സൗദിയില്‍ മൃതദേഹവുമായി പോയ വാന്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു
ഫ്രൈറ്റ് ലോജിസ്റ്റിക് എന്ന കാര്‍ഗോ കമ്പനിയുടെ ഡ്രൈവറായ മുനൈസ് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
ദമ്മാം: സൗദി അറേബ്യയില്‍ മൃതദേഹവുമായി വരികയായിരുന്ന കാര്‍ഗോ വാന്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. ഹഫറല്‍ ബാത്വിനില്‍ നിന്ന് ദമ്മാം വിമാനത്താവളത്തിലേക്ക് മൂന്ന് മൃതദേഹങ്ങളുമായി വന്ന കാര്‍ഗോ കമ്പനിയുടെ വാന്‍ മറിഞ്ഞാണ് കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുല്‍ മുനൈസ്(31) മരിച്ചത്. ദമ്മാം റോഡില്‍ ഗറിയത്തുല് ഉലയ്യ(ഗറിയ) സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കാര്‍ഗോ വഴി അയക്കാനുള്ള മൃതദേഹങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുന്നിലെ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. ഫ്രൈറ്റ് ലോജിസ്റ്റിക് എന്ന കാര്‍ഗോ കമ്പനിയുടെ ഡ്രൈവറായ മുനൈസ് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാല് വര്‍ഷമായി യുവാവ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അബ്ദു-സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്രിയ തിരുവമ്പാടി, രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്.