മോദിയുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ എസ്ഡിപിഐയോട് കൈകോര്‍ക്കും: കനിമൊഴി

സാമൂഹിക നീതി ഉറപ്പുവരുത്തുക, ജാതിയാധിപത്യം പരാജയപ്പെടുത്തുക എന്ന തലക്കെട്ടില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ന്യൂഡല്‍ഹിയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Update: 2019-02-07 19:24 GMT

ന്യൂഡല്‍ഹി: സംവരണം സാമൂഹിക നീതി ഉറപ്പുവരുത്താനുള്ളതാണെന്ന് ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ എം കെ കനിമൊഴി. സാമൂഹിക നീതി ഉറപ്പുവരുത്തുക, ജാതിയാധിപത്യം പരാജയപ്പെടുത്തുക എന്ന തലക്കെട്ടില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ന്യൂഡല്‍ഹിയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലിംഗ നീതി, മതം, സംവരണം എന്നിവ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിച്ച് ഭരിക്കുകയാണെന്ന് കനിമൊഴി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും ജുഡീഷ്യറിയേയും വരെ ആക്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ എസ്ഡിപിഐയോട് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പിലാക്കിയതിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ 50 വര്‍ഷം പിന്നോട്ടടിപ്പിച്ചെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിമിഷ നേരം കൊണ്ട് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണത്തിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്നും അദ്ദഹം പറഞ്ഞു. 

Tags: