ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി മദന്‍ കൗശിക്കിന് നറുക്ക് വീഴുമോ?

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ടതിനാല്‍ ആ സ്ഥാനത്തേക്ക് പുതിയ പേര് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിക്കും.

Update: 2022-03-11 01:54 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ബിജെപി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ടതിനാല്‍ ആ സ്ഥാനത്തേക്ക് പുതിയ പേര് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിക്കും. ബിജെപി കേന്ദ്രകമ്മിറ്റിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമാണ് കേവല ഭൂരിപക്ഷവും കടന്ന് ഉത്തരാഖണ്ഡില്‍ ബിജെപി ജയിച്ചു കയറിയത്.കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറഞ്ഞെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മാജിക് നമ്പര്‍ ബിജെപി സ്വന്തമാക്കി.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ടതോടെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്കിന്റെ പേരാണ് ഇതില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനവും പാര്‍ട്ടിയിലെ ആഭ്യന്തര കലഹം പരിഹരിക്കാനായതും മദന്‍ കൗശിക്കിന് തുണയാകാനാണ് സാധ്യത.

അതേസമയം, പുഷ്‌കര്‍ സിങ് ധാമിയുടെ തോല്‍വി ബിജെപി പരിശോധിച്ച് വരികയാണ്. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമാകും തീരുമാനിക്കുക.

അതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുത്ത ഹരീഷ് റാവത്ത് പ്രചാരണത്തിലെ പോരായ്മയാണ് എടുത്തു പറയുന്നത്. കൃത്യമായ ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനത്ത് വോട്ടു ചോര്‍ച്ച ഉണ്ടായതെങ്ങനെയെന്ന് കോണ്‍ഗ്രസ് വിശദമായി പരിശോധിക്കും. വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന ശേഷം നേതൃതലത്തിലെ മാറ്റം ഉള്‍പ്പെടെ ചര്‍ച്ചയാകും.

Tags:    

Similar News