അഞ്ചാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചേക്കില്ല


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ട് പരമ്പര അടിയറവച്ച ഇന്ത്യന്‍ ടീമിന് മറ്റൊരു തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അഞ്ചാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. നേരത്തെ പരിക്ക് മൂലം കായിക്ഷമത വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ അശ്വിന്‍ നാലാം ടെസ്റ്റിലും കളിച്ചേക്കില്ലെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം താരത്തെ ടീമിലെടുക്കുകയായിരുന്നു.
എന്നാല്‍ പൂര്‍ണ ആരോഗ്യവാനാകാതെ നാലാം ടെസ്റ്റിനിറങ്ങിയ അശ്വിന് മല്‍സരത്തില്‍ തിളങ്ങാനായില്ല. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ 35 ഓവറുകളോളം എറിഞ്ഞ താരത്തിന് എതിരാളികളുടെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താന്‍ കഴിഞ്ഞത്. ഇത് കൊണ്ട് തന്നെ അശ്വിനെ അവസാന മല്‍സരത്തില്‍ പുറത്തിരുത്തുമെന്നാണ് സൂചന.
അതേസമയം അശ്വിന്‍ ടീമില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ ഇടം കൈയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കായിരിക്കും അഞ്ചാം ടെസ്റ്റില്‍ കളത്തിലിറങ്ങാനുള്ള അവസരം ലഭിക്കുക. നേരത്തേ കുല്‍ദീപിനെ പുറത്തിരുത്തിയാണ് അശ്വിനെയും ജഡേജയെയും നാലും അഞ്ചും ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.
പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ പരാജയപ്പെട്ട് നിലവില്‍ 1-3ന് പിന്നിലാണെങ്കിലും അവസാന മല്‍സരത്തില്‍ ജയിച്ച് തോല്‍വി ഭാരം കുറയ്ക്കാനാകും ഇന്ത്യയുടെ ശ്രമം. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ ഈ മാസം ഏഴിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം.

RELATED STORIES

Share it
Top