ശബരിമലയിലെത്തിയ യുവതികളെ പോലിസ് ബലംപ്രയോഗിച്ച് തിരിച്ചറക്കി

അതേസമയം, വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷയൊരുക്കാമെന്ന് പൊലിസ് അറിയിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു.

Update: 2019-01-16 03:13 GMT

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പൊലിസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെയാണ് കനത്ത സുരക്ഷയില്‍ പോലിസ് തിരിച്ചിറക്കിയത്.



നീലിമലയില്‍നിന്ന് പൊലിസ് വാഹനത്തില്‍ യുവതികളെ നീക്കി. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. പുലര്‍ച്ചെ നാലരയോടെ പമ്പയിലെത്തിയ യുവതികളെ നീലിമലയില്‍ തടഞ്ഞിരുന്നു. ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും മലകയറ്റം ആരംഭിച്ചത്. ദര്‍ശനത്തിനുശേഷം മടങ്ങിയ തീര്‍ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിച്ചു. തുടക്കത്തില്‍ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതലാളുകള്‍ എത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.

തുടര്‍ന്ന് മൂന്നരമണിക്കൂറിനു ശേഷം പോലിസ് യുവതികളെ ബലംപ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച്, പെട്ടെന്ന് തിരിച്ചറിയാനാകാത്ത വേഷവിധാനത്തിലാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയത്. അതിനിടെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. 

അതേസമയം, വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷയൊരുക്കാമെന്ന് പൊലിസ് അറിയിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു. സമാധാനപരമായി വരാമെന്നുള്ളതുകൊണ്ടാണ് മകരവിളക്കു കഴിയാന്‍ കാത്തിരുന്നത്. ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണ്. അവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ദൈവത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെടുന്നു. 

Tags:    

Similar News