ശാഹീന്‍ ബാഗ് സമരം: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥനെതിരേ സുഷമ സ്വരാജിന്റെ ഭര്‍ത്താവ്

ശാഹീന്‍ ബാഗ് ഉപരോധം സമാധാനപരമാണെന്നും പോലിസിനെ കുറ്റപ്പെടുത്തിയും കൊണ്ട് വജാഹത്ത് ഹബീബുല്ല സത്യവാങ്മൂലം സമര്‍പ്പിച്ചതിന്‍െ പശ്ചാത്തലത്തിലാണ് വിമര്‍ശനം

Update: 2020-02-24 04:03 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശാഹീന്‍ ബാഗില്‍ നടക്കുന്ന സമരം സമാധാനപരമാണെന്നും പോലിസ് റോഡ് അടച്ചതാണ് ഗതാഗത തടസ്സത്തിനു കാരണമെന്നും റിപോര്‍ട്ട് നല്‍കിയ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയംഗം വജാഹത്തുല്ല ഹബീബുല്ലയ്‌ക്കെതിരേ ബിജെപി മുന്‍ നേതാവ് സുഷമ സ്വരാജിന്റെ ഭര്‍ത്താവ് രംഗത്ത്. വജാഹത്ത് ഹബീബുല്ല ഈ പ്രശ്‌നത്തിന്റെ 'വജാ'(കാരണം) ആയി മാറിയെന്നും വിടവ് നികത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും പരേതയായ മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവും മിസോറാം മുന്‍ ഗവര്‍ണറും സുപ്രിംകോടതി അഭിഭാഷകനുമായ സ്വരാജ് കൗശല്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുപ്രിംകോടതി മധ്യസ്ഥനെതിരേ വിമര്‍ശനവുമായി സ്വരാജ് കൗശല്‍ രംഗത്തെത്തിയത്.

    ഡല്‍ഹി-നോയിഡ റോഡ് ഗതാഗതം സുഗമമാക്കാനും പ്രതിഷേധക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്താനുമാണ് നിങ്ങളോട് ആവശ്യപ്പെട്ടത്. പക്ഷേ, ഉപരോധത്തെ ന്യായീകരിച്ച് മടങ്ങുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശാഹീന്‍ ബാഗ് ഉപരോധം സമാധാനപരമാണെന്നും പോലിസിനെ കുറ്റപ്പെടുത്തിയും കൊണ്ട് വജാഹത്ത് ഹബീബുല്ല സത്യവാങ്മൂലം സമര്‍പ്പിച്ചതിന്‍െ പശ്ചാത്തലത്തിലാണ് വിമര്‍ശനം. സമരം നടക്കുന്നതിനു തൊട്ടടുത്തുള്ള ചില റോഡുകളുടെ ബാരിക്കേഡുകള്‍ നീക്കംചെയ്താല്‍ സ്ഥിതിഗതികള്‍ ഉടന്‍ പരിഹരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധം സമാധാനപരമാണെന്നും ശാഹീന്‍ ബാഗിന് ചുറ്റും അഞ്ച് പോയിന്റുകള്‍ പോലിസ് തടഞ്ഞതായും മുന്‍ മുഖ്യ വിവര കമ്മീഷണര്‍ കൂടിയായ വജാഹത്ത് ഹബീബുല്ല നിരീക്ഷിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ഗെ, സാധന രാമചന്ദ്രന്‍, വജാഹത്ത് ഹബീബുല്ല എന്നിവരെയാണ് സുപ്രിംകോടതി ശാഹീന്‍ബാദ് സമരക്കാരുമായി സംസാരിക്കാന്‍ നിയോഗിച്ചിരുന്നത്.






Tags:    

Similar News