സംഘപരിവാരത്തിന് തിരിച്ചടി; ഹജ്ജ് ഹൗസ് നിര്‍മാണത്തെ പിന്തുണച്ച് ദ്വാരക നിവാസികള്‍

ഫെഡറേഷന്റെ മറവില്‍ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം ഉണര്‍ത്താനാണ് ഒരു ചെറുസംഘം ശ്രമിക്കുന്നതെന്നും ദ്വാരക നിവാസികള്‍ കുറ്റപ്പെടുത്തി. എഡിആര്‍എഫ് ശ്രമങ്ങളെ അപലപിച്ച് നൂറോളം പേരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

Update: 2021-08-13 12:19 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഹജ്ജ് ഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വര്‍ഗീയ മുതലെടുപ്പിനുള്ള സംഘപരിവാര നീക്കത്തിനെതിരേ ദ്വാരക നിവാസികള്‍. ഹിന്ദു സമുദായത്തിന് അത്തരം അവകാശങ്ങളൊന്നുമില്ലാത്തതിനാല്‍ ഹജ്ജ് ഹൗസ് നിര്‍മാണം അനാവശ്യമാണെന്ന് കുറ്റപ്പെടുത്തി ആള്‍ ദ്വാരക റസിഡന്റ്‌സ് ഫെഡറേഷന്റെ (എഡിആര്‍എഫ്) പേരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എഴുതിയ കത്തിനെ ശക്തമായി അപലപിച്ച് ദ്വാരക നിവാസികള്‍. ഫെഡറേഷന്റെ മറവില്‍ ഒരു ചെറുസംഘം ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം ഉണര്‍ത്താനാണ് എഡിആര്‍എഫ് ശ്രമിക്കുന്നതെന്നും ദ്വാരക നിവാസികള്‍ കുറ്റപ്പെടുത്തി. എഡിആര്‍എഫ് ശ്രമങ്ങളെ അപലപിച്ച് നൂറോളം പേരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

ഹജ്ജ് ഹൗസ് നിര്‍മാണത്തെ എതിര്‍ത്ത് ഫെഡറേഷന്‍ നേരത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഒരു കത്ത് നല്‍കിയിരുന്നു. കൂടാതെ, ദ്വാരകയിലെ ഹജ് ഹൗസിനായി ഡല്‍ഹി വികസന അതോറിറ്റി ഭൂമി അനുവദിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ ഹിന്ദു ശക്തി സംഘടനയോടൊപ്പം പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.ഇത് ഞങ്ങളുടെ ഭൂമിയാണ്, അതിന്റെ വിധി ഞങ്ങള്‍ തീരുമാനിക്കും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജന്തര്‍ മന്ദറിലെ ഘോഷയാത്രയില്‍ ഇവര്‍ ഉയര്‍ത്തിയിരുന്നു.

ഹിന്ദുവിന് അത്തരം സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഇത് നികുതിദായകരുടെ പണം പാഴാക്കുന്നതാണെന്നും ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നത് സമൂഹത്തിലെ സമാധാനവും ഐക്യവും സാഹോദര്യവും തകര്‍ക്കുമെന്നും എഡിആര്‍എഫ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി ഹിന്ദു ഉത്സവങ്ങള്‍ക്ക് ധാരാളം പണം ചിലവഴിക്കുന്നുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മറ്റു മത ചടങ്ങുകള്‍ക്കായി സബ്‌സിഡികള്‍ വകയിരുത്തുന്നുവെന്നും എഡിആര്‍എഫ് അവകാശവാദങ്ങളെ എതിര്‍ത്ത് ദ്വാരക നിവാസികള്‍ വ്യക്തമാക്കി.

Tags:    

Similar News