ധൂലെയില്‍ അഞ്ച് പേരെ തല്ലിക്കൊല്ലാന്‍ ഇടയാക്കിയത് സിറിയയിലെ വീഡിയോ

Update: 2018-07-06 06:48 GMT

മുംബൈ: മഹാരാഷ്ട്രയിലെ ധുലെയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം നിരപരാധികളായ അഞ്ച് പേരെ തല്ലിക്കൊല്ലാനിടയാക്കിയ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതു പോലുമല്ല. കുട്ടികളുടെ മൃതദേഹങ്ങള്‍ നിരത്തിക്കിടത്തിയിരിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഹിന്ദിയിലുള്ള വിവരണത്തില്‍ പറയുന്നത് അവയവങ്ങള്‍ തട്ടിയെടുക്കാന്‍ ഇറങ്ങിയിട്ടുള്ള പ്രത്യേക സംഘങ്ങള്‍ കൊന്നതാണ് ഈ കുട്ടികളെയെന്നാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ സിറിയയില്‍ വിഷ വാതക ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ദൃശ്യമായിരുന്നു അത്.

2013ലാണ് സിറിയയില്‍ നെര്‍വ് ഗ്യാസ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവര്‍ സിറിയന്‍ കുട്ടികളായിരുന്നു. അന്ന് അതിന്റെ ദൃശ്യങ്ങളും വാര്‍ത്തയും മാധ്യമങ്ങളില്‍ വന്നിരുന്നു. സമാനമായ വീഡിയോ ഉപയോഗിച്ച് പാകിസ്താനില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായുള്ള പ്രചരണവും അന്ന് നടന്നിരുന്നു.

ഈ വ്യാജ വീഡിയോകള്‍ വഴി രാജ്യത്ത് ഇതിനകം 20 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മലേഗാവില്‍ രണ്ടു പേരെ മര്‍ദിക്കുന്ന മറാത്തിയിലുള്ള ദൃശ്യം ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവരെ ജനംപിടികൂടി മര്‍ദ്ദിക്കുന്നതെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള തട്ടിക്കൊണ്ടു പോവല്‍ ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് പോലിസ് ഉറപ്പിച്ചു പറയുന്നു.

വീഡിയോ വ്യപകമായി പ്രചരിച്ചതോടെ കാണുന്നവരെയെല്ലാം ജനം സംശയത്തോടെ നോക്കുകയായിരുന്നു. ഇതിനിടയിലാണ് ഇതര സംസ്ഥാനക്കാരനായ ഒരാള്‍ ആറ് വയസുള്ള പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ടത്. ഉടന്‍ കാകാര്‍ പാഡ ഗ്രാമവാസികള്‍ കല്ലുകളും വടികളുമായി ഇയാളെ വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തില്‍ ഇടപെട്ട മറ്റു നാലുപേരെയും ജനം തല്ലിക്കൊല്ലുകയായിരുന്നു.  സംഭവത്തില്‍ ഇതിനകം 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വീഡിയോ ഉണ്ടാക്കിയത് ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

 
Tags:    

Similar News