പോലിസ് ജീപ്പില്‍ വച്ച് സംഭവിച്ചതെന്തെന്ന് വ്യക്തമാക്കണം; പോലിസിനെതിരേ വിരല്‍ചൂണ്ടി മധുവിന്റെ കുടുംബം

അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസ്സിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്നും അപേക്ഷയില്‍ പറയുന്നു.

Update: 2022-02-04 14:22 GMT

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പോലിസിനെതിരേ വിരല്‍ചൂണ്ടി മധുവിന്റെ കുടുംബം രംഗത്ത്. മുക്കാലിയില്‍ നിന്ന് പോയ സമയത്ത് പോലിസ് ജീപ്പില്‍ വെച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മധുവിനെ ആരോ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞു.

അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസ്സിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്നും അപേക്ഷയില്‍ പറയുന്നു.

പോലിസ് ജീപ്പില്‍വച്ച് മധുവിന് ക്രൂരമായ ആക്രമണം നേരിട്ടുവെന്ന ആരോപണം നേരത്തേ തന്നെ ഇയര്‍ന്നിരുന്നു. എന്നാല്‍, പോലിസിന്റെ ഇടപെടല്‍ മറച്ചുവച്ച് നാട്ടുകാരെ മാത്രം പ്രതിസ്ഥാനത്തുനിര്‍ത്തിയാണ് അന്വേഷണം സംഘം കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കായി നാല് അഭിഭാഷകരുടെ പേരുകള്‍ നല്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകള്‍ കൈമാറിയത്. അഭിഭാഷകരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.

രണ്ടാമത്തെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നാലുപേരില്‍ ഒരാളെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണല്‍ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ ശിപാര്‍ശ.

Tags:    

Similar News