മുസ് ലിംലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും 50 ശതമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2019-09-05 19:08 GMT

കോഴിക്കോട്: കശ്മീര്‍, അസം, മുത്ത്വലാഖ് വിഷയങ്ങളില്‍ മുസ് ലിം ലീഗ് എംപിമാര്‍ക്കെതിരേ പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ മുസ് ലിംലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലിലാണ് നേതൃമാറ്റം വേണമെന്ന് പ്രമേയം അവതരിപ്പിച്ചത്. ഇതിനുപുറമെ, പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും 50 ശതമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരേ അംഗങ്ങള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതായും സൂചനയുണ്ട്. രാജ്യത്തിന്റെ സാഹചര്യം മനസ്സിലാക്കി സജീവമായി ഇടപെടുന്നില്ലെന്നും മുന്‍കാലത്ത് 30 വയസ്സ് പോലും തികയാതെ നിയമനിര്‍മ്മാണ സഭകളില്‍ അംഗങ്ങളായവരുടെ കൈകളില്‍ പാര്‍ട്ടി നേതൃത്വം എത്തിയശേഷം യുവാക്കള്‍ക്ക് മതിയായ അവസരം നല്‍കുന്നില്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

    പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നില്ലെങ്കില്‍ വരുംതലമുറയെ അകറ്റും. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സീറ്റ് യുവാക്കള്‍ക്കും വനിതകള്‍ക്കും നീക്കിവയ്ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നേതൃത്വത്തിനെതിരായ വിമര്‍ശനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി അമര്‍ഷം രേഖപ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിനെതിരേ വിമര്‍ശനമുയര്‍ന്നാതിയ റിപോര്‍ട്ടുകളുണ്ടായിരുന്നു. കശ്മീര്‍, അസം, മുത്ത്വലാഖ് വിഷയങ്ങളില്‍ പാര്‍ട്ടിയുടെ എംപിമാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നും അസദുദ്ദീന്‍ ഉവൈസിയെ പോലെ പോലും ഇടപെടാന്‍ പാര്‍ലിമെന്റംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശിച്ചതായാണു റിപോര്‍ട്ടുകള്‍. കെ എം ഷാജി എംഎല്‍എ കുഞ്ഞാലിക്കുട്ടിയുമായി വാക്കുതര്‍ക്കമുണ്ടായതായും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യൂത്ത് ലീഗും നേതൃമാറ്റമെന്ന ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

    'ഭയരഹിത ഇന്ത്യ, എല്ലാവര്‍ക്കുമുള്ള ഇന്ത്യ' എന്ന പ്രമേയത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന കാംപയിന്റെ ഭാഗമായി ഒക് ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട് റാലി നടത്താനും ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ അസമിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും മുസ്‌ലിം ലീഗ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ലീഗ് ഹൗസില്‍ നടന്ന കൗണ്‍സില്‍ യോഗം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹി ആഷിഖ് ചെലവൂര്‍ അവതരിപ്പിച്ച പ്രമേയത്തെ സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ് പിന്തുണച്ചു. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സംസാരിച്ചു.






Tags:    

Similar News