ന് രൂപംകൊണ്ടതാണ് മലബാര്‍ സ്‌പെഷ്യല്‍ പോലിസ് (എംഎസ്പി).


ബ്രിട്ടീഷ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഏറ്റവുമധികം പോലീസിനെ നിയോഗിച്ചത് മലപ്പുറത്തായിരുന്നു. മലപ്പുറം, കോഴിച്ചെന, പള്ളിപ്പുറം, അരീക്കോട്, പാണ്ടിക്കാട് കുളപ്പറമ്പ്, പെരുമ്പറമ്പ് എന്നിവിടിങ്ങളിലായി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു പോലിസുകാരെയാണ് നിയോഗിച്ചത്. ഇതിനു പുറമെ പാണ്ടിക്കാട് ചന്തപ്പുരയില്‍ പ്രത്യേകമായി ഖൂര്‍ക്കാ റെജിമെന്റ് സേനയെയും താമസിപ്പിച്ചിരുന്നു.


മലബാറിലെ അടങ്ങാത്ത ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് ഇത്രയധികം സേനയെ ചുരുങ്ങിയ പ്രദേശത്തു മാത്രമായി ബ്രിട്ടീഷുകാര്‍ക്ക്് നിയോഗിക്കേണ്ടിവന്നത്. എന്നിട്ടു പോലും കേണല്‍ കനോലി ഉള്‍പ്പടെയുള്ള സൈനിക മേധാവികള്‍ക്ക് പോരാളികളാല്‍ ജീവന്‍ നഷ്ടപ്പെട്ടു. എംഎസ്പിയും ഖുര്‍ക്കാ റെജിമെന്റും ബ്രിട്ടീഷ് പട്ടാളക്കാരും ഒന്നിച്ച് അടിച്ചമര്‍ത്തിയിട്ടു പോലും ബ്രിട്ടീഷ് സൈനിക രേഖകളില്‍ യുദ്ധം എന്നു വിശേഷിപ്പിക്കേണ്ടി വന്ന പൂക്കോട്ടൂര്‍ ഏറ്റുമുട്ടല്‍ നടത്താന്‍ മലപ്പുറത്തെ പോരാളികള്‍ ധൈര്യപ്പെട്ടിരുന്നു.


നിരപരാധികളുടെ രക്തക്കറ പുരണ്ടതാണ് എംഎസ്പിയുടെ ചരിത്രം. എംഎസ്പി നടത്തിയ മനുഷ്യത്വ രഹിതമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറകള്‍ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാവനൂരിനടുത്തുള്ള മാമ്പുഴയില്‍ സത്രീകളും കൂട്ടികളുമുള്‍പ്പടെ നൂറിലേറെ പേരെ വീടിനകത്തിട്ട് മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചതില്‍ ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം എംഎസ്പി സേനയും പങ്കെടുത്തിരുന്നു. ഇവരെ ഒന്നിച്ച് അടക്കിയ കൂട്ടക്കൂഴിമാടം മാമ്പുഴയിലെ വീട്ടുവളപ്പില്‍ ഇപ്പോഴുമുണ്ട്. വേങ്ങര പൂച്ചോലമാട് 84 പേരെ കൊന്നൊടുക്കിയ ഏറ്റുമുട്ടലിലും എംഎസ്പിക്ക് പങ്കുണ്ടായിരുന്നു. പൂച്ചോലമാട്ടിലെ കല്ലുവെട്ടുകുഴിയിലാണ് രക്തസാക്ഷികളെ ഒന്നിച്ച് അടക്കം ചെയ്തത്. ചേറുര്‍, തിരൂങ്ങാടി, ഒതായി, പാണ്ടിക്കാട്, ഓമാനൂര്‍....എംഎസ്പി നടത്തിയ കൊട്ടക്കൊലകളുടെ ചരിത്രം നിരവധിയാണ്.


എംഎസ്പി ബറ്റാലിയന്‍ രൂപീകരിച്ചത് 1921ല്‍ ആയിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ മലബാറിലേക്കു മാത്രമായി ബ്രിട്ടീഷുകാര്‍ പോലിസുകാരെ നിയോഗിച്ചിരുന്നു. ക്രമസമാധാന പാലനത്തിന് അധികാരം നല്‍കിയ അവര്‍ 'കൊല്‍ക്കാരന്‍മാര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താനെ കീഴടക്കി മലബാറിന്റെ അധിനിവേശം പൂര്‍ണമായി ബ്രിട്ടീഷുകാര്‍ കൈയടക്കിയ ശേഷം 1810 ല്‍ ക്യാപ്റ്റന്‍ വാട്‌സ് 500 സായുധ പോലീസുകാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. അന്നത്തെ നിലവിലുള്ള വിഭാഗത്തില്‍ നിന്ന് (കൊല്‍ക്കര്‍, ഡിഫെദാര്‍, ജമദാര്‍ എന്നിവരടങ്ങുന്ന) പോലീസ് ചുമതലകള്‍ അവര്‍ ഏറ്റെടുത്തു .കൂടാതെ 1600 കൊല്‍ക്കാര്‍ക്ക് പരിശീലനം നല്‍കി പോലിസ് സേനയോട് ചേര്‍ക്കുകയും ചെയ്തു.


1816 ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മലബാറില്‍ ഒരു പുതിയ സംവിധാനം അവതരിപ്പിച്ചു. ഇതനുസരിച്ച് ഒരു ഗ്രാമത്തിലെ പോലീസിന്റെ നിയന്ത്രണം ഗ്രാമത്തിലെ അധികാരിക്കും, താലൂക്ക് പോലീസിന്റെ നിയന്ത്രണം തഹസില്‍ദാറിനും, പ്രധാനപ്പെട്ട നഗരങ്ങളിലെ പോലീസ് നിയന്ത്രണം പോലീസ് അമിന്‍സിനും നല്‍കി. അതിനു പുറമെ സൈനിക ഓഫീസര്‍മാര്‍ക്ക് ഇവരെ നിയന്ത്രിക്കാനുള്ള അനുമതി നല്‍കി. ഇതിനായി 31 നേറ്റീവ് ഓഫീസര്‍മാര്‍, 150 ശിപായിമാര്‍, 2 ബഗ്ലര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു പോലീസ് സേനയെ രൂപീകരിച്ചു. 1921 ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് നിലവില്‍ വന്നത് ബ്രിട്ടീഷ് സൈന്യത്തിന്റെ മാതൃകയിലായിരുന്നു. ബ്രിട്ടീഷ് സൈന്യം സ്വാതന്ത്ര്യ സമര പോരാളികളെ ശത്രുക്കളായി കണ്ട അതേ മനോഭാവത്തോടെ തന്നെയായിരുന്നു എംഎസ്പിയുടെയും പ്രവര്‍ത്തനം. എം എസ് പി യുടെ ആദ്യത്തെ കമാന്‍ഡന്റായിരുന്നു ഹിച്ച്‌കോക്ക്. 1932 ല്‍ സേനയുടെ ശക്തി 16 കമ്പനികളായി ഉയര്‍ത്തി.


നരാധമനായ ഹിച്ച്‌കോക്കിന്റെ സ്മാരകം രാജ്യം സ്വതന്ത്രമായതിനു ശേഷവും മലപ്പുറത്ത് രണ്ടിടങ്ങളിലായി നിലനിന്നിരുന്നു. വെള്ളുവമ്പുറത്തും, മലപ്പുറം പോലിസ് സൂപ്രണ്ടിന്റെ ആസ്ഥാനത്തിനു മുന്നിലുമായിരുന്നു ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ ബ്രിട്ടീഷ് പോലിസ് ഓഫിസറുടെ സ്മാരകം ആദരപൂര്‍വ്വം പരിപാലിച്ചിരുന്നത്. വെള്ളുവമ്പുറത്തെ സ്മാരകം ഇ കെ ഇമ്പിച്ചബാവ മന്ത്രിയായ സമയത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്പെടലിനെ തുടര്‍ന്ന് പൊളിച്ചു നീക്കി, പകരം അവിടെ വാഗണ്‍ട്രാജഡി സ്മാരക ബസ് സ്റ്റോപ്പ് പണിതു.മലപ്പുറം പോലിസ് സൂപ്രണ്ട് ആസ്ഥാനത്തിനു മുന്നിലുള്ള സ്മാരകം 40 വര്‍ഷം മുന്‍പ് നവീകരണത്തിനു വേണ്ടി പൊളിച്ചു മാറ്റിയതാണ്. പിന്നീട് എതിര്‍പ്പുകള്‍ ഭയന്ന് അത് പുനര്‍ നിര്‍മ്മിച്ചിട്ടില്ല. അതിന്റെ അവശിഷ്ടങ്ങള്‍ എംഎസ്പി ആശുപത്രിക്കു സമീപമുള്ള വഴിയില്‍ ഇപ്പോഴുമുണ്ട്.





Next Story

RELATED STORIES

Share it