ജലപാത: കൂടുതല്‍ നഗരങ്ങളെ ബന്ധപ്പെടുത്തും

സംസ്ഥാന സര്‍ക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംയുക്തമായി രൂപവല്‍ക്കരിച്ച ക്വില്ലിന്റ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ജലപാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2020 മെയ് മാസത്തോടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും.തൃശൂര്‍ നഗരത്തിലെ വഞ്ചിക്കുളത്ത് നിന്ന് ഏനമാവുവരെയുള്ള 17 കിലോമീറ്റര്‍ ഭാഗം വികസിപ്പിക്കുകയും ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തുകയും ചെയ്യും

Update: 2019-06-29 14:16 GMT

കൊച്ചി :കോവളം-കാസര്‍കോഡ് ജലപാതയുടെ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനം 2020 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വില്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ജലപാതയെ കൂടുതല്‍ നഗരങ്ങളുമായി ബന്ധപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംയുക്തമായി രൂപവല്‍ക്കരിച്ച ക്വില്ലിന്റ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ജലപാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2020 മെയ് മാസത്തോടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും.

കൂടുതല്‍ നഗരങ്ങളെ ജലപാതയുമായി ബന്ധപ്പെടുത്തും. ഇതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലെ വഞ്ചിക്കുളത്ത് നിന്ന് ഏനമാവുവരെയുള്ള 17 കിലോമീറ്റര്‍ ഭാഗം വികസിപ്പിക്കുകയും ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കോഴിക്കോട് കനോലി കനാലും തിരുവനന്തപുരത്ത് പാര്‍വതി പുത്തനാറും പുനരുദ്ധരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നവരുകയാണ്. അഞ്ച് പതിറ്റാണ്ടിന് ശേഷം ആദ്യമായി പാര്‍വതി പുത്തനാറില്‍ ഇക്കഴിഞ്ഞയാഴ്ച ബോട്ട് ഓടിച്ചു. കോട്ടപ്പുറം-ചേറ്റുവ ഭാഗം വൃത്തിയാക്കുകയും ബോട്ട് ഓടിക്കുകയും ചെയ്യ്തു. കനോലി കനാലില്‍ ഗതാഗത സജ്ജമാകുന്ന മുറയ്ക്ക് ഇവിടെയും ബോട്ടിറക്കും. ജലപാതയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ക്വില്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ വി ജെ കുര്യന്‍, ജനറല്‍ മാനേജര്‍ ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ്, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: