കടലുണ്ടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വള്ളിക്കുന്ന ആനങ്ങാടി നഗരത്തില്‍ കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ കടലുണ്ടിക്കടവ് പാലത്തിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വള്ളിക്കുന്ന്: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന ആനങ്ങാടി നഗരത്തില്‍ കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ കടലുണ്ടിക്കടവ് പാലത്തിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കൂട്ടുകാരോടൊത്ത് ആനങ്ങാടി നഗരം ബീച്ചില്‍ കുളിക്കാനിറങ്ങിയ മുസമ്മില്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.
തിരച്ചിലിന് നാവിക സേനാ ഹെലിക്കോപ്റ്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് ചാലിയം പരപ്പനങ്ങാടി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍നിന്ന് നാവികസേനാ ഹെലിക്കോപ്റ്റര്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് കൂടുതല്‍ നേരം തിരച്ചില്‍ നടത്താനാവാതെ തിരിച്ചു പോയിരുന്നു.
തുടര്‍ന്നു നാട്ടുകാരും ചാലിയം സ്വദേശികളും വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കടലുണ്ടിക്കടവ് പാലത്തിനു സമീപത്ത് വച്ച് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്നു മുസമ്മില്‍.
