ചാരവൃത്തി: രാജസ്ഥാന്‍ സ്വദേശിയെ ഐഎസ്‌ഐ ഹണിട്രാപ്പില്‍ കുടുക്കിയത് സ്ത്രീകളുടെ നഗ്നചിത്രങ്ങളിലൂടെ

തേന്‍ കെണി മുഖേനെയാണ് ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയത്. നഗ്‌നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.

Update: 2021-01-13 10:43 GMT

ജയ്പൂര്‍: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ അറസ്റ്റില്‍. 42കാരനായ രാജസ്ഥാന്‍ സ്വദേശി സത്യനാരായണന്‍ പാലിവാള്‍ ആണ് അറസ്റ്റിലായത്.

തേന്‍ കെണി മുഖേനെയാണ് ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയത്. നഗ്‌നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.

അതിര്‍ത്തിയിലെ നിര്‍ണായക വിവരങ്ങളാണ് ഇയാളില്‍ നിന്ന് പാകിസ്ഥാന്‍ ശേഖരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ പിടിയിലായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താനുമായി ബന്ധപ്പെട്ട സ്ത്രീകള്‍ നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കുകയും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഈ അടുപ്പം കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടിയാണ് വിവരങ്ങള്‍ കൈമാറിയതെന്ന് പാലിവാള്‍ പറഞ്ഞു. പൊഖ്‌റാന്‍ മേഖലയില്‍ സേനയുടെ വിന്യാസവും നീക്കവും സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്നാണ് വിവരം.

കരസേനയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ച് കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ജയ്‌സാല്‍മീറില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ചാരവൃത്തിയടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

നേരത്തേയും സമാന തരത്തില്‍ പാക് ചാരസംഘടന ഇന്ത്യന്‍ സൈനികരില്‍നിന്നുള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ സംഭവങ്ങള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News