നവാമി പമ്പ പദ്ധതി നടപ്പാക്കണം: കൊടിക്കുന്നില്‍ സുരേഷ് എംപി

പമ്പാനദിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുകൊണ്ടിരിക്കുന്നു

Update: 2019-12-06 17:03 GMT

ന്യൂഡല്‍ഹി: പുണ്യനദിയായ പമ്പയാര്‍ മലിനമായിക്കൊണ്ടിരിക്കുന്നത് തടയാന്‍ പമ്പയിലെ ജലം മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ നവാമി ഗംഗൈ മോഡലില്‍ നവാമി പമ്പൈ പദ്ധതി നടപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ പുണ്യ നദിയായ പമ്പാനദിയുടെ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഏതാണ്ട് മൂന്നരക്കോടി അയ്യപ്പഭക്തന്മാര്‍ സ്‌നാനം നടത്തുന്നതോടൊപ്പം തന്നെ പമ്പാനദിയുടെ ഇരുകരയിലും താമസിക്കുന്നവരുടെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും പുണ്യനദിയായ പമ്പാനദിയിലെ വെള്ളം മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് പമ്പാനദിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് പമ്പാ നദിയെ ഗംഗാനദിയെപ്പോലെ തന്നെ പരിപാവനമായാണ് വിശ്വാസികള്‍ കാണുന്നത്. പമ്പാ നദിയെ സംരക്ഷിക്കാന്‍ ജലശക്തി വകുപ്പും പരിസ്ഥിതി മന്ത്രാലയവും ശക്തമായ നടപടി സ്വീകരിക്കണം. പമ്പാനദിയുടെ പുനരുജ്ജീവനത്തിനുള്ള പമ്പാ ആക്്ഷന്‍ പ്ലാന്‍ നേരത്തേ തന്നെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളതാണ്. നവാമി പമ്പൈ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ജല്‍ശക്തി മന്ത്രാലയം തയ്യാറാവണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.


Tags: