ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും; വ്യാഴാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല
തല്‍ക്കാലം ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പോലിസിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്.
മുംബൈ/തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ യുവതിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ബിനോയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ബീഹാര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ ആരോപിക്കുന്നത്. അതിനാലാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, തല്‍ക്കാലം ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പോലിസിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്ജി അവധിയായിരുന്നതിനാല്‍ കേസ് മാറ്റുകയായിരുന്നു.
അതേസമയം, ഒരാഴ്ചയായി കേരളത്തില്‍ തങ്ങുന്ന മുംബൈ പോലിസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളിലും കണ്ണൂരിലും തിരുവനന്തപുരത്തും അന്വേഷണ സംഘം എത്തിയെങ്കിലും അന്വേഷണ സംഘം വെറുംകയ്യോടെ തിരിച്ചുപോയി.
ഒളിവില്‍ കഴിയുന്ന ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ ഇനി അന്വേഷണം മുന്നോട്ട് പോവുകയുള്ളു. അതേ സമയം കേസിന്റെ പുരോഗതി അറിയുവാനായി പരാതിക്കാരി മൂന്ന് തവണ ഓഷിവാര പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. എട്ട് വയസുകാരനായ മകന്റെ പിതാവ് ബിനോയ് ആണെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ബിനോയ് കോടിയേരി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ പോലിസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് എന്നാണ് സൂചന.
