ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ യുവാവിനു ക്രൂരമര്‍ദ്ദനം; നേതൃത്വം നല്‍കിയത് സംഘപരിവാര വനിതാ നേതാവ്(വീഡിയോ)

തിരക്കേറിയ ബാങ്ക് റോഡിലൂടെ വാഹനം ഉള്‍പ്പെടെയുള്ള ഘോഷയാത്ര കടന്നുപോവുന്നതിനിടെ റോഡരികിലെ യുവാവിനെ ആദ്യം ഘോഷയാത്രയിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളാണ് മര്‍ദ്ദിക്കുന്നത്

Update: 2019-09-04 17:02 GMT

Full View

കണ്ണൂര്‍: ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ സംഘപരിവാര വനിതാനേതാവിന്റെ നേതൃത്വത്തില്‍ യുവാവിനു ക്രൂരമര്‍ദ്ദനം. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ ബാങ്ക് റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. സംഘപരിവാര വനിതാ നേതാവ് തയ്യില്‍ സ്വദേശിനി കൃഷ്ണപ്രഭയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗണേശോല്‍സവ ഘോഷയാത്രയ്ക്ക് വന്‍ സുരക്ഷയൊരുക്കിയിരുന്നുവെന്നാണ് പോലിസ് പറയുന്നതെങ്കിലും യുവാവിനെ സ്ത്രീയും യുവാക്കളും ചേര്‍ന്ന് ക്രൂരമായി തല്ലുമ്പോള്‍ ഒരു പോലിസുകാരനെ പോലും കാണുന്നില്ല. തിരക്കേറിയ ബാങ്ക് റോഡിലൂടെ വാഹനം ഉള്‍പ്പെടെയുള്ള ഘോഷയാത്ര കടന്നുപോവുന്നതിനിടെ റോഡരികിലെ യുവാവിനെ ആദ്യം ഘോഷയാത്രയിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളാണ് മര്‍ദ്ദിക്കുന്നത്. ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്ന റോഡരികില്‍ നിന്ന് സംഘപരിവാര പ്രവര്‍ത്തകര്‍ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുമ്പോള്‍ സ്ഥലത്തെത്തിയ കൃഷ്ണപ്രഭ യുവാവിനോട് എന്തോ ചോദിക്കുകയും തുടര്‍ന്ന് മുഖത്ത് തലങ്ങും വിലങ്ങും അടിക്കുകയുമായിരുന്നു.


    തുടര്‍ന്ന് വീണ്ടും യുവാക്കള്‍ ഇദ്ദേഹത്തെ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തയ്യില്‍ മേഖലയിലെ സംഘപരിവാര അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കൃഷ്ണപ്രഭയുടെ വീട്ടുപറമ്പില്‍ നിന്ന് സ്‌ഫോടനമുണ്ടായപ്പോള്‍ പടക്കമെന്നു പറഞ്ഞ് പോലിസ് ഒതുക്കിത്തീര്‍ത്തിരുന്നു. ബ്ലേഡ് മാഫിയ സംഘവുമായി അടുത്ത ബന്ധമുള്ള ഇവരുടെ അനുയായികളെ ഒരു അക്രമക്കേസുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ രാത്രി പോലിസ് സ്‌റ്റേഷനിലെത്തി ബഹളം വയ്ക്കുകയും ചെയ്ത സംഭവവുമുണ്ടായിരുന്നു. നേരത്തേ ഉത്തരേന്ത്യക്കാര്‍ നടത്തിയിരുന്ന ഗണേശോല്‍സവം കുറച്ചുവര്‍ഷമായി സംഘപരിവാരം ഹൈജാക്ക് ചെയ്യുകയായിരുന്നു.


Tags:    

Similar News