കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള നയസമീപനങ്ങളില്‍ പൊളിച്ചെഴുത്ത് വേണം; മുസ് ലിം ലീഗ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി യൂത്ത് ലീഗ്

വി കെ ഇബ്രാഹീംകുഞ്ഞ്, കാസര്‍കോട് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍, അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജി എന്നിവര്‍ക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ വ്യക്തികളുടെ പ്രശ്‌നമായി കണ്ട് മുന്നോട്ട് പോവണമായിരുന്നുവെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Update: 2021-06-24 05:55 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ മുസ് ലിം ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്ത്. പാര്‍ട്ടിയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള സമുദായത്തിന്റെ സമീപനത്തില്‍ തന്നെ മാറ്റം വന്ന സാഹചര്യത്തില്‍ നയസമീപനങ്ങളില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്നും യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. അധികാരത്തിന്റെ ഗുണഭോക്താക്കളായ മുസ്‌ലീം ലീഗ് നേതാക്കള്‍ക്കെതിരെ പാണക്കാട് തങ്ങന്മാര്‍ വടിയെടുക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചിലര്‍ ആവശ്യപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേയും രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മല്‍സരിച്ചത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി.

    അതേസമയം, പരാജയം വ്യക്തികളില്‍ ഒതുക്കുന്നതില്‍ കാര്യമില്ല. പി കെ കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയില്‍ പ്രശ്‌നങ്ങള്‍ ലഘൂകരിച്ചാല്‍ മറ്റു പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോവും. വി കെ ഇബ്രാഹീംകുഞ്ഞ്, കാസര്‍കോട് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍, അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജി എന്നിവര്‍ക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ വ്യക്തികളുടെ പ്രശ്‌നമായി കണ്ട് മുന്നോട്ട് പോവണമായിരുന്നുവെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമൂഹവും സമുദായവും അടിമുടി മാറിയത് മനസ്സലാക്കാതെയാണ് നേതൃത്വം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ പരിഷ്‌കരണം അത്യാവശ്യമാണ്. നേതാക്കളെ വരച്ചവരയില്‍ നിര്‍ത്തണം. പാര്‍ട്ടി നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമാണ്. അതിനെ ആ ഗൗരവത്തില്‍ തന്നെ കണ്ട് വിലയിരുത്തണം. നിലവിലെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. മാതൃസംഘടനകളുടെ ശോഷണം പോഷക സംഘടനകളെയും ബാധിക്കും. ഗൗരവമായ രാഷ്ട്രീയ യോഗങ്ങളൊന്നും പാര്‍ട്ടിയില്‍ നടക്കുന്നില്ല. നിര്‍ണായക വിഷയങ്ങളില്‍ പലപ്പോഴും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കപ്പെടുന്നില്ല. വ്യക്തികളാണ് പലപ്പോഴും നിലപാട് പറയുന്നത്. ഇത് പാര്‍ട്ടിക്കോ സമുദായത്തിനോ ഭൂഷണമല്ല. 80:20 ആനുപാത വിഷയത്തിലും മുസ്‌ലീം ലീഗിന് കൃത്യമായ നിലപാടെടുക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളെ ഓഡിറ്റിന് വിധേയമാക്കണം. ഏതെങ്കിലും മത സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുത്. യുവാക്കള്‍ക്ക് ഔദാര്യം പോലെ സ്ഥാനം നല്‍കുന്ന രീതി ഒഴിവാക്കിയേ തീരൂ. താനൂരില്‍ പി കെ ഫിറോസിന്റെ ഉള്‍പ്പെടെ പരാജയം അന്വേഷിക്കാന്‍ യൂത്ത് ലീഗ് കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യമുയര്‍ന്നു.

Youth League criticizes Muslim League leadership

Tags: