സ്വകാര്യതയില്‍ കൈകടത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരേ നിയമ പോരാട്ടത്തിന് വാട്ട്‌സ്ആപ്പ്

ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളെ ചോദ്യം ചെയ്താണ് വാട്ട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Update: 2021-05-26 08:13 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരേ വാട്ട്‌സ്ആപ്പ് നിയമപോരാട്ടത്തിന്. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളെ ചോദ്യം ചെയ്താണ് വാട്ട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭരണഘടന ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന സ്വകാര്യത അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണ് കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങളെന്ന് ഹരജിയില്‍ വാട്ട്‌സ്ആപ്പ് ചൂണ്ടിക്കാട്ടി. ഇന്നാണ് വാട്ട്‌സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം നടപ്പിലാക്കേണ്ട അവസാന ദിവസം. ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്ന ആവശ്യകതകളെ എതിര്‍ക്കുന്നതില്‍ സ്ഥിരമായി സിവില്‍ സമൂഹത്തിലും ലോകമെമ്പാടുമുള്ള വിദഗ്ധരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും വാട്ട്‌സാപ്പ് വക്താവ് പറഞ്ഞു.

അതിനിടെ, ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിക്കുന്ന നിയമപരമായ കാര്യങ്ങളില്‍ ഭരണകൂടവുമായി ഇടപഴകുന്നത് തുടരുമെന്നും വക്താവ് പറഞ്ഞു. സ്വകാര്യത ഉറപ്പാക്കുന്ന മുന്‍ സുപ്രിം കോടതി വിധിയും വാട്ട്‌സാപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വാട്ട്‌സാപ്പ് വഴി അയയ്ക്കുന്ന സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം ഉള്‍പ്പടെ പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതാണ് പുതിയ നിയമമെന്നും അത് പ്രായോഗികമല്ലെന്നും കമ്പനി പറഞ്ഞു. സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഈ നിയമം പാലിക്കാനാവില്ലെന്ന് വാട്ട്‌സാപ്പ് പറയുന്നത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുവാന്‍ പോകുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

Tags: