ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാന്‍ പരസ്പരം വിവാഹം കഴിച്ച് സ്ത്രീകള്‍

മഴ ലഭിക്കാനും ഉത്പാദനക്ഷമതയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് പ്രതീകാത്മകമായി ഈ കല്യാണം നടത്തിയത്. പരമ്പരാഗത നാടന്‍ പാട്ടുകളുടേയും സംഗീതത്തിന്റെയും അകമ്പടിയോടെ ആഘോഷമായാണ് ചടങ്ങുകള്‍ നടന്നത്.

Update: 2022-08-06 10:23 GMT

ബംഗളൂരു: ഹൈന്ദവര്‍ മഴയുടെ ദേവനായി കരുതുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ പരസ്പരം വിവാഹം കഴിച്ച് സ്ത്രീകള്‍. മഴ ലഭിക്കാനും ഉത്പാദനക്ഷമതയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് പ്രതീകാത്മകമായി ഈ കല്യാണം നടത്തിയത്. പരമ്പരാഗത നാടന്‍ പാട്ടുകളുടേയും സംഗീതത്തിന്റെയും അകമ്പടിയോടെ ആഘോഷമായാണ് ചടങ്ങുകള്‍ നടന്നത്.

ഉത്തര കര്‍ണാടകയിലെ ഗോകര്‍ണയിലെ ഹലാക്കി വോക്കാലിഗ വിഭാഗമാണ് 'സ്വര്‍ഗ്ഗം തുറക്കാന്‍' വിവാഹം നടത്തിയത്. നിരവധി പേരാണ് വിവാഹച്ചടങ്ങില്‍ പങ്കാളികളായത്. നാടന്‍ പാട്ടിനൊപ്പം ഡി ജെ മ്യൂസിക്കും യുവാക്കളുടെ നൃത്തവും വിവാഹത്തിന് കൊഴുപ്പേകി.

മഴ കുറയുമ്പോഴാണ് സ്ത്രീകള്‍ തമ്മിലുള്ള വിവാഹം നടത്തുന്നതെന്ന് ഹലാക്കി വിഭാഗത്തിലെ മുതിര്‍ന്ന അംഗം പറഞ്ഞു. ഇത് വര്‍ഷങ്ങളായി നടത്തിവരുന്നതാണെന്നും വധുവിനെ തെരഞ്ഞെടുക്കുന്നതുമുതല്‍ പങ്കാളിയെ നിശ്ചയിക്കുന്നതുവരെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നതെന്നും ഗോകര്‍ണ മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.

സ്ത്രീകള്‍ തമ്മില്‍ ഹാരം കൈമാറുകയും വിവാഹവുമായി ബന്ധപ്പെട്ടുള്ള മറ്റു ചടങ്ങുകള്‍ നടത്തുകയും ചെയ്യും. സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിടുന്നതിന് പകരം പരമ്പരാഗത പാട്ടുകളാണ് ഈ സമയം ആലപിക്കുക. വിവാഹം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മാത്രമാണെന്നും വിവാഹിതരായ സ്ത്രീകള്‍ ചടങ്ങിന് ശേഷം ഒന്നിച്ച് താമസിക്കുകയില്ലെന്നും ഇവര്‍ പറയുന്നു.

Tags:    

Similar News