ഐജി ശ്രീജിത്തിനെതിരെ നടപടി വേണം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലക്ഷം മെയിലുകള്‍ അയക്കും

കുറ്റപത്രം പൂര്‍ണമായി സമര്‍പ്പിക്കപ്പെടാത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. പ്രതിക്ക് അനുകൂലവും ഇരയുടെ ആത്മാഭിമാനം തകര്‍ക്കുന്നതുമായ പരാമര്‍ശങ്ങളാണ് ഐജി എസ് ശ്രീജിത്ത് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്‌തെന്ന് പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.

Update: 2020-07-22 09:28 GMT

കോഴിക്കോട്: പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പദ്മരാജനെതിരായ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണം തികച്ചും നിയമ വിരുദ്ധമായതിനാല്‍ അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒരു ലക്ഷം കത്തുകള്‍ അയക്കും.

കുറ്റപത്രം പൂര്‍ണമായി സമര്‍പ്പിക്കപ്പെടാത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. പ്രതിക്ക് അനുകൂലവും ഇരയുടെ ആത്മാഭിമാനം തകര്‍ക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്‌തെന്ന് പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.

പ്രതിക്കെതിരെയുള്ള പുനരാന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയുമാണിത്. കുട്ടി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വ്യക്തമായി മൊഴി കൊടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടും ഉണ്ട്.

പോക്‌സോ പ്രകാരമാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും പല തവണ വീട്ടിനകത്തും ഡിവൈഎസ്പി ഓഫീസ് അടക്കമുള്ള പോലിസ് സ്‌റ്റേഷനിലും പുറത്തു മൊക്കെയായി ചോദ്യം ചെയ്തതിലൂടെ ലോക്കല്‍ പോലിസ് കുട്ടിയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു.

അത്തരമൊരു മാനസിക സ്ഥിതിയില്‍ ചെറിയ പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന്

പറഞ്ഞ് അപരിചിതനായ ഒരാള്‍ക്ക് ഫോണ്‍ സന്ദേശത്തിലൂടെ ഐജി കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി അടക്കമുള്ള കേസിന്റെ വിവരങ്ങള്‍ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ ലംഘനമാണ്.

കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി പരസ്യമാക്കിയത് കടുത്ത നിയമ ലംഘനമാണ്. നീതി നിഷേധിക്കപ്പെട്ട പീഡിതയായ പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയും മാനസിക പീഡനം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഇരയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ വിരുദ്ധമായ സംസാരം പ്രതിയുടെ കുറ്റവിമുക്തിക്ക് അനുകൂലമാക്കാനാണ് ഐജി ശ്രമിച്ചത്.

ഭാഗികമായി മാത്രം കുറ്റപത്രം സമര്‍പ്പിച്ച കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ ഇരയുടെ മൊഴികളും കേസിന്റെ നിലയും പരസ്യപ്പെടുത്തി നിയമലംഘനം നടത്തിയ ഐജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ നീതിപ്രതീക്ഷിക്കുന്നില്ല. കുറ്റപത്രത്തില്‍ പോക്‌സോ ഒഴിവാക്കിയത് ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാന്‍ മാത്രമാണ്. ഈ കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണം.

അതോടൊപ്പം ഗുരുതരമായ നിയമ ലംഘനം നടത്തിയ അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കണം. ഈ കേസില്‍ ഉന്നത റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കൃത്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോയി പ്രതിയെയും കൂട്ടുപ്രതികളെയും ശിക്ഷക്ക് വിധേയമാക്കണം. ഈ ആവശ്യങ്ങളുയര്‍ത്തിയാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ഒരു ലക്ഷം മെയിലുകള്‍ അയക്കുന്നതെന്ന് ജബീന ഇര്‍ഷാദ് അറിയിച്ചു. 

Tags:    

Similar News