'ലൗ ജിഹാദ്' ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്

ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ എതിര്‍ക്കുമെന്നും അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Update: 2020-11-29 01:44 GMT

ലക്‌നൗ: യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന ബില്ലിനെ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ എതിര്‍ക്കുമെന്നും അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.

നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബില്ലിന് കഴിഞ്ഞ ആഴ്ചയാണ് യുപി മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ശനിയാഴ്ച ഓര്‍ഡിനന്‍സിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കുന്നതാണ് ബില്ല്. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിര്‍മാണത്തിനൊരുങ്ങുകയാണ്.

Tags: