സൊഹ്റാബുദ്ദീൻ കേസിലെ നിർണായക സാക്ഷിയെ ഏറ്റുമുട്ടലിൽ കൊന്നതും വിസി സജ്ജനാർ

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി തെലങ്കാന സന്ദർശിച്ചതിന്റെ പിറ്റേ ദിവസമാണ് നയീമുദ്ദീന്റെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടൽ നടന്നത്.

Update: 2019-12-07 07:45 GMT

ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ നിർണായക സാക്ഷിയായിരുന്ന മുഹമ്മദ് നയീമുദ്ദീനെ ഏറ്റുമുട്ടലിൽ കൊന്നതും വിസി സജ്ജനാർ. 2016ലാണ് സ്വയംപ്രഖ്യാപിത നക്സലൈറ്റ് മുഹമ്മദ് നയീമുദ്ദീനെ തെലങ്കാന സർക്കാർ കൊലപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി തെലങ്കാന സന്ദർശിച്ചതിന്റെ പിറ്റേ ദിവസമാണ് നയീമുദ്ദീന്റെ മരണത്തിലേക്ക് നയിച്ച  ഏറ്റുമുട്ടൽ നടന്നത്.

അമിത് ഷായ്ക്കെതിരേ കുറ്റം ചാർത്തപ്പെടുകയും 2010ൽ അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് എത്തിച്ചേരുകയും ചെയ്ത സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ ഒരു നിർണായക സാക്ഷിയായിരുന്നു നയീമുദ്ദീൻ. ഇയാളാണ് 2005ൽ സൊഹ്റാബുദ്ദീനെയും ഭാര്യ കൗസർബിയെയും ഹൈദരാബാദിലേക്ക് എത്തിക്കുകയും ശേഷം ഗുജറാത്ത് പോലിസിന് ഏറ്റുമുട്ടൽ നടത്താൻ അവസരം ഒരുക്കിയതെന്നാണ് ആരോപണം. ഈ കേസിൽ സിബിഐ രണ്ട് ആന്ധ്ര പോലിസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നെങ്കിലും ഒരിക്കൽപ്പോലും നയീമുദ്ദീനിലേക്ക് അവരെത്തിച്ചേരുകയുണ്ടായില്ല.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരോന്ദ്രമോദിയെ പ്രീണിപ്പിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നടത്തിയ നീക്കമായിരുന്നു നയീമുദ്ദീന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം അന്നുമുതലേ ശക്തമാണ്. അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് ആരോപണമുയരുകയുണ്ടായി. ആ ഏറ്റുമുട്ടലിന് തയ്യാറായി ചെന്ന പോലിസുകാരെ നയിച്ച ഉദ്യോഗസ്ഥൻ വിസി സജ്ജനാറാണ്.

2016ൽ നക്സലുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ സംഘത്തിന്റെ തലവനായിരുന്ന വിസി സജ്ജനാർ ഇത്തരം എളുപ്പമാർഗങ്ങൾ നേരത്തെയും ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. കഴി‍ഞ്ഞ വർഷമാണ് സൈബരാബാദ് പോലീസ് കമ്മീഷണറായി സജ്ജനാർ നിയമിതനായത്.

Tags:    

Similar News