Apps & Gadgets

പുതിയ മോഡലുകളുമായി ഐഫോണ്‍; വില ഒരു ലക്ഷത്തോളം

പുതിയ മോഡലുകളുമായി ഐഫോണ്‍; വില ഒരു ലക്ഷത്തോളം
X


ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡലുകള്‍ പുറത്തിറങ്ങി. ഇന്നലെ നടന്ന ചടങ്ങിലാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് ഐഫോണ്‍ എക്‌സ്എസ്, എഐഫോണ്‍ എക്‌സ്എസ് മാക്‌സ് മോഡലുകള്‍ പുറത്തിറക്കിയത്. ഒപ്പം ആപ്പിള്‍ സിഒഒ ജെഫ് വില്യംസ് പുതിയ സീരീസ് 4 ആപ്പിള്‍ വാച്ചും ലോകത്തിന് സമര്‍പ്പിച്ചു.

ഐഫോണ്‍ എക്എസിന്റെ വില 99,900 രൂപയിലാണ് തുടങ്ങുന്നത്. അതേ സമയം, എക്എസ് മാക്‌സിന് 1,09,900 രൂപയാണ് അടിസ്ഥാന വില. 64 ജിബി, 256ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ശേഷിയില്‍ ഫോണ്‍ ലഭ്യമാവും. ഇന്ത്യയില്‍ ഈ മാസം അവസാനത്തോടെ പുതിയ ഫോണ്‍ എത്തും. ഒറ്റ നോട്ടത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ എക്‌സിന് സമാനമാണ് പുതിയ മോഡലും.

വലുപ്പമുള്ള സ്‌ക്രീന്‍

5.8 ഇഞ്ച്, 6.5 ഇഞ്ച് വലുപ്പത്തിലാണ് പുതിയ മോഡലുകള്‍ വരുന്നത്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌ക്രീന്‍ വലുപ്പമാണിത്. വലിയ സ്‌ക്രീന്‍ ഫോണിന് പ്ലസ് എന്നത് ഒഴിവാക്കി ഐഫോണ്‍ എക്‌സ്എസ് മാക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

458 പിക്‌സല്‍സ് പെര്‍ ഇഞ്ചുള്ള പുതിയ ഒഎല്‍ഇഡി റെറ്റിന ഡിസ്‌പ്ലേ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. പഴയ എ11 ചിപ്പിനേക്കാള്‍ 50 ശതമാനം വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന എ12 ബയോണിക്ക്‌പ്രോസസറുമായാണ് പുതിയ മോഡലിന്റെ വരവ്.മികച്ച കാമറകള്‍

രണ്ട് മോഡലുകളിലും 12 മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉള്ള ഡ്യുവല്‍ കാമറയുണ്ട്. ഒന്ന് വൈഡ് ആംഗിളും മറ്റൊന്ന് ടെലിഫോട്ടോ സെന്‍സറും. വൈഡ് ആഗിള്‍ സെന്‍സറിന് f/1.8 അപര്‍ച്ചറും ടെലിഫോട്ടോ സെന്‍സറിന് f/2.4 അപര്‍ച്ചറും ഉണ്ട്. മുന്‍ഭാഗത്ത് f/2.2 അപര്‍ച്ചര്‍ ഉള്ള 7 മെഗാപിക്‌സല്‍ കാമറയാണുള്ളത്.

സ്റ്റീരിയോ സൗണ്ട് റെക്കോഡിങ്

വീഡിയോകളിലും സ്റ്റീരിയോ സൗണ്ട് റെക്കോഡിങ് സാധ്യമാക്കുന്ന നാല് മൈക്രോഫോണുകള്‍ ഐഫോണ്‍ എക്എസില്‍ ഉണ്ട്. രണ്ട് മോഡലുകളുടെയും ബാറ്ററി ലൈഫും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ എക്‌സ്എസിന്റെ ബാറ്ററി ഐഫോണ്‍ എക്‌സിനേക്കാള്‍ 30 മിനിറ്റും എക്എസ് മാക്‌സിന്റെ ബാറ്ററി എക്‌സിനേക്കാള്‍ 1.5 മണിക്കൂറും കൂടുതല്‍ ലൈഫ് ലഭിക്കും.

ഡ്യുവല്‍ സിം സപ്പോര്‍ട്ട്

രണ്ട് സിം സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് പുതിയ ഐഫോണുകളുടെ മറ്റൊരു സവിശേഷത. എന്നാല്‍, ഇതിലൊന്ന് ഇസിം ആയിരിക്കും. ആപ്പിള്‍ വാച്ചിന് വേണ്ടി ടെലികോം കമ്പനികള്‍ നല്‍കുന്ന ഇലക്ട്രോണിക് കണക്്ഷനാണ് ഇസിം. എന്നാല്‍, ചൈനയില്‍ മാത്രം രണ്ട് സിമ്മുകള്‍ ഇടാവുന്ന സ്ലോട്ടുകള്‍ ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഐഫോണ്‍ എക്‌സ്ആര്‍


മൂന്നാമത്തെ മോഡലായ ഐഫോണ്‍ എക്‌സ്ആര്‍ വര്‍ണഭംഗിയുള്ള അലൂമിനിയം ബോഡിയോട് കൂടിയതാണ്. 6.1 ഇഞ്ച് എഡ്ജ്-ടു-എഡ്ജ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. പ്രോസസര്‍ വേഗതയും കാമറ സംവിധാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 8 പ്ലസിനേക്കാള്‍ ഒന്നര മണിക്കൂര്‍ കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും. മറ്റു മോഡലുകളേക്കാള്‍ താരതമ്യേന വില കുറവാണ് എക്ആറിന്.

ആപ്പിള്‍ വാച്ച് സീരിസ് 4


പുതുതായി പുറത്തിറക്കിയ ആപ്പിള്‍ വാച്ചിന്റെ 4 സീരീസില്‍ മികച്ച ഫിറ്റ്‌നസ് ട്രാക്കിങ് സംവിധാനവും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റു ഫീച്ചറുകളും ഉള്‍പ്പെടുത്തിയതായി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജെഫ് വില്യംസ് പറഞ്ഞു. തൊട്ടുമുമ്പത്തെ മോഡലിനേക്കാള്‍ സ്്ക്രീന്‍ വലുപ്പം 30 ശതമാനം കൂടിയിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള ആധുനിക സംവിധാനമുള്ള വാച്ച് ഉപയോഗിച്ച് ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി) എടുക്കാന്‍ സാധിക്കും. ഇസിജി എടുക്കാന്‍ സാധിക്കുന്ന ആദ്യ വാച്ചാണ് സീരീസ് 4 എന്ന് ആപ്പിള്‍ അവകാശപ്പെട്ടു.

ഫാള്‍ ഡിറ്റക്്ഷന്‍(വീഴ്ച്ച തിരിച്ചറിയാനുള്ള സെന്‍സര്‍) സംവിധാനമാണ് പുതിയ വാച്ചിന്റെ മറ്റൊരു പ്രത്യേകത. വാച്ച് ഉപയോഗിക്കുന്നയാള്‍ അപകടകരമായ രീതിയില്‍ വീഴുകയും ഒരു മിനിറ്റിലേറെ ചലന രഹിതമാവുകയും ചെയ്താല്‍ വാച്ചില്‍ നിന്ന് നേരത്തേ രജിസ്റ്റര്‍ ചെയ്ത അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറിലേക്ക് സന്ദേശമെത്തും. അപകടം നടന്ന ലൊക്കേഷന്‍ സഹിതമായിരിക്കും സന്ദേശം.
Next Story

RELATED STORIES

Share it