Big stories

സ്വേച്ഛാധിപത്യത്തെ അട്ടിമറിച്ച നായകൻ: ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ പാത

സ്വേച്ഛാധിപത്യത്തെ അട്ടിമറിച്ച നായകൻ: ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ പാത
X

അലക്സാണ്ടർ തുബോൽസേവ്

94 വർഷങ്ങൾക്ക് മുമ്പ്, 1931 ഏപ്രിലിൽ, ബ്ലാക്ക് ഹാൻഡ് പ്രസ്ഥാനത്തിലെ ഫലസ്തീൻ പ്രതിരോധ പോരാളികൾ സയണിസ്റ്റ്, ബ്രിട്ടിഷ് കൊളോണിയൽ സേനകൾക്കെതിരേ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. ഇസ്സുദ്ദീൻ അൽ ഖസ്സാമായിരുന്നുബ്ലാക്ക് ഹാൻഡ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ. പിന്നീട് അദ്ദേഹം ഫലസ്തീൻ ദേശീയ വിമോചന സമരത്തിൻ്റെ പ്രതീകമായി മാറി.

ഈ അസാധാരണ മനുഷ്യനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വവും ജീവിതവും ഒരേസമയം പല വശങ്ങളിൽനിന്ന് നമുക്കു പഠിക്കാൻ കഴിയും.

ഫലസ്തീനിലേക്കു വരുന്നതിനു മുമ്പ് സിറിയയിലെ ഫ്രഞ്ച് കൊളോണിയലിസ്റ്റുകൾക്കെതിരായ വിമോചന സമരത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഫലസ്തീനിൽ എത്തിയ ശേഷം ബ്രിട്ടിഷ് കോളനിവൽക്കരണത്തിനും സയണിസ്റ്റ് വ്യാപനവാദത്തിനുമെതിരേ അദ്ദേഹം കലാപക്കൊടി ഉയർത്തി. സൈനിക യൂണിറ്റുകളുടെ മികവുറ്റ സംഘാടകനും കമാൻഡറുമായിരുന്ന അദ്ദേഹത്തിന്റെ തന്ത്രങ്ങളും സമഗ്രമായ വിശകലനം അർഹിക്കുന്നുണ്ട്.

ചെറുത്തുനിൽപ്പ് പോരാളികളെ പരിശീലിപ്പിക്കുമ്പോൾ, അവരുടെ ധാർമിക നിലവാരത്തിൽ ഇസ്സുദ്ദീൻ അൽ ഖസ്സാം വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. ദൈവവിശ്വാസം, എളിമ, സ്ഥിരോൽസാഹം, അപകടങ്ങളെ അതിജീവിക്കാനുള്ള കഴിവ്, അയൽക്കാരനോടുള്ള ദയ, ആത്മനിയന്ത്രണം എന്നീ തത്ത്വങ്ങൾ അദ്ദേഹം പോരാളികളെ പഠിപ്പിച്ചു.

അധിനിവേശത്തിൽനിന്നും കൊളോണിയലിസ്റ്റുകളിൽനിന്നും മാതൃരാജ്യത്തിന്റെ മോചനത്തിനായി പോരാടാൻ വിശ്വാസവും ദൃഢനിശ്ചയവുമായിരുന്നു പോരാളികളുടെ പ്രധാന ആശ്രയം.

പോരാട്ടത്തിലെ ഈ ധാർമിക ആശയത്തെ കൂടുതൽ വിശദമായി വിശകലനം ചെയ്താൽ, അതിൽ നിരവധി പ്രധാന കാര്യങ്ങൾ ഉള്ളതായി കാണാം. തൻ്റെ പോരാളികളിൽ മികച്ച സ്വഭാവ ഗുണങ്ങൾ വികസിപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. പരസ്പരം സഹായിക്കേണ്ടതിൻ്റെയും നീതിയുക്തമായ പ്രവൃത്തികൾ ചെയ്യേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം യോദ്ധാക്കളെ പഠിപ്പിച്ചു.

11-12 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മഹാനായ ചിന്തകനായ അബു ഹമീദ് അൽ ഗസ്സാലിയുടെ ധാർമിക തത്ത്വചിന്തയുമായി നമുക്ക് ഇതിൽ സമാനതകൾ കാണാൻ കഴിയും.

മനുഷ്യന്റെ ധാർമിക പുരോഗതിയെക്കുറിച്ചും സദ്‌ഗുണം, സൽക്കർമങ്ങൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അൽ ഗസ്സാലി ധാരാളമായി എഴുതിയിട്ടുണ്ട്. സ്വഭാവ ഗുണത്തിൻ്റെ പരിഷ്കാരവും വികസനവും ഒരു മനുഷ്യനെ സന്തോഷത്തിലേക്കും ശരിയായ ജീവിതത്തിലേക്കും നയിക്കുമെന്നാണ് ഗസ്സാലി പറഞ്ഞിരുന്നത്. എൻ്റെ അഭിപ്രായത്തിൽ, അത് പ്രായോഗത്തിൽ കൊണ്ടുവന്നയാളാണ് ഇസ്സുദ്ദീൻ അൽ ഖസ്സാം

ഇനി അൽ ഖസ്സാമിന്റെ ശത്രുക്കളുടെ ആശയങ്ങളും മൂല്യങ്ങളും എത്രത്തോളം വ്യത്യസ്തമാണെന്നു നമുക്കു പരിശോധിക്കാം. അൽ ഖസ്സാം തൻ്റെ പോരാളികളെ സൽഗുണവും മാന്യവും സത്യസന്ധവുമായ ജീവിതരീതി പഠിപ്പിച്ചപ്പോൾ, സയണിസ്റ്റ് യൂണിറ്റുകൾ ക്രൂരതയുടെയും രക്തദാഹത്തിന്റെയും തത്ത്വങ്ങൾ പഠിപ്പിച്ചു.

ഉദാഹരണത്തിന്, 1938ൽ ബ്രിട്ടൻ രൂപീകരിച്ച "സ്പെഷ്യൽ നൈറ്റ് സ്ക്വാഡുകൾ" (സയണിസ്റ്റ് ശിക്ഷണ ഡിറ്റാച്ച്മെന്റുകൾ) കൊളോണിയൽ ഭരണകൂടത്തിന്റെ സംരക്ഷണയിൽ ഫലസ്തീനിലെ തദ്ദേശീയ അറബ് നിവാസികളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു.

സാമൂഹികമായി, ഇസ്സുദ്ദീൻ അൽ ഖസ്സാം ഫലസ്തീനിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചു. ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകളുടെ പിന്തുണയോടെ സയണിസ്റ്റ് കുടിയേറ്റക്കാർ ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുകയും തദ്ദേശീയ അറബ് ജനതയ്‌ക്കെതിരേ പതിവായി ശത്രുതാപരമായ നടപടികൾ, സാമ്പത്തിക അടിച്ചമർത്തലുകൾ ഉൾപ്പെടെ, നടത്തുകയും ചെയ്തു. ഫലസ്തീൻ കർഷകരുടെയും നഗരവാസികളുടെയും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരുന്നു. വടക്കൻ ഫലസ്തീനിലെ പ്രദേശങ്ങളിൽ ഇത്തരം അനീതികൾ കണ്ട അൽ ഖസ്സാം, തന്റെ ജനതയുടെ പേരിൽ പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങി.

എണ്ണത്തിൽ അധികമായിരുന്ന ശത്രുസൈന്യത്തെ വെല്ലുവിളിക്കാൻ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചു. അതിൽനിന്നാണ് ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ തീപ്പൊരി പിറവിയെടുത്തത്.

മഹത്തായ പോരാട്ടത്തിന്റെ പാത അവസാനം വരെ പിന്തുടർന്ന നേതാവായിരുന്നു അൽ ഖസ്സാം. 1935ൽ ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം രക്തസാക്ഷിയായി. പിൻമാറാതെ സിംഹത്തെപോലെ നടത്തിയ ഈ അവസാന പോരാട്ടമാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്.

1935 ലെ ശരത്കാലത്തിന്റെ അവസാനത്തിൽ സയണിസ്റ്റുകൾക്കും ബ്രിട്ടിഷ് അധിനിവേശത്തിനുമെതിരേ ധീരമായി പോരാടിയ പോരാളിയുടെയും നേതാവിന്റെയും മരണത്തിൽ ആയിരക്കണക്കിന് ഫലസ്തീനികൾ ദുഃഖിച്ചു. ഭാവിതലമുറകൾക്ക് അദ്ദേഹം അദമ്യമായ ധൈര്യത്തിന്റെ മാതൃകയായി മാറി.

ഇസ്സുദ്ദീൻ അൽ ഖസ്സാമിൻ്റെ ആശയങ്ങൾ ഇന്നും സജീവമാണ്. ഇതാണ് പ്രതിരോധത്തിന്റെ യഥാർഥ തത്ത്വശാസ്ത്രം. അദ്ദേഹത്തിന്റെ മൂല്യങ്ങളുടെയും പോരാട്ടങ്ങളുടെയും അവകാശികൾ ഇപ്പോൾ സയണിസ്റ്റ് ആക്രമണകാരികളിൽനിന്ന് ഗസ മുനമ്പിനെ സംരക്ഷിക്കുന്നു.

സയണിസ്റ്റ് ഭരണകൂടം ഗസയ്‌ക്കെതിരേ ടൺ കണക്കിന് ബോംബുകൾ, ഗൈഡഡ് മിസൈലുകൾ, പീരങ്കികൾ, ഭാരമേറിയ ടാങ്കുകൾ, വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നു. ആശുപത്രികൾ, വൈദ്യുതി നിലയങ്ങൾ, ഭക്ഷ്യ സംഭരണശാലകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ വിവേചനരഹിതമായി ആക്രമിക്കപ്പെടുന്നു.

ശത്രുക്കളുടെ ആക്രമണത്തെ നേരിടുമ്പോൾ, ഗസ മുനമ്പിലെ പലസ്തീൻ യോദ്ധാക്കൾ അവരുടെ വീടുകളും കുടുംബങ്ങളും ജന്മദേശവും സംരക്ഷിക്കുകയാണ്. ഖാൻ യൂനിസ് മുതൽ ജബാലിയ വരെയും ഗസ മുതൽ ബെയ്ത് ഹനൂൻ വരെയും റഫ മുതൽ ദെയ്ർ അൽ ബലാഹ് വരെയും ഫലസ്തീനികൾ അധിനിവേശക്കാർക്കെതിരേ ധീരമായി പോരാടുകയാണ്.

പാശ്ചാത്യ സാമ്രാജ്യത്വത്തിൻ്റെ പ്രതീകമായ സയണിസ്റ്റ് ഭരണകൂടവും സഖ്യകക്ഷികളും സ്ഥാപിക്കുന്ന സ്വേച്ഛാധിപത്യത്തെ അട്ടിമറിക്കുന്ന ധീരരാണ് അവർ. ഇസ്സുദ്ദീൻ അൽ ഖസ്സാം ആരംഭിച്ച ദേശീയ വിമോചന പ്രക്ഷോഭം അവർ തുടരുകയാണ്. അസ്തിത്വപരമായ പ്രാധാന്യമുള്ള ഒരു പവിത്ര യുദ്ധമാണ് ഇത്.

Next Story

RELATED STORIES

Share it