കൊവിഡ്: അമിത് ഷാ ചികില്‍സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രിയില്‍ പോയതെന്തിനെന്ന് ശശി തരൂര്‍

Update: 2020-08-03 09:26 GMT

ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സയ്ക്കു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ എയിംസില്‍ പോവാതെ സ്വകാര്യ ആശുപത്രിയില്‍ പോയത് എന്തിനാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോവാതെ സ്വകാര്യ ആശുപത്രിയില്‍ പോയത്. രാജ്യത്തെ ശക്തരായ ഭരണവര്‍ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിശ്വാസം വരികയുള്ളൂവെന്നും ശശി തരൂര്‍ ട്വീറ്ററിലൂടെ വ്യക്തമാക്കി.

    ''ശരിയാണ്. നമ്മുടെ ആഭ്യന്തരമന്ത്രി അസുഖം ബാധിച്ചപ്പോള്‍ എയിംസിലേക്ക് പോവാതെ അയല്‍ സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയത് എന്തുകൊണ്ടാണ്. രാജ്യത്തെ ശക്തരായ ഭരണവര്‍ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചെങ്കിലേ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിശ്വാസം വരികയുള്ളൂ'' എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. 1956ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഡല്‍ഹിയില്‍ എയിംസ് സ്ഥാപിച്ചത്.

    കഴിഞ്ഞ ദിവസമാണ് തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അമിത് ഷാ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഹരിയാനയിലെ ഗൂര്‍ഗോണിലുള്ള മേഡാന്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. താനുമായി സമ്പര്‍ക്കത്തിലായിരുന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്നും അമിത് ഷാ നിര്‍ദേശിച്ചിരുന്നു. 

"Wonder Why Home Minister Chose Not To Go To AIIMS": Shashi Tharoor

Tags: