റയലിന് പിന്നാലെ ബാഴ്‌സയ്ക്കും അടിതെറ്റി; പട്ടികയില്‍ പിന്നോട്ട്


വലന്‍സിയ: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ബാഴ്‌സയും ദുര്‍ബലരാവുന്നുവോ? ഇത്തവണ മെസ്സിയുടെ സൂപ്പര്‍ ഗോള്‍ കണ്ട മല്‍സരത്തില്‍ ലീഗ് പോയിന്റ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള വലന്‍സിയക്കെതിരേ 1-1ന്റെ സമനിലയാണ് ബാഴ്‌സ വഴങ്ങിയത്. ഈ മല്‍സരമുള്‍പ്പെടെ അവസാന നാല് മല്‍രങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. സമനില വഴങ്ങിയതോടെ ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സെല്‍റ്റ വിഗോയെ 2-1ന് പരാജയപ്പെടുത്തിയ സെവിയ്യയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തി.
അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ റയല്‍ നാലാം സ്ഥാനത്താണ്. എട്ട് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ സെവിയ്യയ്ക്ക് 16 പോയിന്റും ബാഴ്‌സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും 15 പോയിന്റും റയല്‍ മാഡ്രിഡിന് 14 പോയിന്റുമാണുള്ളത്.
മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീനന്‍ ഡിഫന്‍ഡര്‍ എസെക്വേല്‍ ഗാരേയുടെ ഗോളിലൂടെ വലന്‍സിയയാണ് മുന്നിലെത്തിയത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നത് ബാഴ്‌സയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും 23ാം മിനിറ്റില്‍ അവരുടെ സമനില ഗോള്‍വന്നു. ലൂയിസ് സുവാരസിന്റെ അസിസ്റ്റില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസിയായിരുന്നു ഗോള്‍വല കുലുക്കിയത്.
മല്‍സരത്തിന്റെ ബാക്കിയുള്ള സമയം വിജയ ഗോളടിക്കാന്‍ ബാഴ്‌സ കിണഞ്ഞു ശ്രമിച്ചെങ്കിലും ആടിയുലയാതെ നിന്ന വലന്‍സിയ പ്രതിരോധം അതിന് തടസമാവുകയായിരുന്നു. ജയത്തോടെ വലന്‍സിയ ഗ്രൂപ്പില്‍ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറി.

RELATED STORIES

Share it
Top