അനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണം-വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2023-10-03 10:52 GMT

തിരുവനന്തപുരം: യുക്തിവാദി സംസ്ഥാന സമ്മേളനത്തില്‍ സിപിഎം നേതാവ് അനില്‍കുമാര്‍ നടത്തിയ മുസ് ലിം വിരുദ്ധ പ്രസ്താവന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെങ്കില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന് അനില്‍കുമാറിനെതിരേ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാവണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍. മലപ്പുറത്തെ മുസ് ലിം പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിടാത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടമാണെന്നും മുസ് ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണെന്നുമുള്ള അനില്‍കുമാറിന്റെ പ്രസ്താവന അപഹാസ്യമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുന്ന സിപിഎമ്മുകാര്‍ മുസ് ലിം സ്ത്രീകളുടെ മൗലിാവകാശത്തിന്മേല്‍ കടന്നുകയറുന്നതിന്റെ അജണ്ടയെന്താണെന്ന് വിശദീകരിക്കണം. നിരന്തരമായി സംഘപരിവാറും അവരുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ചില നാസ്തികരും നടത്തുന്ന പ്രസ്താവനകള്‍ക്ക് കുടപിടിക്കുന്ന തരത്തില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ദുഷ്ടലാക്കോടെയുള്ളതാണെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. സംഘപരിവാരത്തിന്റെ ലൗജിഹാദ് ആരോപണങ്ങള്‍ക്കു പോലും അവര്‍ എടുത്തുകാട്ടുന്നത് വി എസ് അച്യുതാനന്ദന്റെ വിഷലിപ്തമായ പ്രസ്താവനയാണെന്ന് നാം ഓര്‍ക്കണം. അനില്‍ കുമാര്‍ വിഷലിപ്തമായ പ്രസ്താവന തിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയണം. അല്ലാത്തപക്ഷം സിപിഎം അനില്‍കുമാറിനെതിരേ നടപടിയെക്കാന്‍ തയ്യാറാവണമെന്നും സുനിതാ നിസാര്‍ ആവശ്യപ്പെട്ടു.

Tags: