പുല്‍വാമ: കടുത്ത നടപടിയുമായി ഇന്ത്യ; പാകിസ്താനുമായി നദീജലം പങ്കുവയ്ക്കില്ല
രവി,സത്ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ചുവിടും.
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്താനെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ.പാക്കിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ലെന്നു കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇതിന്റെ ഭാഗമായി രവി സത്ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ചുവിടും.
പാക്കിസ്താനുമായി ജലം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിഴക്കന്‍ നദികളില്‍ നിന്നു വരുന്ന വെള്ളം ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടും-നിതില്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.
1960ലെ സിന്ധു നദീജല കരാര്‍ പ്രകാരം, പോഷകനദികളായ രവി, സത്ലജ്, ബിയാസ് എന്നിവടങ്ങളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാക്കിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള 93-94 ശതമാനം ജലം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ബാക്കി പാക്കിസ്ഥാനിലേക്ക് ഒഴുകിപോവുകയാണ്.ഇനിമുതല്‍ ഈ ജലം നല്കാതിരിക്കാനാണ് ജലവിഭവ വകുപ്പിന്റെ നടപടി. 2016ലെ ഉറി ആക്രമണത്തിനു ശേഷം ഈ ജലം തടയുന്നതിനു വേണ്ടിയുള്ള അണക്കെട്ട് നിര്‍മാണം ഇന്ത്യ വേഗത്തിലാക്കിയിരുന്നു.