പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിംകളെയും ഉള്‍പ്പെടുത്തണം; കേന്ദ്രത്തെ പ്രതിസന്ധിയിലാക്കി എന്‍ഡിഎ ഘടകക്ഷി

കൂടാതെ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കളുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളെയും ബല്‍വന്ദീര്‍ വിമര്‍ശിച്ചു. ഒരു ഘട്ടത്തില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ സിഖുകാര്‍ക്കെതിരെയും ഉയര്‍ന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-01-31 07:20 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദള്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ശിരോമണി അകാലിദളിന്റെ പ്രതികരണം.

മതാടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാനാവില്ലെന്നും യോഗത്തില്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിംഗ് ഭണ്ടര്‍ പറഞ്ഞു. ദേശീയതലത്തില്‍ തയ്യാറാക്കിയ നിയമനിര്‍മാണം സ്വീകാര്യമല്ല. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്‌ലിംകളെ ഒഴിവാക്കരുതെന്ന് ബല്‍വീന്ദര്‍ സിംഗ് ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമാമയ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമത്തില്‍ മതങ്ങളുടെ പേര് മാറ്റി മതന്യൂനപക്ഷങ്ങള്‍ എന്നാക്കണമെന്ന് ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ശിരോമണി അകാലിദള്‍ പിന്തുണച്ചിരുന്നു.

കൂടാതെ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കളുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളെയും ബല്‍വന്ദീര്‍ വിമര്‍ശിച്ചു. ചില പദപ്രയോഗങ്ങളോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍ വളരെ നിര്‍ഭാഗ്യകരമാണ്. ഒരു ഘട്ടത്തില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ സിഖുകാര്‍ക്കെതിരെയും ഉയര്‍ന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.




Tags:    

Similar News