ഹരിയാനയിലെ ഗോതമ്പ് കര്‍ഷകര്‍ കടംകയറി ആത്മഹത്യാ വക്കില്‍

Update: 2019-09-18 06:49 GMT

ചണ്ഡീഗഡ്: കടംകയറി ആത്മഹത്യാ വക്കില്‍ എത്തി നില്‍ക്കുന്ന ഹരിയാനയിലെ കര്‍ഷകര്‍ ഗോതമ്പ് കൃഷി വിട്ട് ക്ഷീര കര്‍ഷകരായി. നെല്ലും ഗോതമ്പും കൃഷി ചെയ്താല്‍ കടക്കെണി മാത്രമേ ബാക്കിയുള്ളൂ. മുമ്പില്‍ ആത്മഹത്യ മാത്രമാണ് വഴി. ഇതെല്ലാം കണ്ട് ഭയന്നാണ് ക്ഷീര കര്‍ഷകരായി മാറിയതെന്ന് കര്‍ഷകര്‍ പറയുന്നു.

ധാന്യകൃഷി നഷ്ടത്തിലായി ജീവനൊടുക്കേണ്ടിവന്ന കർഷകരുടെ കുടുംബങ്ങളാണ് പിന്നീട് ക്ഷീര കർഷകരായി മാറുന്നത്. നഷ്ടം വന്ന് ദുരിതത്തിലാവുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഗോതമ്പ് കൃഷി ചെയ്ത് കടംകയറി ആത്മഹത്യ ചെയ്ത ബൽവാൻ സിംഗിന്‍റെ ഭാര്യ നരേശ്വിയ്ക്ക് പറയാനുള്ളത് ദുരിതകഥ തന്നെ. ബൽവാൻ മരിക്കുമ്പോൾ നാലര ലക്ഷം രൂപയായിരുന്നു കടം.

ആറു കുട്ടികളാണ്നരേശ്വിക്ക് ഉള്ളത്. സ്വന്തമായി ആകെയുണ്ടായിരുന്ന വീടും തകര്‍ന്നിരിക്കുന്നു. ബന്ധു വീട്ടിലാണ് നരേശ്വിയും മക്കളും ഇപ്പോൾ അന്തിയുറങ്ങുന്നത്. നെല്ലോ ഗോതമ്പോ കൃഷി ചെയ്യാനുള്ള ധൈര്യം ഇവര്‍ക്ക് ഇല്ലാതായി. നിരവധി കർഷക കുടുംബങ്ങളാണ് ഈ സ്ഥിതിയിൽ ജീവിതം തള്ളി നീക്കുന്നത്.

ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായപ്പോള്‍ നരേശ്വി എരുമകളെ വളര്‍ത്തിത്തുടങ്ങി. ഒരു ലിറ്റർ എരുമപ്പാലിന് 60 രൂപ വരെ കിട്ടും. ദിവസം ശരാശരി ആറോ ഏഴോ ലിറ്റര്‍ പാല് കിട്ടും. ഈ പാല് വിറ്റാല്‍ ചെറിയ വരുമാനം ഉറപ്പാണ്. നെല്ലോ ഗോതമ്പോ ആണേല്‍ കടം കയറുന്ന സ്ഥിതിയും. നെല്ലും ഗോതമ്പും കരിമ്പും ഒക്കെ കൃഷി ചെയ്ത് ജീവിക്കണം എന്ന് തന്നെയാണ് ഇവിടുത്തെ കര്‍ഷകരുടെ ആഗ്രഹം. പക്ഷേ കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിസ്സഹായരാണ്.  

Full View

Tags:    

Similar News