ഹിന്ദുത്വ ആള്‍ക്കൂട്ട കൊല: പ്രതിരോധിക്കാന്‍ തയ്യാറാവണമെന്ന് മൗലാനാ മദനി

'നിങ്ങള്‍ വിനയത്തോടെ അപേക്ഷിക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. അത് അക്രമികളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുക. പ്രതിരോധിക്കാനുള്ള നിങ്ങളുടെ അവകാശത്തെ കൈവിടരുത്. എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുക'. മൗലാന മഹ്മൂദ് മദനി പറഞ്ഞു.

Update: 2019-07-04 15:53 GMT

ഹൈദരാബാദ്: ഹിന്ദുത്വ ആള്‍ക്കൂട്ട കൊലയാളികളുടെ കൈകളില്‍ അകപ്പെട്ടാല്‍ മരണഭയമില്ലാതെ പ്രതിരോധിക്കാന്‍ തയ്യാറാവണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ദേശീയ ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് മദനി.


'ഹിന്ദുത്വ ആള്‍ക്കൂട്ട കൊലയാളികളുടെ കരങ്ങളില്‍ അകപ്പെടാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. അത്തരം സാഹചര്യങ്ങളില്‍ നിന്ന് നാം ഒഴിഞ്ഞു നില്‍ക്കണം. ജീവന് ഭീഷണിയാകാതെ തന്ത്രപരമായി രക്ഷപ്പെടാന്‍ ശ്രമിക്കണം. എന്നാല്‍, ആള്‍ക്കൂട്ടം ആക്രമണം തുടങ്ങിയാല്‍ പ്രതിരോധിക്കാന്‍ തയ്യാറാവണം' ആള്‍ക്കൂട്ട കൊലകള്‍ നിത്യസംഭവമായ സാഹചര്യത്തില്‍ മൗലാന മദനി മുസ്‌ലിം സമുദായത്തെ ഉപദേശിച്ചു.


ആള്‍ക്കൂട്ട കൊലയാളികളില്‍ നിന്ന് ജീവന്‍ സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്ക് അക്രമികളെ പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മൗലാന അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു. 'നിങ്ങള്‍ അകപ്പെട്ടുപോയെന്ന് ഉറപ്പായാല്‍, പിന്നെ നിങ്ങള്‍ മരണത്തെ ഭയപ്പെടരുത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ കൈക്കൂപ്പി അപേക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അതവരെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അതിന് നിങ്ങള്‍ സര്‍വ്വ ശക്തിയും ഉപയോഗപ്പെടുത്തുക' മൗലാന മഹ്മൂദ് മദനി പറഞ്ഞു.

'മുസ്‌ലിം യുവാക്കളോട് ഒരു കാര്യം ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുന്‍കരുതല്‍ എടുക്കുക. ജാഗ്രത കൈവിടാതിരിക്കുക. നിങ്ങള്‍ ഒറ്റപ്പെട്ട് പിടിക്കപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകാതിരിക്കുക. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അവിടെ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപ്പെടാന്‍ ശ്രമിക്കുക. തര്‍ക്കം മൂര്‍ച്ഛിക്കാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ എല്ലാ മുന്നൊരുക്കങ്ങളും പരാജയപ്പെടുകയും നിങ്ങള്‍ അകപ്പെടുകയും ചെയ്താല്‍ പിന്നെ മരണത്തെ ഭയപ്പെടരുത്. നിങ്ങള്‍ വിനയത്തോടെ അപേക്ഷിക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. അത് അക്രമികളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുക. പ്രതിരോധിക്കാനുള്ള നിങ്ങളുടെ അവകാശത്തെ കൈവിടരുത്. എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുക'. മൗലാന മഹ്മൂദ് മദനി പറഞ്ഞു.




Tags:    

Similar News