വാളയാര്‍ പീഡനക്കേസ് പ്രതിയുടെ മരണം; ഫാക്ടറി സൈറ്റ് മാനേജര്‍ അറസ്റ്റില്‍

Update: 2023-10-26 10:24 GMT

ആലുവ: വാളയാര്‍ പീഡനക്കേസ് പ്രതി പാലക്കാട് പാമ്പന്‍ പള്ളം അട്ടപ്പുള്ള കല്ലന്‍കാട് വീട്ടില്‍ മധു(29)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫാക്ടറി സൈറ്റ് മാനേജര്‍ അറസ്റ്റില്‍. എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ നിയാസിനെയാണ് ബിനാനിപുരം പോലിസ് അറസ്റ്റ് ചെയ്തത്. മധു സ്ഥാപനത്തില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച്

    മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളെ ബുധനാഴ്ച്ച രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. 36 മണിക്കൂറോളം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മധു ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് നിഗമനം. അതിനിടെ, മധുവിന്റേത് കൊലപാതകമാണെന്നും വാളയാര്‍ കേസിനു പിന്നിലുള്ളവരാണ് കൊലയ്ക്കു പിന്നിലെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് ആരോപിച്ചു. മധുവിന്റെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഇല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലെ പ്രാഥമിക വിവരമെന്ന് ബിനാനിപുരം പോലിസ് പറഞ്ഞു. എടയാര്‍ വ്യവസായമേഖലയില്‍ പ്രവര്‍ത്തനം നിലച്ച ബിനാനി സിങ്ക് കമ്പനി വളപ്പിലെ പൂട്ടിക്കിടക്കുന്ന ആരോഗ്യ കേന്ദ്രത്തിനുള്ളില്‍ ബുധനാഴ്ച്ച രാവിലെയാണ് മധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Tags: