അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കിയില്ല

'ആരോടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കണ്ട സമയമാണോ ഇത്? ഏതെങ്കിലും കുബുദ്ധികളോ വക്രബുദ്ധികളോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറാവരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ'. എന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

Update: 2020-03-28 10:12 GMT

കണ്ണൂര്‍: കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിലുറച്ച് കര്‍ണാടക സര്‍ക്കാര്‍. കുടക് വഴിയുള്ള കേരള അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നല്‍കിയതാണെന്ന് കുടക് എംപി പ്രതാപ് സിന്‍ഹ പറഞ്ഞു. കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതിര്‍ത്തി തുറന്നാല്‍ സമരത്തിലേക്ക് നീങ്ങുമെന്ന് കര്‍ണാടകത്തിലെ ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന. തല്‍ക്കാലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം ബാവലി, മുത്തങ്ങ ചെക്ക് പോസ്റ്റുകള്‍ വഴി മാത്രം മതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. ഇതോടെ അതിര്‍ത്തി പ്രദേശങ്ങളിലും വടക്കന്‍ കേരളത്തിലും പൊതുവേ പച്ചക്കറികള്‍ക്ക് വില കൂടിത്തുടങ്ങി. ഇന്നലെയാണ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരാള്‍പ്പൊക്കത്തില്‍ മണ്ണിട്ട് കുടക് വഴിയുള്ള പാതകള്‍ കര്‍ണാടകം അടച്ചത്. ഇതോടെ രോഗികളടക്കമുള്ളവര്‍ക്ക് കര്‍ണാടകത്തിലെ ആശുപത്രികളിലേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയായി.

മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടകം. അടിയന്തിരമായി ഇപെടണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര എത്തി ചര്‍ച്ച നടത്തുന്നതിനിടെയാണ് നാടകീയമായി ജെസിബി ഉപയോഗിച്ച് മാക്കൂട്ടം ചുരത്തില്‍ കര്‍ണാടകം റോട്ടില്‍ ഒരാള്‍ പൊക്കത്തില്‍ മണ്ണിട്ടത്. അതിര്‍ത്തി കടക്കാന്‍ കര്‍ണാടകം പാസ് നല്‍കിയ പച്ചക്കറി ലോറികള്‍ ചെക്ക് പോസ്റ്റ് കടക്കാന്‍ കുടക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. കേരളത്തിന്റെ ചീഫ് സെക്രട്ടറി കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ചെങ്കിലും അനുനയനീക്കം സാധ്യമായില്ല.

കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ മന്ത്രി ഇ പി ജയരാജന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 'അവരാരോടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കണ്ട സമയമാണോ ഇത്? ഏതെങ്കിലും കുബുദ്ധികളോ വക്രബുദ്ധികളോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറാവരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ'. എന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് രോഗബാധിതര്‍ കൂടുന്നത് കൊണ്ട് വഴി അടച്ചില്ലെകില്‍ കുടകില്‍ രോഗം പകരുമെന്ന വാദമാണ് കര്‍ണാടകം ഉന്നയിക്കുന്നത്. 

Tags: