വനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും വിവേചനപരവും-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2023-09-21 11:42 GMT

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ നിന്ന് ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും വിവേചനപരവുമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം. 33 ശതമാനം സംവരണത്തിനുള്ളില്‍ പട്ടികജാതി (എസ് സി), പട്ടികവര്‍ഗ(എസ്ടി), ആംഗ്ലോ-ഇന്ത്യന്‍ എന്നിവര്‍ക്കുള്ള ഉപസംവരണത്തിനുള്ള വ്യവസ്ഥ, ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാടിന് അനുസൃതമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതാണ്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും തുല്യ പ്രാതിനിധ്യം നേടുന്നതില്‍ ഈ സമുദായങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കലാണ്. എന്നിരുന്നാലും, ഈ ഉപസംവരണത്തില്‍ നിന്ന് ഒബിസികളെ ഒഴിവാക്കിയതിന് പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. നീതിയുടെയും ഉള്‍ക്കൊള്ളലിന്റെയും തത്വങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍, സ്ത്രീകള്‍ക്കുള്ള 33 ശതമാനം സംവരണത്തിനുള്ളില്‍ ഉപസംവരണ വ്യവസ്ഥയില്‍ ഒബിസികളെ ഉള്‍പ്പെടുത്തണം.

    സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കാന്‍ ശ്രമിക്കുന്ന വനിതാ സംവരണ ബില്‍, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണെന്ന് സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ വനിതാ വിഭാഗമായ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഉറച്ചു വിശ്വസിക്കുന്നു. തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണ്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും രാഷ്ട്രീയത്തില്‍ അവരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുമ്പോള്‍, ഒബിസി സമൂഹം ഉള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് അതേ അവസരങ്ങള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമീപനം സ്ത്രീകളെ ശാക്തീകരിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. വനിതാ സംവരണ ബില്ലിലെ ഉപസംവരണ വ്യവസ്ഥയില്‍ ഒബിസികള്‍ക്കും തുല്യ പ്രാതിനിധ്യത്തിനും ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ നടപടി ലിംഗസമത്വം വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യമുള്ളതുമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യുമെന്നും യാസ്മിന്‍ ഇസ് ലാം കൂട്ടിച്ചേര്‍ത്തു.

Tags: