സമാധാനം ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം പാകിസ്താനെന്ന് യുഎസ്

ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.

Update: 2019-06-08 13:37 GMT

വാഷിങ്ടണ്‍: ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം പാകിസ്താനാണെന്ന് യുഎസ്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന് ബാധ്യതയുണ്ടെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.

പാകിസ്താനെ കേന്ദ്രമാക്കുന്ന സായുധരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ സംഘങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ആയുധം ശേഖരിക്കാനും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി ആക്രമണങ്ങള്‍ നടത്താനുമുള്ള സാഹചര്യം ഇല്ലാതാവണമെന്നും വൈറ്റ്ഹൗസ് വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം.ഇന്ത്യയും പാകിസ്താനും ഇടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് എല്ലാ പ്രോല്‍സാഹവും നല്‍കുമെന്നും യുഎസ് വക്താവ് പറഞ്ഞു.

Tags: