ജല അതോറിറ്റിയില്‍ ആഭ്യന്തര മിന്നല്‍ പരിശോധന;'ഓപറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ്'

90 വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകളിലും ഒരേ സമയമാണ് പരിശോധനയ്ക്കു തുടക്കമായത്. രാവിലെ പത്തിനു തുടങ്ങിയ മിന്നല്‍പരിശോധന വൈകീട്ട് അഞ്ചു വരെ നീണ്ടു. വിവിധ ജില്ലകളില്‍നിന്നുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ 90 പരിശോധനാ സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചത്.

Update: 2019-07-18 19:35 GMT

തിരുവനന്തപുരം: റവന്യുക്രമക്കേടുകള്‍ക്കെതിരേ ശക്തമായ നടപടികളുടെ ഭാഗമായി ജല അതോറിറ്റി ഓഫിസുകളില്‍ മിന്നല്‍ പരിശോധന. റവന്യൂ പിരിവ് നടക്കുന്ന 90 സബ് ഡിവിഷന്‍ ഓഫിസുകളിലാണ് 'ഓപ്പറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ്' എന്ന പേരില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഇന്ന് അടിയന്തര പരിശോധനകള്‍ നടന്നത്. റവന്യൂപിരിവുകളില്‍ ചോര്‍ച്ചയുണ്ടാകുന്നതു തടയുകയും റവന്യൂ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയുമാണ് ഓപറേഷന്‍ പഴ്‌സ് സ്ട്രങ്‌സിന്റെ ലക്ഷ്യം.

90 വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകളിലും ഒരേ സമയമാണ് പരിശോധനയ്ക്കു തുടക്കമായത്. രാവിലെ പത്തിനു തുടങ്ങിയ മിന്നല്‍പരിശോധന വൈകീട്ട് അഞ്ചു വരെ നീണ്ടു. വിവിധ ജില്ലകളില്‍നിന്നുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ 90 പരിശോധനാ സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം റവന്യുപിരിവ് നടന്ന മാര്‍ച്ച് മാസത്തെയും ഈ മാസം ഒന്നു മുതല്‍ 17 വരെയുമുള്ള റവന്യൂ പിരിവ് സംബന്ധിച്ച രേഖകളും അനുബന്ധ റജിസ്റ്ററുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. വെള്ളക്കര ഇനത്തിലും മറ്റ് അനുബന്ധ ഉപഭോക്തൃ സേവനങ്ങള്‍ക്കുമായി ലഭിക്കുന്ന തുക യഥാസമയം വാട്ടര്‍ അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒടുക്കുന്നുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായി നടന്നത്. ജില്ലാതലത്തില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരും മേഖലാതലത്തില്‍ ചീഫ് എന്‍ജിനീയര്‍മാരും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചു.

ഈ മിന്നല്‍ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തുന്ന ഓഫിസുകളില്‍ കൂടുതല്‍ വിശദമായ രണ്ടാംഘട്ട പരിശോധന നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. റവന്യൂപിരിവ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കുന്ന പണം യഥാസമയം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടാത്ത പ്രവണത കണ്ടെത്തുന്നതിനും തടയുന്നതിനുമാണ് 'ഓപ്പറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ്' എന്ന പേരില്‍ ഇത്തരമൊരു പരിശോധനയ്ക്കു മുന്‍കൈയെടുത്തത്.

Tags: